ADVERTISEMENT

ഓസ്കർ പുരസ്കാരങ്ങൾ കഴിഞ്ഞാൽ ലോകസിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഗോൾഡൻ ഗ്ലോബ്. യുഎസിലെ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന ഉന്നത പുരസ്കാരമാണിത്. രാജ്യാന്തര സിനിമാ–ടെലിവിഷൻ പ്രതിഭകളെ ആദരിക്കാൻ 1943ലാണ് ഈ ഉന്നത പുരസ്കാരം ഏർപ്പെടുത്തിയത്. ഓരോ വർഷത്തെയും പുരസ്കാരങ്ങൾ തൊട്ടടുത്ത ജനുവരിയിൽ തന്നെ വിതരണം ചെയ്യും. ടെലിവിഷൻ രംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ 1956ൽ നടന്ന 13–ാമത് പുരസ്കാരവേദിയിലാണ് ആദ്യമായി സമ്മാനിച്ചു തുടങ്ങിയത്. മ്യൂസിക്കൽ/കോമഡി, ഡ്രാമ, വിദേശഭാഷ, അനിമേഷൻ എന്നീ വിഭാഗങ്ങളിലെല്ലാം മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം നൽകുന്നുണ്ട്. മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി എന്നിവയടക്കം സിനിമാ വിഭാഗത്തിൽ ആകെ 15 പുരസ്കാരങ്ങളും ടെലിവിഷൻ രംഗത്ത് 12 പുരസ്കാരങ്ങളും സമ്മാനിക്കപ്പെടുന്നുണ്ട്. 80–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. 

 

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ എ.ആർ.റഹ്‌മാനാണ് (സ്ലംഡോഗ് മില്യനയർ – 2009). 2008ലെ മികച്ച സംഗീതം വിഭാത്തിലാണ് (Best Original Score)  റഹ്മാൻ 2009ൽ ആദരിക്കപ്പെട്ടത്. ‘സ്ലംഡോഗ് മില്യനയർ’ ഇന്ത്യൻ പശ്‌ചാത്തലത്തിലുള്ള സിനിമയാണെങ്കിലും ബ്രിട്ടിഷ്  സിനിമയായിരുന്നു അത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനൽ സോങ് (Best Original Song) വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ സിനിമ എന്ന ബഹുമതിയും സ്വന്തമാക്കി. ഈ ഗാനത്തിന് സംഗീതസംവിധാനം ഒരുക്കിയ എം. എം. കീരവാണി (മരഗതമണി) ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ചന്ദ്രബോസാണ് ഗാനരചയിതാവ്. ടെലിവിഷൻ പരമ്പരയിലെ മികച്ച നടനുള്ള 2017ലെ പുരസ്കാരം ഇന്ത്യൻ വംശജനായ അസീസ് അൻസാരിക്ക്   ലഭിച്ചിട്ടുണ്ട്.

 

Content Summary : Golden globe awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com