ADVERTISEMENT

ലോക എൻജിഒ ദിനമാണ് ഫെബ്രുവരി 27. ഇത്തരം സംഘടനകളെ കൂടുതൽ അറിയാം.

ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയെക്കുറിച്ചു കൂട്ടുകാർ കേട്ടിട്ടുണ്ടോ? കൽക്കരി ഖനികളിലും വ്യവസായശാലകളിലും പണിയെടുക്കാൻ നിർബന്ധിതരായ ആയിരക്കണക്കിനു കുട്ടികളെ മോചിപ്പിക്കുകയും അവർക്കു പഠിക്കാനും സ്വതന്ത്രമായി ജീവിക്കാനും അവസരമൊരുക്കുകയും ചെയ്യുന്ന സംഘടനയാണ് അത്. അതിന്റെ സ്ഥാപകനായ കൈലാഷ് സത്യാർഥിക്കു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുകയുണ്ടായി. എന്താണ് എൻജിഒ എന്നതിനുള്ള ഉദാഹരണമാണ് ബച്പൻ ബച്ചാവോ ആന്ദോളൻ. സർക്കാരുകളിൽ നിന്നു തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെയാണ് എൻജിഒ (Non governmental organisation) എന്നു വിളിക്കുന്നത്. സാമ്പത്തികമായ ലാഭേച്ഛയില്ലാതെയാണ് പൊതുവേ ഇവയുടെ പ്രവർത്തനം. എന്നാൽ സർക്കാരുകളിൽ നിന്നടക്കം ധനസഹായം ലഭിക്കാറുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎന്നിന്റേതു പോലുള്ള ഔപചാരികമായ പ്രസ്ഥാനങ്ങളെ ഈ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

അടിമത്ത നിരോധനം, പരിസ്ഥിതി അവബോധം, ശിശുക്ഷേമം, സ്ത്രീശാക്തീകരണം, സംശുദ്ധമായ ഭരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു പ്രസ്ഥാനങ്ങൾ ലോകമെമ്പാടുമുണ്ട്. പൊതുജനാരോഗ്യത്തിനായും ദാരിദ്ര്യം തുടച്ചുനീക്കാനായും ഉപഭോക്തൃ അവകാശങ്ങൾക്കായുമെല്ലാം ഒട്ടേറെ പ്രസ്ഥാനങ്ങളുണ്ട്. ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ തന്നെ എത്രയോ രാജ്യങ്ങളിലുണ്ട്. വികസനം താഴേത്തട്ടിലെത്തിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന സംഘടനകളുണ്ട്.

 

സ്ത്രീ വോട്ടവകാശമടക്കമുള്ള പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിൽ എൻജിഒകൾ വഹിച്ച പങ്ക് ചെറുതല്ല. അനിയന്ത്രിതമായ പരിസ്ഥിതി ചൂഷണത്തിന്റെ വിപത്തുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും സംരക്ഷണ മാർഗങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാനും കഴിഞ്ഞു. 18ാം നൂറ്റാണ്ടിന്റെ അവസാനം തൊട്ടാണ് എൻജിഒകൾ വ്യാപകമാകാൻ തുടങ്ങിയത്. യുഎൻ ചാർട്ടറിന്റെ പത്താം അധ്യായത്തിൽ 71–ാം ആർട്ടിക്കിളിൽ ഇത്തരം പ്രസ്ഥാനങ്ങളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. 

 

കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിനു 2 എൻജിഒകളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നിവയായിരുന്നു ആ മനുഷ്യാവകാശസംഘടനകൾ. സ്റ്റാലിന്റെ കാലത്തു നടന്ന കൊടുംക്രൂരതകൾ പുറത്തുകൊണ്ടുവന്ന സംഘടനയാണ് മെമ്മോറിയൽ.  റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർത്തതിന്റെ പേരിൽ പുട്ടിൻ ഭരണകൂടം അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്നെ കൂടുതൽ ജനാധിപത്യപരമാക്കുകയെന്ന ലക്ഷ്യവുമായി നിലവിൽ വന്ന സെന്റർ ഫോർ സിവിൽ ലിബർട്ടീസ് റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ നടന്ന സൈനിക ക്രൂരതകൾ പുറത്തുകൊണ്ടുവന്നിരുന്നു. നിരന്തര അനിശ്ചിതത്വങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ലോകത്ത് മനുഷ്യാവകാശം ഉറപ്പാക്കുന്നതിൽ ഇത്തരം പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.

 

സേവ് ദ് ചിൽഡ്രൻ, ആംനെസ്റ്റി ഇന്റർനാഷനൽ, ഓക്സ്ഫാം ഇന്റർനാഷനൽ, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, കെയർ ഇന്റർനാഷനൽ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗ്രീൻപീസ് തുടങ്ങിയവ പ്രധാനപ്പെട്ട ചില എൻജിഒകളാണ്.  വിജ്ഞാനത്തിന്റെ സ്വതന്ത്ര വ്യാപനത്തിനായുള്ള വിക്കിപീഡിയയ്ക്കു പിന്നിലുള്ളതും ഒരു എൻജിഒയാണ്–വിക്കിമീഡിയ ഫൗണ്ടേഷൻ.

 

Content Summary : World NGO day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com