ADVERTISEMENT

യൂറോപ്യൻ ബഹിരാകാശ ഏജൻസി (European Space Agency- ESA)യും യൂക്ലിഡ് കൺസോർഷ്യവും ചേർന്ന് ജൂലൈയിൽ വിക്ഷേപിക്കുന്ന യൂക്ലിഡ് ഉപഗ്രഹ 

ദൂരദർശിനിയുടെ വിശേഷങ്ങൾ...

 

ജ്യാമിതിയുടെ പിതാവാണ് യൂക്ലിഡ്. ആ പേരുളള ഉപഗ്രഹ ദൂരദർശിനി ഇനി ബഹിരാകാശത്ത് ഭൂമിയുടെ കണ്ണാകും. പ്രപഞ്ചവിജ്ഞാനീയ (Cosmology)ത്തിന് ഉറപ്പുണ്ടെങ്കിലും കണ്ടെത്താനാവാത്ത ഇരുണ്ട ഊർജവും ഇരുണ്ട ദ്രവ്യവും തേടിയാണു യൂക്ലിഡിന്റെ ബഹിരാകാശ സഞ്ചാരം. നിയർ ഇൻഫ്രാറെഡ് ദൂരദർശനിയാണ് യൂക്ലിഡ്. കോസ്മോളജി സർവേയിലൂടെ പ്രപഞ്ചത്തിന്റെ ത്രിമാന ഭൂപടം വരയ്ക്കുകയാണു ലക്ഷ്യം. സാധാരണ വെളിച്ചത്തിലും നിയർ ഇൻഫ്രാറെഡിലും യൂക്ലിഡ് ചിത്രങ്ങൾ എടുക്കും. ഭൂമിയിലെ വാനനിരീക്ഷണ ദൂരദർശനികൾ എടുക്കുന്നതിലും നാലിരട്ടി വ്യക്തതയുണ്ടാകും ചിത്രങ്ങൾക്ക്. ശതകോടി നക്ഷത്ര സമൂഹങ്ങളെ യൂക്ലിഡ് നിരീക്ഷിക്കും. ആകാശത്തിന്റെ മൂന്നിലൊന്നു വരുന്ന 10 ശതകോടി പ്രകാശവർഷങ്ങൾ ദൂരത്തിലായിരിക്കും നിരീക്ഷണം.

 

∙പര്യവേക്ഷണ ലക്ഷ്യങ്ങൾ

 

പ്രപഞ്ചം വികസിക്കുന്നു എന്നതും അതിനു ഗതിവേഗം സംഭവിക്കുന്നു എന്നതും പ്രപഞ്ചവിജ്ഞാനീയത്തിലെ ആശയമാണ്. ഇതു വിവരിക്കുന്നതിനാണ് ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജവും ആവശ്യമാകുന്നത്. സാധാരണ പദാർഥവും ഊർജവും കൊണ്ടു മാത്രം ഇതു വിവരിക്കാനാവില്ല. പ്രപഞ്ച വികാസത്തിന്റെ ചരിത്രമാണു യൂക്ലിഡ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനുവേണ്ടിയാണ് അത് ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജവും തേടുന്നതും ഇരുണ്ട പ്രപഞ്ചത്തിന്റെ ജ്യാമിതി നിർണയിക്കുന്നതും. നക്ഷത്രങ്ങൾ പോലെ പ്രപഞ്ചഘടകങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നതും യൂക്ലിഡിന്റെ അന്വേഷണത്തിലുണ്ട്. നക്ഷത്രങ്ങളുടെ ചുവപ്പുനീക്കം (redshift) അളന്ന് 10 ശതകോടി വർഷങ്ങൾ പിന്നോട്ടുളള പ്രപഞ്ചപരിണാമം യൂക്ലിഡ് നിരീക്ഷിക്കും.

 

∙വിക്ഷേപണം, ഭ്രമണപഥം

 

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ് കനവറൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാകും യൂക്ലിഡ് യാത്ര തുടങ്ങുക. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന രണ്ടാം ലെഗ്രാഞ്ചേ ബിന്ദു(Lagrange point 2)വിലൂടെയായിരിക്കും ഇതിന്റെ ഭ്രമണപഥം. വിക്ഷേപിച്ച് 30 ദിവസത്തെ യാത്രയ്ക്കു ശേഷമായിരിക്കും അവിടെ എത്തുക. ഒരുകോടിയിലധികം കിലോമീറ്റർ ദൈർഘ്യമുള്ള ഭ്രമണപഥമാണിതിന്.

 

∙ ജീവിതകാലം

 

6 വർഷമാണ് ‍കണക്കാക്കുന്ന ജീവിതകാലം. 2028ൽ യൂക്ലിഡിന്റെ പ്രവർത്തനം അവസാനിച്ചേക്കും. ആയുസ്സ് നീളുവാനും സാധ്യതയുണ്ട്.

 

∙ യൂക്ലിഡ് വിശേഷങ്ങൾ

 

പൂർണമായും യൂറോപ്യൻ ദൗത്യമാണിത്. നിർമാണവും പ്രവർത്തനവും ഇഎസ്എയാണ്. നാസയുടെയും യൂക്ലിഡ് കൺസോർഷ്യത്തിന്റെയും സഹകരണമുണ്ട്. 13 യൂറോപ്യൻ രാജ്യങ്ങളിലെയും യുഎസ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലെയും 300 ശാസ്ത്രസ്ഥാപനങ്ങളിലെ 2,000 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് കൺസോർഷ്യം.

 

∙ ബഹിരാകാശ ദൂരദർശനി

 

കൃത്രിമ ഉപഗ്രഹങ്ങൾ പോലെ ഭൂമിയെ വലംവച്ച് ബഹിരാകാശ നിരീക്ഷണം നടത്തുന്ന വാനനിരീക്ഷണനിലയമാണ് ബഹിരാകാശ ദൂരദർശിനി. ഭൂമിയിലെ വാനനിരീക്ഷണനിലയങ്ങളെക്കാൾ ദൃശ്യവ്യക്തതയും പ്രപഞ്ചത്തിന്റെ വിസ്തൃതമായ ഭാഗത്തിന്റെ പര്യവേക്ഷണവും ഇതിലൂടെ സാധിക്കും. 1968ൽ അമേരിക്ക വിക്ഷേപിച്ച ഓർബിറ്റിങ് അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയാണ് ആദ്യ ബഹിരാകാശ ദൂരദർശനി. നാസ 1990ൽ വിക്ഷേപിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന ഹബിൾ‍ ബഹിരാകാശ ദൂരദർശിനിക്കാണ് ഇതിലെ താരത്തിളക്കം. നാസയുടെ ഏറ്റവും പുതിയ ജയിംസ് വെബും ബഹിരാകാശത്തുണ്ട്. ഈ ശ്രേഷ്ഠഗണത്തിലേക്കാണ് യൂക്ലിഡിന്റെയും സഞ്ചാരം.

 

∙ കോസ്മിക് വിഷൻ

 

ബഹിരാകാശ പര്യവേക്ഷണത്തിന് ഇഎസ്എയുടെ മൂന്നാമത്തെ പരിപാടിയാണ് കോസ്മിക് വിഷൻ. 2015 മുതൽ 2025 വരെയാണിത്. ഇതിന്റെ പ്രധാന ഭാഗമാണ് യൂക്ലിഡ്.

 

∙ നിയർ ഇൻഫ്രാറെഡ്

 

സാധാരണ വെളിച്ചംപോലെ വൈദ്യുതകാന്തിക വികിരണമാണ് ഇൻഫ്രാറെഡ് രശ്മിയും. തരംഗദൈർഘ്യം കൂടുതലായതിനാൽ കാണാനാവില്ല. തരംഗദൈർഘ്യം അനുസരിച്ച് ഇൻഫ്രാറെഡിനെ തിരിച്ചിരിക്കുന്നതിൽ ഒന്നാണ് നിയർ ഇൻഫ്രാറെഡ്. മനുഷ്യന്റെ കണ്ണുകൾക്ക് പിടികിട്ടുന്നതാണ് നിയർ ഇൻഫ്രാറെഡ്.

 

∙ യഥാർഥ യൂക്ലിഡ്

 

പ്രാചീന ഗ്രീസിലെ‍ ‍അലക്സാൻഡ്രിയയിൽ ബിസി 300ൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനാണ് യൂക്ലിഡ്. ജ്യാമിതിയുടെ അടിസ്ഥാന തത്വങ്ങൾ വിവരിക്കുന്ന എലമെന്റ്സ് (Elements) ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ്.

 

യൂക്ലിഡ് പേടകം

 

യൂക്ലിഡിന് 4.7 മീറ്ററാണ് നീളം. വ്യാസം 3.7 മീറ്റർ. സർവീസ് മോഡ്യൂളും‍ പേലോഡ് മോഡ്യൂളും പ്രധാന ഘടകങ്ങൾ. ദൂരദർശിനിയും 2 പ്രധാന ശാസ്ത്രോപകരണങ്ങളും പേലോഡ് മോഡ്യൂളിലാണ്. 1.2 മീറ്ററാണ് ദൂരദർശനിയുടെ വ്യാസം. സിലിക്കൺ കാർബൈഡ് കണ്ണാടി ദൂരദർശിനിയാണിത്. സാധാരണ വെളിച്ചത്തിൽ പ്രവർത്തിക്കുന്ന ക്യാമറ(visible wave length camera)യും നിയർ ഇൻഫ്രാറഡ് സ്പെക്ടോമീറ്ററും ഫോട്ടോമീറ്ററും (Near-Infrared Spectrometer and Photometer -NISP) ആണ് 2 ഉപകരണങ്ങൾ. നാസ നിർമിച്ചതാണ് എൻഐഎസ്പി. ഭൂമിയെ വലംവയ്ക്കുവാനുളള സംവിധാനം, വൈദ്യുതി ഉൽപാദനം, വിതരണം, വിവര സംസ്കരണത്തിനുളള ഇലക്ട്രോണിക് ഉപകരണങ്ങൾ‍, താപനിയന്ത്രണം, ടെലികമാൻഡ്, ടെലിമെട്രി എന്നിവയ്ക്കുളള ഉപകരണങ്ങളുമാണ് സർവീസ് മോഡ്യൂളിൽ. സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാൻ സോളർ പാനലുകളും ഉണ്ട്. ഭ്രമണം ചെയ്യുമ്പോൾ യൂക്ലിഡിന്റെ ഭാരം 2,000 കിലോ ആയിരിക്കും.

ഇരുണ്ട ദ്രവ്യം

 

പദാർഥവും ഊർജവും േചർന്നതാണ് പ്രപഞ്ചം. പദാർഥത്തിൽ കണ്ടറിയാനാവാത്തതാണ് ഇരുണ്ടദ്രവ്യം (dark matter). പ്രകാശത്തെ പ്രസരണം ചെയ്യുകയോ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്തതിനാൽ ഇത് കാണാനാവില്ല. ഗുരുത്വാകർഷണത്തിലൂടെ ഇതിന്റെ സാന്നിധ്യം അറിയാം. പ്രപഞ്ചത്തിലെ 30.1 ശതമാനവും ഇരുണ്ടദ്രവ്യമാണെന്ന് ഭൗതികശാസ്ത്രം പറയുന്നു. 69.4% ഇരുണ്ട ഊർജവും. ബാക്കി 0.5 % മാത്രമാണ് ദൃശ്യപദാർഥം.ഇരുണ്ട ഊർജമാണ് പ്രപഞ്ച വികാസത്തിന് ത്വരണം നൽകുന്നത്. ഇരുണ്ട ദ്രവ്യമാണ് പ്രപഞ്ചഘടന നിർമിക്കുന്നത്.

Content Summary : Euclid mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com