ADVERTISEMENT

സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ ചെറിയ പേടി തരുന്ന കാലയളവാണ് പരീക്ഷാക്കാലം. നിശ്ചയിച്ച സമയത്തിനുള്ളിൽ എല്ലാം പഠിച്ചുതീർക്കാൻ സാധിക്കുമോ, വരുന്ന ചോദ്യങ്ങൾ പാടുള്ളതായിരിക്കുമോ, നല്ലമാർക്ക് കിട്ടുമോ തുടങ്ങി ചിന്തകൾ അന്നേരം കടന്നുവരും. എന്നാൽ പരീക്ഷകളൊന്നും അധികമില്ലാത്ത സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം ഒരു രാജ്യത്തുണ്ട്. ലോകമെങ്ങും പെരുമ നേടിയതാണ് ആ രാജ്യത്തെ വിദ്യാഭ്യാസം. ഫിൻലൻഡാണ് ആ രാജ്യം. ഇവിടത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പരീക്ഷകൾ ഇല്ലെന്നു തന്നെ പറയാം. ഇടയ്ക്കിടെ നടത്തുന്ന സബ്ജക്ട് ടെസ്റ്റുകളോ, അസൈൻമെന്‌റുകളോ ഇല്ല. ഹോംവർക്കുകൾ വളരെ കുറവ്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയുള്ള പഠനമാണ് ഇവിടെ. ബിരുദപ്രവേശനത്തിനു മുൻപ് ഒരു പരീക്ഷ മാത്രം വിദ്യാർഥികൾ എഴുതിയാൽ മതിയാകും. പലരും ഈ പരീക്ഷ എഴുതുന്നത് ശരാശരി 19 വയസ്സിലാണ്.

 

സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ സംവിധാനങ്ങളുള്ള രാജ്യമായാണ് ഫിൻലൻഡ് വിലയിരുത്തപ്പെടുന്നത്. ശ്രദ്ധേയമായ ഒരുപാട് വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ഈ വടക്കൻ യൂറോപ്യൻ രാജ്യം, ലോകത്തെ സ്‌കൂൾവിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്ന പിസ (പ്രോഗ്രാം ഫോർ ഇന്റർനാഷനൽ സ്‌കൂൾ അസസ്മെന്റ്) പട്ടികയിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമുണ്ട്. വിഷയങ്ങൾ പഠിപ്പിച്ചു പോകുന്ന പരമ്പരാഗത ശൈലിക്കു പകരം വിജ്ഞാനം കുട്ടികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു ഫിൻലൻഡിലെ അധ്യാപനം. ഇൻക്വയറി ബേസ്ഡ് മോഡൽ, അഥവാ ചോദ്യങ്ങൾ ചോദിച്ച്, ചോദ്യങ്ങൾ വഴി വിഷയങ്ങൾ പഠിപ്പിക്കുക എന്ന ശൈലിയാണ് ഫിൻലൻഡിലെ സ്‌കൂളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.

 

ഓരോ തീമുകളായി തിരിച്ചാകും അധ്യാപനം.  

ചെറിയ ക്ലാസുകളിൽ വിലയിരുത്തൽ പരീക്ഷകളോ ഗ്രേഡിങ്ങോ ഇല്ല.ഹൈസ്‌കൂളിൽ തന്നെ ഗ്രേഡിങ് നടത്തുന്നത് ക്ലാസിലെ അധ്യാപകരാണ്.

ഫിന്നിഷ് സ്‌കൂളുകളിൽ ഒരു ക്ലാസുകളിലും യൂണിഫോം സമ്പ്രദായമില്ല.വിദ്യാഭ്യാസം, ഉച്ചഭക്ഷണം, പുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. ടീച്ചർമാർക്ക് വളരെയേറെ ബഹുമാനം നൽകുന്ന സമൂഹമാണ് ഫിൻലൻഡിലേത്. മാസ്റ്റർ ഡിഗ്രി അധ്യാപകർക്ക് നിർബന്ധമാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആകെ തളർന്ന് സാമ്പത്തികമായും തിരിച്ചടി നേരിട്ട ഫിൻലൻഡ് പിൽക്കാലത്ത് ഒരു വികസിത രാഷ്ട്രമായി വളർന്നതിനു പിന്നിൽ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ സ്ഥാനമുണ്ട്. ടീച്ചർമാർക്കു ലഭിക്കുന്ന ബഹുമാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. 

 

സ്‌കൂളുകളിൽ ആഴ്ചയിൽ 30 മണിക്കൂർ വരെ മാത്രമാണ് ക്ലാസ്.ഗൃഹപാഠങ്ങൾ കൊടുക്കുന്നതിനും പരിധിയുണ്ട്. എക്സ്ട്ര കരിക്കുലർ പ്രവർത്തനങ്ങളും കായികവിദ്യാഭ്യാസവും നിർബന്ധമായും സ്‌കൂളുകളിലുണ്ട്. വ്യത്യസ്തമായ കാലാവസ്ഥകളുള്ള രാജ്യമാണ് ഫിൻലൻഡ്.മഞ്ഞുകാലത്ത് സ്‌കീയിങ് പോലുള്ള കായിക പ്രവർത്തനങ്ങളാകും സ്‌കൂളിൽ. വേനൽക്കാലത്ത് മറ്റൊന്നും. കുട്ടികൾ നിർബന്ധമായും ഇതിൽ പങ്കെടുക്കും. കായികാധ്യാപനത്തിന്റെ ക്ലാസുകൾ മറ്റുവിഷയങ്ങൾക്കു വേണ്ടി മാറ്റാറില്ല.

 

ക്ലാസുകളിൽ ഒട്ടേറെ സപ്പോർട്ട് ടീച്ചേഴ്സുമുണ്ടാകും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് വേണ്ട ശ്രദ്ധ ഇവർ കൊടുക്കും. ഒരു ടീച്ചർ ക്ലാസെടുക്കുമ്പോൾ തന്നെ സപ്പോർട്ട് ടീച്ചേഴ്സ് അവരുടെ വിദ്യാർഥികൾക്കൊപ്പം ക്ലാസിലിരിക്കുകയും കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യും.

ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പലപ്പോളും ഫിൻലൻഡ് മുന്നിലെത്താറുണ്ട്.  ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്‌നബിൾ ഡവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്കാണ് ഇതിന്റെ വിലയിരുത്തലുകൾ നടത്തുന്നത്.ജിഡിപി മുതൽ ആരോഗ്യനിലവാരം വരെ ഇതിനായി പരിഗണിക്കും.

 

എന്തുകൊണ്ടാണ് ഫിൻലൻഡിൽ ഇത്രയും സന്തോഷം? അതിശൈത്യവും ആറുമാസത്തോളം ഇരുണ്ട സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയുമൊക്കെ ഫിൻലൻഡിലുണ്ട്. എന്നാൽ ഇതൊന്നും ഫിന്നിഷുകാരുടെ സന്തോഷം കെടുത്തുന്നില്ല. ഏതു കാലാവസ്ഥയിലും തങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാൻ ഫിൻലൻഡുകാർക്ക് അറിയാമത്രേ. രണ്ടാമത്തെ കാര്യം പ്രകൃതിഭംഗിയാണ്. നല്ല ഇടതൂർന്ന കാടുകളും തെളിഞ്ഞ തടാകങ്ങളുമൊക്കെ ഫിൻലൻഡിൽ ധാരാളമുണ്ട്. മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെയും യുഎസിനെയുമൊക്കെ അപേക്ഷിച്ച് മത്സരം കുറഞ്ഞ സമൂഹമാണത്രേ ഫിൻലൻഡ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള മത്സരത്തേക്കാൾ പരസ്പര സഹകരണത്തിനാണു ഫിൻലൻഡുകാർക്കു താൽപര്യം. അതേ പോലെ തന്നെ കുറഞ്ഞ കുറ്റകൃത്യ നിരക്കുകളാണ് ഫിൻലൻഡിൽ.

 

Content Summary : No Homework, no board exams for children In Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com