ADVERTISEMENT

ഫിൻലൻഡിന്റെ വടക്കൻ പ്രവിശ്യയായ ലാപ്‌ലാൻഡിലുള്ള റോവാനീമി  എന്ന സ്ഥലത്താണു സാന്റാക്ളോസിന്റെ ഓഫിസ്. ഉത്തരധ്രുവത്തിലേക്കുള്ള കവാടം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇതിന്റെ പിന്നിലുള്ള കഥ വളരെ രസകരമാണ്. സാന്റായുടെ യഥാർഥവീട് കോർവറ്റുന്റുറി എന്ന സ്ഥലത്താണത്രേ. ഈ വീട് അറിയാവുന്നവർ വളരെ ചുരുക്കമാണെന്നാണ് ഐതിഹ്യം. അതിനാൽ എല്ലാവരെയും കാണാനും പരിചയപ്പെടാനുമൊക്കെ സാന്താ റോവാനീമിയിൽ ഒരു ഓഫിസ് സ്ഥാപിച്ചത്രേ. വർഷത്തിൽ എല്ലാദിവസവും സാന്റാ ഇവിടെ ഉണ്ടാകുമെന്നാണ് ഐതിഹ്യം. ക്രിസ്മസിന് ഒരുമാസം മുൻപ് ലോകമെമ്പാടുമുള്ള സാന്റാപ്രിയർ റോവാനീമിയിലേക്കു വച്ചുപിടിക്കും. അവിടത്തെ മായാജാല കാഴ്ചകൾ കാണാൻ. ഫിന്നിഷ് സർക്കാർ സാന്റാ വില്ലേജിനെ ഒരു വിനോദ പാർക്കായി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. പ്രവേശനം സൗജന്യം.പാർക്കിൽ കുഞ്ഞുമാലാഖമാർ, വനദേവതമാർ, മറ്റു ജീവികൾ എന്നിവരുടെ വേഷമണിഞ്ഞവരെ കാണാം. ഗ്രാമത്തിലെ സാന്റായുടെ ഓഫിസിൽ ദിനംപ്രതി കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേരെത്തും. അവിടെയെത്തിയാൽ സാന്റായുമായി സംവദിക്കാം. ഒപ്പംനിന്നു സെൽഫിയെടുക്കാം. കടകളിൽനിന്നു സാന്റാ വേഷങ്ങൾ, ക്രിസ്മസ് കാർഡുകൾ തുടങ്ങിയവ വാങ്ങാം.

 

ഗ്രാമത്തിലെ ഏറ്റവും വലിയ ആകർഷണം ഇവിടത്തെ തപാൽ ഓഫിസാണ്. സാന്റായ്ക്കു വരുന്ന കത്തുകൾ സ്വീകരിക്കാനായാണ് ഇതുണ്ടാക്കിയിരിക്കുന്നത്. 1985ൽ സ്ഥാപിക്കപ്പെട്ടശേഷം 15 കോടിയിൽപരം കത്തുകളാണു സാന്റായുടെ വിലാസത്തിൽ ഇവിടെ എത്തിയത്. 198 രാജ്യങ്ങളിൽ നിന്നുള്ള കത്തുകൾ. ക്രിസ്മസ് കാലം പ്രമാണിച്ച് ഒരു പ്രദർശനവും സാന്റാവില്ലേജിൽ ഒരുക്കിയിട്ടുണ്ട്. ചരിത്രകാലം മുതൽ ഇന്നത്തെക്കാലം വരെ ക്രിസ്മസ് ആഘോഷങ്ങളിൽ വന്ന മാറ്റം ഇവിടെ സന്ദർശകർക്കു കാണാൻ സാധിക്കും.സാന്റാ വില്ലേജിനു തൊട്ടടുത്താണ് ആർട്ടിക് സർക്കിൾ.  മാപ്പിലൊക്കെ കാണുന്ന ആ വൃത്തമില്ലേ; അതു തന്നെ.

സാന്റാ വില്ലേജിൽ പോകുന്നവർ ഡിസംബർ 23നു മുൻപു പോകണം.സാന്റാക്ലോസ് അതിനുശേഷം തന്റെ മാനുകളെ പൂട്ടിയ വണ്ടിയിൽ  ലോകപര്യടനത്തിനിറങ്ങും.

സാന്റാക്ലോസിനു കത്തെഴുതാൻ താൽപര്യമുണ്ടോ? ഇതാ വിലാസം

 

Santa Claus

Santa Claus Main Post Office

FL-96930 Arctic Circle

FINLAND

 

Content Summary : Interesting facts about Santa Claus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com