യുദ്ധത്തെ അതിജീവിച്ച ‘നാട്ടു’കൊട്ടാരം; 5.5 ഏക്കറിൽ 81 മുറികളുമായി ആഡംബരത്തിന്റ പര്യായം

history-of-mariinsky-palace-ukraine
മാരിൻസ്കി പാലസ്. വിക്കിപീഡിയ
SHARE

യുക്രെയ്നിലെ പ്രസിഡന്റിന്റെ  ഔദ്യോഗിക വസതിയായ ‘നാട്ടു’കൊട്ടാരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...

മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ആർആർആർ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനരംഗത്തിന് പിന്നിലുള്ള കൊട്ടാരവും പരിസരവും കൂട്ടുകാർ ശ്രദ്ധിച്ചിരിക്കുമല്ലോ. യുക്രെയ്ൻ പ്രസിഡന്റിന്റെ  ഔദ്യോഗിക വസതിയാണ് ആ കൊട്ടാരം. നമ്മുടെ രാഷ്ട്രപതിഭവൻ പോലെ. പേര്: മാരിൻസ്കി പാലസ് (MARIINSKYI PALACE). നാട്ടു നാട്ടു ഗാനത്തിന്റെ ചിത്രീകരണം നടന്നത് യുക്രെയ്ൻ തലസ്ഥാനമായ കീവിലുള്ള ഈ കൊട്ടാരത്തിനു മുൻപിലായിരുന്നു. നിപ്രോ നദിക്കരയിലാണ് (DNIPRO RIVER) കൊട്ടാരം പണികഴിപ്പിച്ചിട്ടുള്ളത്. യുക്രെയ്ൻ പാർലമെന്റായ VERKHOVNA RADA യോടു ചേർന്നാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 

∙ മാരിൻസ്കിയെ സിനിമയിലെടുത്തു

ആർആർആർ എന്ന സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ ഹൈദരാബാദായിരുന്നു. നാട്ടു നാട്ടു ഗാനവും ഇന്ത്യയിൽ തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മഴമൂലം മറ്റൊരിടത്ത് ചിത്രീകരിക്കാൻ സംവിധായകൻ എസ്. എസ്. രാജമൗലി ആലോചിച്ചു. അങ്ങനെയാണ് മാരിൻസ്കി പാലസ് ‘രംഗത്തുവരുന്നത്’. ഷൂട്ടിങ്ങിനായി കൊട്ടാരവും പരിസരവും നൽകാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമ്മതം നൽകി. മുൻപ് സിനിമ– ടെലിവിഷൻ താരമായിരുന്ന വ്യക്തിയാണ് പ്രസിഡന്റ്  സെലെൻസ്കി.  2021 ഓഗസ്റ്റിലാണ് കൊട്ടാരവും പരിസരവും ലൊക്കേഷനായത്. ഏതാനും മാസങ്ങൾക്കുശേഷം റഷ്യ യുക്രെയ്നുമേൽ ആക്രമണം  തുടങ്ങി. 

∙ മാരിൻസ്കി: ചരിത്രമുറങ്ങുന്ന കൊട്ടാരം

മാരിൻസ്കി കൊട്ടാരത്തിന് 270 വർഷത്തെ ചരിത്രമുണ്ട്. പാരമ്പര്യവും പ്രൗഢിയും സൗന്ദര്യവും തുളുമ്പുന്ന ബറോക്ക് (BAROQUE) ശൈലിയിലാണ് രൂപകൽപന. 17–ാം നൂറ്റാണ്ടിൽ ഇറ്റലിയിൽ പ്രചാരത്തിലുണ്ടായിരുന്നതും പിന്നീട് യൂറോപ്പിലാകമാനം പടരുകയും ചെയ്ത നിർമാണ രീതിയാണ് ബറോക്ക് ശൈലി. 1744ൽ സാർ ചക്രവർത്തിനിയായിരുന്ന എലിസവേറ്റ പെട്രോവ്നയാണ് കൊട്ടാരമെന്ന ആശയം മുന്നോട്ടുവച്ചത്. പ്രാഥമിക രൂപകൽപന ഇറ്റാലിയൻ വാസ്തു വിദഗ്ധൻ  ഫ്രാൻസിസ്കോ രാസ്ട്രെല്ലി തയാറാക്കി. അദ്ദേഹത്തിന്റെ ശിഷ്യൻ ഇവാൻ മിച്ചുരിന്റെ നേതൃത്വത്തിൽ 1752ൽ പണി പൂർത്തിയായി. 18–ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അത് ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയായി മാറി. 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ അഗ്നിബാധയിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് 50 വർഷം അടഞ്ഞുകിടന്നു. 1870ൽ അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തി അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കി. 1917ൽ രാജകുടുംബത്തിൽ നിന്നുള്ള വിരുന്നുകാർക്കായി  തുറന്നുകൊടുത്തു. റഷ്യൻ ആഭ്യന്തരയുദ്ധകാലത്ത് (1917–23) കീവിലെ സോവിയറ്റ് റവല്യൂഷനറി കമ്മിറ്റിയുടെ ആസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ ഈ കൊട്ടാരത്തിന് കേടുപാടുകൾ സംഭവിച്ചു. 1940കളുടെ ഒടുവിൽ പുനർനിർമാണം നടത്തി. 1980കളിൽ കൊട്ടാരം  വീണ്ടും മനോഹരമാക്കി ഇന്നത്തെ രൂപത്തിലാക്കി.

∙മാരിൻസ്കി  ആഡംബരത്തിന്റ പര്യായം

5.5 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന കൊട്ടാരവും പാർക്കും. രണ്ട് നിലകളിലായി ആകെ 81 മുറികൾ. താഴത്തെ നിലയിൽ 55 മുറികളും മുകളിൽ 26 മുറികളും. റഷ്യ യുക്രെയ്ൻ മറ്റ് വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ പെയിന്റിങ്ങുകളും ചുവർ ചിത്രങ്ങളും കെട്ടിടത്തിനകത്തുണ്ട്. കൊട്ടാരത്തിനോട് ചേർന്നുള്ള ഉദ്യാനത്തിൽ നിരവധി ചരിത്രസ്മാരകങ്ങൾ. 

∙മാരിൻസ്കി: യുദ്ധത്തെ അതിജീവിച്ച കൊട്ടാരം

പ്രസിഡന്റിന്റെ ഔദ്യോഗിക വസതി എന്നതിലുപരി മാരിൻസ്കി കൊട്ടാരം വാർത്തകളിൽനിറയുന്നത് 2022ലെ റഷ്യയുടെ യുക്രെയ്നിലേക്കുള്ള കടന്നുകയറ്റത്തോടെയാണ്. റഷ്യൻ ആക്രമണത്തിൽ ഏതു നിമിഷവും കൊട്ടാരം തകർക്കപ്പെടാം എന്ന് ലോകം കരുതിയിരുന്നു. എന്നാൽ കീവിലുള്ള പല കെട്ടിടങ്ങളും റഷ്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്നെങ്കിലും കൊട്ടാരവും പരിസര പ്രദേശവും സുരക്ഷിതമായി നിലനിൽക്കുന്നു. 

∙ മാരിൻസ്കിയുടെ അതിഥികൾ നിസാരക്കാരല്ല

യുക്രെയ്ൻ പ്രസിഡന്റിനെ സന്ദർശിക്കുന്ന രാഷ്ട്രത്തലവൻമാർ മിക്കവരും മാരിൻസ്കി കൊട്ടാരത്തിലെത്തിയാണ് ആതിഥ്യം സ്വീകരിക്കുന്നത്. റഷ്യൻ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായി 2023 ഫെബ്രുവരി 20ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ യുക്രെയ്നിലെ മിന്നൽ സന്ദർശനം വാർത്തകളിൽ നിറഞ്ഞിരുന്നല്ലോ. അമേരിക്ക ഒപ്പമുണ്ടാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റിന് ബൈഡൻ ഉറപ്പുനൽകിയത് ഈ കൊട്ടാരത്തിൽവച്ചാണ്. പണ്ട് ബിൽ ക്ലിന്റനും ഇവിടെ അതിഥിയായി എത്തിയിരുന്നു. ഇതുകൂടാതെ ബ്രിട്ടൻ, കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധിപൻമാർ നേരത്തേ യുക്രെയ്ൻ സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു.

Content Summary :  History of Mariinsky palace, Ukraine

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA