ആവാസ വ്യവസ്ഥയിൽ ജീവജാലങ്ങളുടെ നിലനിൽപ് സംബന്ധിച്ച് വിവിധ ക്ലാസുകളിൽ പഠിക്കുന്നുണ്ടല്ലോ. ഇരപിടിത്തവും പരാദജീവനവും കമെൻസാലിസവുമൊക്കെ
കണ്ടുകഴിഞ്ഞു. മരുഭൂമിയിൽ ബ്ലിസ്റ്റർ ബീറ്റിലുകൾ
എങ്ങനെയാണ് വളരുന്നതെന്ന് അറിയണ്ടേ?
അതിജീവനത്തിനായി പരസ്പരം സഹകരിക്കുന്ന ഒട്ടേറെ ജന്തുജാലങ്ങളെക്കുറിച്ച് കൂട്ടുകാർക്ക് അറിയാമല്ലോ. എന്നാൽ വളർച്ചയ്ക്കു വേണ്ടി മറ്റുള്ള ജീവികളെ ചതിക്കുന്ന ചില ജീവി വിഭാഗങ്ങളുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ മൊഹാവി മരുഭൂമികളിൽ കാണപ്പെടുന്ന ബ്ലിസ്റ്റർ ബീറ്റിലുകളിലെ ഒരു സ്പീഷീസ് ആണ് മെലോ ഫ്രാൻസിസ്കാനസ് (Meloe franciscanus). മരുഭൂമിയിലെ കൊടുംചൂടിൽ അവ മണലിൽ ഏതാനും സെന്റിമീറ്റർ ആഴത്തിലുള്ള കുഴിയുണ്ടാക്കി മുട്ടകൾ ഇടുന്നു. ശരാശരി 760 മുട്ടകൾ ആണ് ഇതിൽ ഉണ്ടാവുക. മുട്ടവിരിഞ്ഞു വരുന്ന ലാർവകൾ എല്ലാം വരിവരിയായി വന്നു സമീപത്തുള്ള ചെടിയുടെ മുകളിൽ ഒരു പന്തുരൂപത്തിൽ കൂട്ടമായി ഇരിക്കും. രണ്ടാഴ്ചയോളം അവ ഇങ്ങനെ തുടരും. അതോടൊപ്പം പെൺ തേനീച്ച പുറപ്പെടുവിക്കുന്നതിനു സമാനമായ ഒരു ഫിറോമോൺ അവ പുറത്തുവിടും. ഇതിൽ ആകൃഷ്ടരായി ഡിഗ്ഗർ ബീ എന്ന ആൺ തേനീച്ച സ്ഥലത്തെത്തും.
ചെടിക്കു മുകളിൽ കാണുന്ന പന്ത് പെൺതേനീച്ചയാണെന്ന് ഉറപ്പിച്ച് അതുമായി ഇണചേരാൻ ശ്രമിക്കുന്ന തേനീച്ചയുടെ മുകളിലേക്ക് പരമാവധി ലാർവകൾ കയറിപ്പറ്റും. അവയുടെ ഭാരത്താൽ നിലത്തുവീണുപോകുമെങ്കിലും ഉടൻതന്നെ പറന്നുയരുന്ന തേനീച്ച വീണ്ടും ഇണയെത്തേടിപ്പോയി ശരിക്കുമുള്ള പെൺതേനീച്ചയുമായി ഇണചേരുന്നു. ഈ സമയം ബ്ലിസ്റ്റർ ബീറ്റിലിന്റെ ലാർവകൾ പെൺതേനീച്ചയുടെ ശരീരത്തിൽ കയറിപ്പറ്റും. തേനീച്ച കൂട്ടിൽ എത്തുമ്പോൾ ഈ ലാർവകൾ അവിടെ തേനീച്ചയുടെ ലാർവകൾക്കായി സൂക്ഷിച്ചിരിക്കുന്ന പൂമ്പൊടിയും തേനും പിന്നീട് തേനീച്ചയുടെ ലാർവകളെത്തന്നെയും തിന്നുതീർക്കുന്നു. അടുത്ത മഞ്ഞുകാലത്ത് ബ്ലിസ്റ്റർ ബീറ്റിൽ ആയി പുറത്തുവരുന്നതു വരെ അവർ അവിടെ താമസിക്കുന്നു.
പറക്കാൻ ശേഷിയില്ലാത്ത ഈ ബ്ലിസ്റ്റർ ബീറ്റിലുകൾ എത്ര സാമർഥ്യത്തോടെ ചതി പ്രയോഗിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത് അല്ലേ? തേനീച്ചയുടെ കൂട്ടിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ അവയ്ക്ക് പൂർണവളർച്ച എത്തിയ ബ്ലിസ്റ്റർ ബീറ്റിൽ ആയിമാറാൻ കഴിയുകയുള്ളൂ. നിലത്തുകുഴിയിൽ വിരിയുന്ന തീരെച്ചെറിയ ട്രിയങ്‌ഗുലിൻ എന്നറിയപ്പെടുന്ന ലാർവകൾക്ക് മറ്റെവിടെയോ സ്ഥിതിചെയ്യുന്ന തേനീച്ചക്കൂട്ടിൽ എത്തുന്നതിന് ഇതേ മാർഗമുള്ളൂ. അങ്ങനെയാണ് ആൺ തേനീച്ചകളെ ആകർഷിക്കാനായി അവയുടെ പെൺതേനീച്ചകൾ പുറപ്പെടുവിക്കുന്ന അതേ ഫിറോമോൺ ഈ ലാർവകൾ പുറപ്പെടുവിക്കുന്നത്. കൂട്ടിലെത്തുന്നതിനു മുൻപ് ആൺ തേനീച്ചയെയും പെൺ തേനീച്ചയെയും ഇവർ യാത്ര ചെയ്യാനുള്ള ഒരു വാഹനമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അവയെ ഉപദ്രവിക്കാറില്ല.
ഒന്നിലധികം ഇനങ്ങളിൽ ഉള്ള തേനീച്ചകളെ ആകർഷിക്കാനായി ചെടികളിൽ അതതു തേനീച്ചകൾ പറക്കുന്ന ഉയരത്തിൽ ഇവ കൂട്ടം കൂടിയിരിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ട്. ബ്ലിസ്റ്റർ ബീറ്റിലുകൾ ഭക്ഷണത്തിന് ആശ്രയിക്കുന്നതും ഇവയെത്തേടി വരുന്ന തേനീച്ചകൾക്ക് പൂന്തേൻ നൽകുന്നതും ഒരേ ചെടിതന്നെയാണ്. പലപ്പോഴും ഈ ചെടിയുടെ ചുവട്ടിൽ.
Content Summary : Blister beetle life cycle and honeybee