ഭൂമിയിലെ ജീവിതത്തെ വൈവിധ്യവത്കരിക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. ‘വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം’ എന്നതാണ് ഈ വർഷത്തെ വന്യജീവിദിന പ്രമേയം. ഒരു ആവാസവ്യവസ്ഥയിലെ ഓരോ തരം ജീവികളും പരസ്പരം സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നവയാണ്. ഈ അടുത്ത് നമീബിയ ഇന്ത്യക്ക് ചീറ്റയെ കൈമാറിയത് കൂട്ടുകാർ കേട്ടിരിക്കുമല്ലോ. റീവൈൽഡിങ് പദ്ധതിപ്രകാരമാണ് ഇത്. ഒരു പ്രദേശത്തേക്കു ജീവിവർഗങ്ങളെ തിരികെ കൊണ്ടുവരുന്നതിനു വളരെയധികം ഗവേഷണവും അധ്വാനവും ആവശ്യമാണ്. ലോകമെമ്പാടും നടന്ന വിജയകരമായ ഏതാനും റീവൈൽഡിങ്ങുകൾ നോക്കാം.
യൂറോപ്പിലും ഏഷ്യയിലും ധാരാളമായി ഉണ്ടായിരുന്ന യുറേഷ്യൻ നീർനായകൾ രോമങ്ങൾക്കും മാംസത്തിനും വേണ്ടിയുള്ള വേട്ടയാടലിലൂടെ വംശനാശം നേരിട്ടിരുന്നു. 2022ൽ യുകെയിലെ പല ഭാഗങ്ങളിലും ഇവയെ വീണ്ടും എത്തിച്ചു. നീർനായകൾ അണക്കെട്ടുകൾ നിർമിക്കുന്നതിലൂടെ വരൾച്ചയെ നേരിടാനുമാവും. അമേരിക്കയിലെ യെലോ സ്റ്റോൺ ദേശീയദ്യാനത്തിലെ ചെന്നായ്ക്കൂട്ടത്തെ ഉന്മൂലനം ചെയ്തതിലൂടെ അവിടെയുള്ള മുഴുവൻ ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. തുടർന്ന് റിവൈൽഡിങ് നടത്തി, നൂറോളെ ചെന്നായ്ക്കളെ ഇപ്പോൾ അവിടെ എത്തിച്ചിട്ടുണ്ട്.
കൊറിയയിലെ കടുവകൾ
സൈബീരിയൻ കടുവകൾ, വംശനാശം സംഭവിച്ച പുരാതന കൊറിയൻ കടുവകൾക്ക് സമാനമാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയപ്പോൾ ദക്ഷിണ കൊറിയ അവയെ തിരികെ കൊണ്ടു വരാൻ തീരുമാനിച്ചു. ഇതിനായി ആഗോളതലത്തിൽ 6,000 കടുവകളെ കാട്ടിൽ വളർത്തുക എന്ന ഡബ്ല്യുഡബ്ല്യുഎഫിന്റെ ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്ന ഒരു ‘ടൈഗർ ഫോറസ്റ്റ്’ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു.
Content Summary : World wildlife day 2023