എന്താണ് കടൽവെള്ളരി..? എന്തിനാണ് അവ കടത്തുന്നത്..?

sea-cucumber
Sea Cucumber. Photo Credits: JayaKesavan/ istock.com
SHARE

അനധികൃതമായി കടത്തിയ കടൽവെള്ളരി പിടിച്ചു എന്നൊക്കെ കൂട്ടുകാർ പത്രത്തിൽ വായിച്ചിട്ടില്ലേ..? എന്താണ് കടൽവെള്ളരി..? എന്തിനാണ് അവ കടത്തുന്നത്..? ഹൈസ്കൂൾ പാഠഭാ​ഗങ്ങളിൽ  കടൽവെള്ളരിയുടെ കാര്യം പറയുന്നുമുണ്ട്.  കൂടുതൽ വിവരങ്ങൾ അറിയാം

സമുദ്രങ്ങളിൽ കാണുന്ന ഒരിനം ജീവിയാണ് കടൽവെള്ളരി‌(Sea cucumber). ഒരു ഇഞ്ചിൽ താഴെ വലുപ്പം ഉള്ളവ മുതൽ രണ്ട് – മൂന്ന് അടിവരെ വലുപ്പം വയ്‌ക്കുന്നവ ഉണ്ട്. മൃദുവായ, വഴങ്ങുന്ന ഉരുണ്ടശരീരം വെള്ളരിക്കയോട് സാമ്യമുള്ളതിനാൽ ആ പേരും കിട്ടി. അറിയപ്പെടുന്നവ തന്നെ 1250 ലേറെ സ്പീഷിസുകൾ ഉണ്ട്. കടലിലെ പരിസ്ഥിതിയുടെയും പവിഴപ്പുറ്റുകളുടെയും ആരോഗ്യകരമായ നിലനിൽപ്പിന് ഇവയുടെ സാന്നിധ്യം വളരെ പ്രാധാന്യമുള്ളതാണ്. സസ്യ-മൃഗാവശിഷ്ടങ്ങൾതിന്നു ദഹിപ്പിച്ച് റീസൈക്കിൾ ചെയ്യാൻ ഇവ വലിയ പങ്കുവഹിക്കുന്നു.

∙കടൽവെള്ളരി സംരക്ഷണം

കടൽവെള്ളരിക്കകളെ പലയിടത്തും ഭക്ഷണമാക്കാറുണ്ട്. നിയമപരമായും അല്ലാതെയും ഇവയെ ശേഖരിക്കുന്നു. വിൽക്കാനായി ഉണക്കി സൂക്ഷിക്കാറാണു പതിവ്. അമിതമായ ശേഖരണം കാരണം ഇവയുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാവുകയും വില കുതിച്ചുയരുകയും ചെയ്യുന്നുണ്ട്. 2016-ൽ ചൈനയിലെ കരിഞ്ചന്തയിൽ ഒരു കിലോയ്ക്ക് 600 ഡോളർ വരെയൊക്കെ കടൽവെള്ളരിക്കകൾക്ക് വിലയുണ്ടായിരുന്നു.

ഇപ്പോൾ പലരാജ്യങ്ങളിലും കടൽവെള്ളരി വ്യാപകമായി വളർത്താറുണ്ട്. 1980 കളിൽ ജപ്പാനിലും ചൈനയിലും ആണ് വിജയകരമായി ഇവയെ കൃഷി ചെയ്‌ത് തുടങ്ങിയത്, ഇതേ രീതി ഉപയോഗിച്ച് ഇന്ത്യയിലും 1988 ൽ ഇവയെ വളർത്തി. 2020 -ൽ ഇന്ത്യാ ഗവണ്‍മെന്റ് വാണിജ്യാവശ്യത്തിനു കടൽവെള്ളരി ശേഖരിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിച്ചു. ഇവയുടെ സംരക്ഷണത്തിനായി ലോകത്ത് ആദ്യമായി കടൽവെള്ളരി സംരക്ഷണ റിസർവും ഇന്ത്യയുണ്ടാക്കി. ലക്ഷദ്വീപിലെ ചെറിയപാണിയിൽ ആണ് ഡോ. കെ. കെ. മുഹമ്മദ് കോയ കടൽവെള്ളരി സംരക്ഷണ റിസർവ്. ഇതോടൊപ്പമുള്ള മറ്റു രണ്ടു റിസർവുകളും കൂടിച്ചേർന്ന് 685 ചതുരശ്രകിലോമീറ്റർ സ്ഥലം സംരക്ഷിതമാണ്. ഇവയുടെ ശേഖരണവും വിപണനവും സംബന്ധിച്ച കുറ്റങ്ങൾ തടയാൻ ഒരു ദൗത്യസംഘവും രൂപീകരിച്ചിട്ടുണ്ട്.

∙ കള്ളക്കടത്തിലും മുന്നിൽത്തന്നെ

കടൽവെള്ളരി ശേഖരിക്കുന്നതും വിപണനം ചെയ്യുന്നതും ഇന്ത്യ നിരോധിച്ചെങ്കിലും വലിയ വിലകിട്ടുന്ന ഇവയ്ക്കു ചൈന ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ വലിയതോതിൽ ആവശ്യക്കാരുണ്ട്. അവിടെ പലവിധ ഭക്ഷണങ്ങളിലും നാട്ടുമരുന്നുകളിലും ഇവയെ ഉപയോഗിക്കുന്നു. 1980 കൾക്കു ശേഷം ചൈനയിലെ മധ്യവർഗത്തിന്റെ വരുമാനത്തിൽ ഉണ്ടായ കുതിച്ചുചാട്ടം കടൽവെള്ളരിയുടെ ആവശ്യവും വിലയും പതിന്മടങ്ങാക്കി. ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും ശ്രീലങ്കയിൽ നിരോധനം ഇല്ലാത്തതിനാൽ ഇവയുടെ കള്ളക്കടത്ത് വലിയതോതിൽ പെരുകി. കടൽവെള്ളരി കയറ്റുമതി ചെയ്യുന്നരാജ്യങ്ങളുടെ എണ്ണം 1996-2011 കാലത്ത് 35ൽ നിന്ന് 83 ആയി ഉയർന്നു. എന്നാൽ അമിതമായ ശേഖരണം കാരണം ലഭിക്കുന്ന കടൽവെള്ളരിയുടെ അളവു കുത്തനെ ഇടിഞ്ഞു. നേരത്തെ തീരത്തോടടുത്തുതന്നെ ലഭിച്ചിരുന്ന ഇവയെക്കിട്ടാൻ ആഴക്കടലിലേക്കു മുങ്ങേണ്ടിവന്നു. ഈ സമയത്താണ് ഇന്ത്യയിൽ നിരോധനം വന്നത്. നിരോധനത്തെത്തുടർന്ന് ഇന്ത്യൻസമുദ്രത്തിൽ ഇവയുടെ എണ്ണം കൂടിയപ്പോൾ ശ്രീലങ്കയിലെ കടലിൽ ഇവ തീർന്നുവെന്നുതന്നെ പറയാം.

കൃഷി ചെയ്യുന്നതു വിജയം കണ്ടെങ്കിലും അതിൽ ഒട്ടേറെ പ്രശ്നങ്ങൾ ബാക്കിയുണ്ട്. ദീർഘമായ ആയുസ്സുള്ള ഇവയുടെ വളർച്ച വളരെ പതുക്കെയാണ്. ജലത്തിന്റെ ഗുണം ഇവയുടെ നിലനിൽപ്പിന് വളരെ പ്രധാനമാണ്.  പ്രായപൂർത്തിയാകാൻ വളരെക്കാലം വേണ്ടിവരുന്ന ഇവയെ വളർത്തിയെടുക്കുന്നത് ബുദ്ധിമുട്ടേറിയതും വലിയ ചെലവുവരുന്നതുമായ കാര്യമാണ്.

പല സ്പീഷിസുകളുടെയും പ്രജനനരീതിയെക്കുറിച്ചും വളർച്ചയെപ്പറ്റിയുമൊന്നും ഇപ്പോഴും  വലിയ അറിവൊന്നുമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ കിട്ടാനില്ലാത്തതാണ് മറ്റൊരു തടസ്സം.

Content Summary : Sea Cucumber

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS