ADVERTISEMENT

എഐ ക്യാമറ, എഐ റോബട്, എഐ കണ്ണട   എഐ എല്ലായിടത്തും സജീവമാവുകയാണ്. ഐടി പാഠപുസ്തകങ്ങളിൽ എഐ പഠിക്കാനുമുണ്ടല്ലോ. എഐയുടെ തുടക്കവും വളർച്ചയും ഭാവിയും എല്ലാം ഏതാനും ലക്കങ്ങളിലായി കൂട്ടുകാർക്ക് പറഞ്ഞുതരാം.

നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടിയെക്കുറിച്ച് കൂട്ടുകാർ പഠിപ്പുരയിൽ നിന്നുതന്നെ വായിച്ചറിഞ്ഞിട്ടുണ്ടല്ലോ. മനുഷ്യനെപ്പോലെ തന്നെ പ്രവർത്തിക്കാൻ കഴിവുള്ള യന്ത്രമനുഷ്യരൊക്കെ ഇപ്പോൾ ആശുപത്രികളിലും റസ്റ്ററന്റുകളിലുമൊക്കെ സജീവമാണ്. യുദ്ധം ചെയ്യാനും കവിതയും കഥയുമൊക്കെ എഴുതാനും എഐ റെഡി. എന്നാൽ, നിർമിത ബുദ്ധിയുടെ അതിപ്രസരം അപകടമുണ്ടാക്കുമെന്ന് പറഞ്ഞ് എഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ ഗൂഗിളിൽ നിന്ന് കഴിഞ്ഞ മാസം രാജിവച്ചതും നമ്മൾ കണ്ടു. എന്താണ് എഐ? എങ്ങനെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് എഐ വളർന്നു പന്തലിച്ചത്?

 

എഐയെ പഠിപ്പിക്കാൻ മെഷീൻ ലേണിങ്

 

നിങ്ങൾ ഒരു വർഷം എത്ര പാഠപുസ്തകങ്ങൾ പഠിക്കുന്നുണ്ടാവും? അവയിൽ എത്ര പേജുകളുണ്ടാവും? അവയൊക്കെ വായിച്ചു മനസ്സിലാക്കിയാൽ തന്നെ അതിൽ എത്രമാത്രം ഓർമയിൽ നിൽക്കും? അങ്ങനെ എത്രയെത്ര വർഷത്തെ പഠനത്തിനു ശേഷമാണ് വിദ്യാഭ്യാസം പൂർത്തിയാകുന്നത്. എന്നാൽ, നിങ്ങൾ 12 വർഷം സ്കൂളിൽ പഠിക്കുന്ന പാഠപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാൻ കംപ്യൂട്ടറിന് ഏതാനും മണിക്കൂറുകൾ മാത്രം മതി. പഠിച്ചതൊന്നും അത് മറന്നുപോവുകയുമില്ല. കംപ്യൂട്ടറിനു മനുഷ്യരെപ്പോലെ വായിക്കാൻ കഴിയില്ലെന്നറിയാമല്ലോ. കംപ്യൂട്ടറിനെ പഠിപ്പിക്കേണ്ട വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ അതിന്റെ മെമ്മറിയിൽ ഫീഡ് ചെയ്ത ശേഷം ആ വിവരങ്ങൾ സ്വയം പഠിക്കാനായി കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്ന സംവിധാനമാണ് മെഷീൻ ലേണിങ്. എഐയുടെ വിദ്യാഭ്യാസ സമ്പ്രദായമാണിത്.

 

മനുഷ്യനും റോബട്ടും തമ്മിൽ എന്താണ് വ്യത്യാസം

 

മനുഷ്യന് ജീവനുണ്ട് റോബട്ടിന് അതില്ല എന്നത് ഏറ്റവും പ്രധാനം. മനുഷ്യശരീരം രക്തവും മാംസവുമാണെങ്കിൽ റോബട് പ്ലാസ്റ്റിക്കും ലോഹവുമൊക്കെയാണ്. ബുദ്ധിയും വികാരവിചാരങ്ങളും കലാസൃഷ്ടികൾ നടത്താനുള്ള സർ​ഗശേഷിയും ഉള്ള ജീവിയാണ് മനുഷ്യൻ. എന്നാൽ, ഇന്ന് മനുഷ്യരെക്കാൾ ബുദ്ധിയും ഓർമശക്തിയും സർ​ഗശേഷിയുമുള്ള റോബട്ടുകളുണ്ട്. വികാരവിചാരങ്ങൾ പ്രകടിപ്പിക്കാനും അവയ്ക്കു കഴിയും. ഇത് റോബട്ടുകൾക്ക് സ്വാഭാവികമായി ലഭിച്ചതല്ല. അവയെ നിർമിച്ച മനുഷ്യൻ പഠിപ്പിച്ചെടുത്തതാണ്. ഇത്തരത്തിൽ മനുഷ്യൻ പഠിപ്പിച്ചും പരിശീലിപ്പിച്ചും നിർമിച്ചെടുത്ത ബുദ്ധിയെ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിതബുദ്ധി എന്നു വിശേഷിപ്പിക്കുന്നത്.

 

കംപ്യൂട്ടർ ഭാഷയും വേണ്ട

കംപ്യൂട്ടറിന്റേത് ബൈനറി ഭാഷയാണെന്നു നിങ്ങൾ പഠിച്ചിട്ടുണ്ടല്ലോ. ഒന്നും പൂജ്യവും അടങ്ങുന്ന ഭാഷ. എന്നാൽ, അതിനു പഠിക്കാനുള്ളതെല്ലാം മനുഷ്യർക്കു വേണ്ടി എഴുതപ്പെട്ട പുസ്തകങ്ങളും വെബ്സൈറ്റുകളും മനുഷ്യർക്ക് കാണാനും കേൾക്കാനുമായി  സൃഷ്ടിക്കപ്പെട്ട വിഡിയോകളും സംഭാഷണങ്ങളുമാണ്. ഇവയെല്ലാം കംപ്യൂട്ടർ ഭാഷയിലേക്ക് മാറ്റുന്നതിനെക്കാൾ എളുപ്പം കംപ്യൂട്ടറിനെ മനുഷ്യന്റെ ഭാഷ മനസ്സിലാക്കാൻ പഠിപ്പിക്കുകയാണെന്ന  തിരിച്ചറിവിൽ വികസിപ്പിച്ച സംവിധാനമാണ് നാച്വറൽ ലാം​ഗ്വേജ് പ്രോസസിങ്. മനുഷ്യർ എഴുതുന്നതും പറയുന്നതുമെല്ലാം അതിന്റെ യഥാർഥ അർഥത്തിൽ മനസ്സിലാക്കാനുള്ള കഴിവാണിത്. നാച്വറൽ ലാംഗ്വേജ് പ്രോസസിങ് വഴി മെഷീൻ ലേണിങ്ങിലൂടെയാണ് എഐ തയാറാവുന്നത്. എഐയുടെ ഇടംകയ്യും വലംകയ്യുമാണിവ.

 

മനുഷ്യബുദ്ധിക്ക് അനേകായിരം വർഷങ്ങൾ കൊണ്ട് ​ഗ്രഹിച്ചെടുക്കാൻ കഴിയുന്ന കാര്യങ്ങൾ എഐ ഇത്തരത്തിൽ ഏതാനും ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾ കൊണ്ടോ ​ഗ്രഹിച്ചെടുക്കുമെന്ന് പറഞ്ഞല്ലോ. ഇത്തരത്തിൽ അദ്ഭുതസിദ്ധികളുള്ള ഒരു കംപ്യൂട്ടർ സംവിധാനം പെട്ടെന്ന് ഉണ്ടായതൊന്നുമല്ല. മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് എഐയുടെ ചരിത്രവും എന്നു പറയാം. പൂർണമായും വിശ്വസിക്കാവുന്ന, ഒട്ടേറെ കഴിവുകളുള്ള ഒരു അദ്ഭുതസൃഷ്ടിക്കായി അതിപുരാതന കാലം മുതൽക്കേ മനുഷ്യൻ ശ്രമം നടത്തിയിരുന്നു. മനുഷ്യർ സ്വപ്നം കണ്ടതുപോലെ രൂപപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന എഐ അഥവാ നിർമിത
ബുദ്ധിയുടെ പിറവിയെയും പരിണാമത്തെയും പറ്റി അടുത്തയാഴ്ച.

 

Content Summary : Artificial intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com