ADVERTISEMENT

സന്തോഷ് ട്രോഫിയുടെയും രഞ്ജി ട്രോഫിയുടെയും അവസാനഘട്ടത്തിലേക്ക് കടക്കുകയാണല്ലോ. ഇന്ത്യയുടെ ദേശീയ ഫുട്ബോൾ, ക്രിക്കറ്റ് ചാംപ്യൻഷിപ്പുകളാണ് ഈ ടൂർണമെന്റുകൾ. 

 

ചരിത്രം 

1934 ജൂലൈയിൽ നടന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) യോഗത്തിലാണ് ഇന്ത്യയ്‌ക്ക് ഒരു ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പ് എന്ന  ആശയം പിറന്നത്. ‘ദ് ക്രിക്കറ്റ് ചാംപ്യൻഷിപ് ഓഫ് ഇന്ത്യ’ എന്ന പേരാണ് ടൂർണമെന്റിന് നിർദേശിക്കപ്പെട്ടത്. പട്യാലയിലെ മഹാരാജാവായ ഭൂപീന്ദർ സിങ് സമ്മാനിച്ച ട്രോഫിയാണ് ജേതാക്കൾക്ക് നൽകുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്ന വിശേഷണം സ്വന്തമാക്കിയ കെ. എസ്. രഞ്‌ജിത്‌സിങ്‌ജി എന്ന കുമാർ ശ്രീ രഞ്‌ജിത്‌സിങ്‌ജിയുടെ സ്‌മരണാർഥം ഏർപ്പെടുത്തിയതാണ് വെള്ളിയിൽ തീർത്ത ഈ ട്രോഫി. ടെസ്‌റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ ഇന്ത്യക്കാരൻ, സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികൾ രഞ്‌ജിത്‌സിങ്‌ജിക്ക് അവകാശപ്പെട്ടതാണ്. ഇംഗ്ലണ്ടിനുവേണ്ടിയാണ് അദ്ദേഹം ടെസ്‌റ്റ് കളിച്ചത്. കോവിഡിനെ തുടർന്ന് 2020–21 ഒഴികെ ടൂർണമെന്റ് ഒരിക്കൽപ്പോലും മുടങ്ങിയിട്ടില്ല. കളിയിലെ മികവുകൊണ്ടും സംഘാടക ശക്‌തികൊണ്ടും ഇംഗ്ലിഷുകാരുടെ കൗണ്ടി ചാംപ്യൻഷിപ്, ഓസ്‌ട്രേലിയയുടെ ഷെഫീൽഡ് ഷീൽഡ് എന്നിവയ്‌ക്കൊപ്പമാണ് ഇന്ന് രഞ്‌ജിയുടെ സ്‌ഥാനം.  

 

വ്യക്‌തിഗത റെക്കോർഡുകൾ

∙ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ബഹുമതി വസീം ജാഫറിന്റെ  (മുംബൈ, വിദർഭ) പേരിലാണ്: 12, 038 റൺസ്

∙ ഏറ്റവും അധികം വിക്കറ്റ് നേടിയതിനുള്ള ബഹുമതി രജീന്ദർ ഗോയലിന്റെ (1958–85, ഹരിയാന) പേരിലാണ്: 640 വിക്കറ്റുകൾ. 

∙ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയത് വസീം ജാഫർ (40). 

∙ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ: മഹാരാഷ്‌ട്രയുടെ ബി. ബി. നിംബൽക്കർ (പുറത്താവാതെ 443, 1948–49). 

∙ മികച്ച ബോളിങ് പ്രകടനം പ്രേമാൻസു ചാറ്റർജിയുടെ പേരിലാണ്. 

 

∙ കേരളത്തിന്റെ നേട്ടം

രഞ്ജി ട്രോഫിയിൽ കാര്യമായ നേട്ടമൊന്നും കേരളത്തിന് അവകാശപ്പെടാനില്ല. 2018–19ൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരളത്തെ വിദർഭ തോൽപിച്ചു. 

 

ഇന്ത്യൻ ഫുട്ബോളിന്റെ ലോകകപ്പ്. ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ചാംപ്യൻഷിപ്പാണ് സന്തോഷ് ട്രോഫി. 

∙ ദേശീയ ചാംപ്യൻഷിപ്പായതിനാൽ ടൂർണമെന്റിന് ‘നാഷനൽസ്’ എന്ന ഓമനപ്പേരുകൂടിയുണ്ട്.  

∙ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) നിയന്ത്രിക്കുന്നത്.

∙ എല്ലാ വർഷവും ടൂർണമെന്റ് നടക്കും

 

സന്തോഷ് ട്രോഫി ചരിത്രം

ഇന്ത്യൻ ഫുട്‌ബോളിൽ മേഖലാടിസ്ഥാനത്തിൽ ഒരു ടൂർണമെന്റ് എന്ന ആശയം ആദ്യമായി മുൻപോട്ടു വച്ചത് 1930കളുടെ അവസാനം ധാക്കാ സ്‌പോർടിങ് അസോസിയേഷനാണ്.  പ്രഥമ ചാംപ്യൻഷിപ്പിന് ആതിഥ്യമരുളാൻ അന്നത്തെ ബംഗാൾ ഫുട്‌ബോളിന്റെ മാതൃസംഘടനയായ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (ഐഎഫ്എ) സന്നദ്ധമായി. ഐഎഫ്എയുടെ മുൻ പ്രസിഡന്റും ബംഗാൾ മന്ത്രിസഭയിൽ അംഗവും സന്തോഷിലെ (ഇപ്പോൾ ബംഗ്ലദേശിലെ ധാക്കയിൽ) മഹാരാജാവുമായിരുന്ന സർ മൻമഥനാഥ് റോയ് ചൗധരിയുടെ സ്‌മരണയ്ക്കായി 1500 രൂപയുടെ കപ്പ് ഐഎഫ്എ തന്നെ സംഭാവന നൽകുകയായിരുന്നു. 

 

കണക്കുകളിലൂടെ

ഇതുവരെ 75 ടൂർണമെന്റുകൾ നടന്നിട്ടുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കൂടാതെ റെയിൽവേസ്, സർവീസസ് എന്നീ ടീമുകളും നാഷനൽസിൽ  മത്സരിക്കുന്നുണ്ട്. ആദ്യ ജേതാക്കൾ ബംഗാളാണ്. 32 തവണ ജേതാക്കളായ ബംഗാളാണ് ഒന്നാം സ്ഥാനത്ത് (1983ൽ ഗോവയ്‌ക്കൊപ്പം കപ്പ് പങ്കിട്ടു.) എട്ടു തവണ ജേതാക്കളായ പഞ്ചാബാണ് തൊട്ടുപിന്നിൽ.  

പഞ്ചാബിന്റെ ഇന്ദർ സിങ്ങാണ് സന്തോഷ് ട്രോഫിയിലെ ഗോൾ വേട്ടയിൽ മുന്നിൽ. (45 ഗോളുകൾ). ഒരൊറ്റ ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയതിനുള്ള ബഹുമതിയും അദ്ദേഹത്തിനാണ്: 23 ഗോളുകൾ (1974). ഒരൊറ്റ മത്സരത്തിൽ കൂടുതൽ ഗോളുകൾ എന്ന  റെക്കോർഡ് അദ്ദേഹം ബംഗാളിന്റെ പാഗ്‍സ്ലെയ്ക്കൊപ്പം പങ്കിടുന്നു (ഇരുവരും 7 ഗോൾ വീതം).

കേരളം 7തവണ സന്തോഷ് ട്രോഫി നേടി.  ആദ്യ കിരീടം 1973ൽ കൊച്ചിയിൽ നേടി. പിന്നീട് 1992 (കോയമ്പത്തൂർ), 1993 (കൊച്ചി), 2001 (മുംബൈ), 2004 (ഡൽഹി), 2018 (കൊൽക്കത്ത), 2022 (മലപ്പുറം) വർഷങ്ങളിലും കേരളം ജേതാക്കളായി. 

 

Content Summary: Santosh trophy and Ranji trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com