ADVERTISEMENT

പുതിയൊരു എൻനിനോ അണിയറയിൽ ഒരുങ്ങുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. എൽനിനോയെയും ലാനിനയെയും വിശദമായി അറിയാം...

പസിഫിക് സമുദ്രത്തിൽ ലാനിന ദുർബലമായിക്കഴിഞ്ഞു, ഇനി എൽനിനോയുടെ വരവുണ്ടാകുമെന്നാണ് വാർത്ത. ഇതൊക്കെയങ്ങ് പസിഫിക്കിലല്ലേ എന്നോർത്ത് ആശ്വസിക്കാൻ വരട്ടെ. ആഗോള കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങളുണ്ടാക്കാൻ ശേഷിയുള്ള ഈ കാലാവസ്ഥാ പ്രതിഭാസങ്ങൾ നമ്മളെയും ബാധിക്കുന്നുണ്ട്!  ഓരോ വർഷവും വേനൽച്ചൂട് റെക്കോർഡിട്ട് കടന്നുപോകുന്നു; വേനലും മഞ്ഞും മഴയുമൊക്കെയായി ഒരു താളക്രമം ഉണ്ടായിരുന്ന കാലത്തിനിപ്പോൾ കണക്കുതെറ്റുന്നു. അതിനിടയിൽ  എൽനിനോ, ലാനിന പോലുള്ള പ്രതിഭാസങ്ങൾ കൂടി കടന്നുവരുമ്പോൾ കാലാവസ്ഥാ വ്യതിയാനങ്ങളുടെ തീവ്രത വീണ്ടും വർധിക്കുന്നു. 1877നു ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് ഇക്കുറി ഇന്ത്യ നേരിട്ടത്. 

പസിഫിക്കിലെ ചെറിയ ആൺകുട്ടി

പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത്  സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. പസിഫിക്കിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി ഭൂമധ്യരേഖാ പ്രദേശത്ത് ഉഷ്ണജലപ്രവാഹം മുകളിലേക്കുയർന്ന് സമുദ്രോപരിതലത്തെ ചൂടാക്കും. ഇതോടെ സാധാരണ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങൾ ദുർബലമാവുകയോ നിലയ്ക്കുകയോ ചെയ്യും. അപ്പോൾ എതിർദിശയിലേക്കുള്ള കാറ്റിന്റെ ശക്തി വർധിക്കുന്നു.

∙മത്സ്യങ്ങളെ അകറ്റുന്ന എൽനിനോ

പതിനേഴാം നൂറ്റാണ്ടിൽ വിചിത്രമായ ഒരു കാര്യം പെറുവിലെയും ഇക്വഡോറിലെയും മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടു. ചില വർഷങ്ങളിൽ ഡിസംബർ മാസത്തിൽ മത്സ്യങ്ങൾ തീരക്കടലിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. പെറുവിലെ മുക്കുവർ അതിനെ എൽനിനോ എന്നു വിളിച്ചു. ഈ അസാധാരണ പ്രതിഭാസം ക്രിസ്മസിനോട് അടുപ്പിച്ചാണ് ഉണ്ടാവുന്നത്. സ്പാനിഷ് ഭാഷയിൽ ഉണ്ണിയേശു, ചെറിയ ആൺകുട്ടി എന്നൊക്കെയാണ് എൽനിനോ എന്ന വാക്കിനർഥം. ശാന്തസമുദ്രത്തിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ടു വീശുന്ന കാറ്റിന്റെ ശക്തി കൂടുന്നതിന്റെ ഫലമായി ഉഷ്ണജലത്തിന്റെ ഒരു പ്രവാഹം പെറുവിന്റെ തീരത്തേക്ക് എത്തുന്നതാണ് ഈ വിചിത്ര സംഭവത്തിനു പിന്നിലെന്ന് പിന്നീടാണ് മനസ്സിലായത്. എൽനിനോക്കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൊടും വരൾച്ച, പേമാരി, പ്രളയം, അതിശൈത്യം, കൊടുംചൂട്, താപതരംഗങ്ങൾ, കാട്ടുതീ, ചുഴലിക്കൊടുങ്കാറ്റുകൾ എന്നിവയൊക്കെ ഉണ്ടാവുന്നു. 

 

ലാനിന മടങ്ങും, എൽനിനോ തുടങ്ങും 

 

എൽനിനോ സതേൺ ഓസിലേഷൻ (ENSO) എന്ന ചക്രത്തിന്റെ രണ്ടു ഘട്ടങ്ങളാണ് എൽനിനോയും ലാനിനയും. 2020 സെപ്റ്റംബറിൽ ആരംഭിച്ച ലാനിന ഇപ്പോൾ ദുർബലമായിക്കഴിഞ്ഞെന്നും മാർച്ച്- മേയ് കാലയളവിൽ ENSO ന്യൂട്രൽ എന്ന അവസ്ഥ സംജാതമാവുമെന്നും പഠനങ്ങൾ പറയുന്നു. അങ്ങനെ സംഭവിച്ചാൽ മേയ്- ജൂലൈ കാലയളവിൽ എൽനിനോ തുടങ്ങാനുള്ള സാധ്യത 55 ശതമാനത്തോളമാണെന്ന് WMOയുടെ  (ലോക കാലാവസ്ഥാ സംഘടന) റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 

 

∙ സൂപ്പർ എൽനിനോ

രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ചൂടേറിയ വർഷമായി 2016 മാറിയതിൽ ആ സമയത്തു രൂപം കൊണ്ട തീവ്രതയേറിയ എൽനിനോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. 1982-83, 1997-98, 2015-2016 വർഷങ്ങളിൽ ലോകത്തുണ്ടായ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും വഴിയൊരുക്കിയ എൽനിനോകളെ സൂപ്പർ എൽനിനോകൾ എന്നാണ് വിളിക്കുന്നത്. പുതിയ എൽനിനോയുടെ പ്രഭാവം കാരണം 2024ൽ ചൂടിന്റെ കാര്യത്തിൽ റെക്കോർഡുകൾ ഭേദിച്ചേക്കുമെന്ന ആശങ്ക ഗവേഷകർ പങ്കുവയ്ക്കുന്നുണ്ട്. 

∙ പസിഫിക്കിലെ ചെറിയ പെൺകുട്ടി

പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ തണുപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ലാനിന. സ്പാനിഷ് ഭാഷയിൽ ചെറിയ പെൺകുട്ടി എന്നാണ് അർഥം. എൽനിനോയുടെ നേർവിപരീതമാണ് ലാനിന എന്നു പറയാം. എൽനിനോക്കാലത്ത് കൊടും വരൾച്ചയുണ്ടായ ഇടങ്ങളിൽ ലാനിനക്കാലത്ത് നല്ല മഴ ലഭിക്കും. എൽനിനോക്കാലത്ത്  മഴ ലഭിച്ച പ്രദേശങ്ങളിലാവട്ടെ ലാനിനയുടെ വരവോടെ വരൾച്ചയുമുണ്ടാകും. 

ഇന്ത്യയിൽ

സാധാരണയായി എൽനിനോ ഇന്ത്യയിൽ മഴയുടെ അളവ് കുറയ്ക്കുകയും ലാനിന മഴയുടെ അളവ് കൂട്ടുകയും ചെയ്യാറുണ്ട്. കഴിഞ്ഞ 4 വർഷങ്ങളിൽ മൺസൂൺ ശക്തമായിരുന്നു. എൽനിനോയ്ക്ക് തുടക്കമായാൽ ഇത്തവണ മഴ കുറയുമോ, വേനൽ നീളുമോ എന്നൊക്കെ ആശങ്കയുണ്ട്. എന്നാൽ എല്ലാത്തവണയും ഒരു പോലെയായിരിക്കില്ല ഇവയുടെ സ്വാധീനം. ഇന്ത്യൻ മഹാസമുദ്രത്തിലെ 2 ഭാഗങ്ങളിലെ സമുദ്രോപരിതല താപനിലയുടെ വ്യത്യാസവുമായി ബന്ധപ്പെട്ട  ഇന്ത്യൻ ഓഷ്യൻ ഡൈപോളിന്റെ സ്വാധീനവും നമ്മുടെ കാലാവസ്ഥയിൽ നിർണായകമാണ്. 

∙ തുടരുന്ന പഠനങ്ങൾ 

3 മുതൽ 7 വർഷം വരെയുള്ള കാലയളവിലാണ് ENSO സാധാരണ പ്രത്യക്ഷപ്പെടുന്നത്. ആഗോളതാപനവും എൽനിനോയുടെ തീവ്രതയും തമ്മിൽ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായൊരുത്തരം തേടിയുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ എൽനിനോയുടെ തോതും തീവ്രതയും വർധിച്ചുവെന്ന് പഠനറിപ്പോർട്ടുകൾ അടിവരയിടുന്നു. സമുദ്രവും അന്തരീക്ഷവും തമ്മിൽ ഊർജവിനിമയത്തിൽ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയും അത് ക്രമീകരിക്കാനുള്ള ഭൂമിയുടെ ശ്രമങ്ങളുമാണ് എൽനിനോയ്ക്കും ലാനിനയ്ക്കും കാരണമാകുന്നത് എന്നാണ് കരുതപ്പെടുന്നത്. 

∙ എൽനിനോ വന്നാൽ 

എൽനിനോ വന്നാൽ ഇന്ത്യയിലെ മഴയുടെ വിതരണത്തെ അത് പ്രതികൂലമായി ബാധിക്കും. ദക്ഷിണാഫ്രിക്കയിലും മഴ കുറയും. ഓസ്ട്രേലിയ, ഇന്തൊനീഷ്യ, യുഎസിന്റെ വടക്കൻ ഭാഗങ്ങൾ, ഫിലിപ്പീൻസ്, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ വരൾച്ച, യുഎസിലും യൂറോപ്പിലും താപതരംഗങ്ങൾ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും യുഎസിന്റെ തെക്കൻ പ്രദേശങ്ങളിലും പാക്കിസ്ഥാനിലും ചൈനയുടെ ചില പ്രദേശങ്ങളിലും നൈജീരിയയിലും വെള്ളപ്പൊക്കം, മധ്യ പസിഫിക്കിലെ ദ്വീപുകളായ ഫിജി, ടോംഗ, പാപ്പുവ ന്യൂഗിനിയ എന്നിവിടങ്ങളിൽ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ എന്നിവയൊക്കെ എൽനിനോ വിതയ്ക്കാൻ പോവുന്ന കെടുതികളിൽ ചിലതു മാത്രം.

Content Summary : El Nino and La Nina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com