കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം; ഇരവികുളം വിവരങ്ങൾ

ഞാൻ തീരെക്കുഞ്ഞാടേ... ഇരവികുളം നാഷനൽ പാർക്കിലെ 3 ദിവസം പ്രായമായ വരയാടിൻകുഞ്ഞ്. രാജമലയിൽ നിന്നുള്ള കാഴ്ച. ചിത്രം: റെജു അർനോൾഡ്∙മനോരമ
ഞാൻ തീരെക്കുഞ്ഞാടേ... ഇരവികുളം നാഷനൽ പാർക്കിലെ 3 ദിവസം പ്രായമായ വരയാടിൻകുഞ്ഞ്. രാജമലയിൽ നിന്നുള്ള കാഴ്ച. ചിത്രം: റെജു അർനോൾഡ്∙മനോരമ
SHARE

ദേശീയോദ്യാനം സംരക്ഷിത പ്രദേശങ്ങൾ ഇവയൊക്കെ വിവിധ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ? ഈ സംഭാഷണങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ മനസിലാക്കാം

വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ദേശീയോദ്യാനമാണ് ഇരവികുളം ദേശീയപാർക്ക്’ ചിന്നുമോൾ ഏതോ പുസ്തകം നോക്കി ഉറക്കെ വായിക്കുകയാണ്...       

‘എന്താ ചിന്നൂ, സ്കൂൾ തുറന്നതല്ലേയുള്ളൂ .... ക്വിസ് മത്സരങ്ങളും മറ്റും നേരത്തേ തുടങ്ങിയോ ?’ അച്ഛൻ ചോദിച്ചു. ‘ഇല്ലച്ഛാ... പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് ദേശീയോദ്യാനങ്ങളക്കുറിച്ച് സ്കൂളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ഞാൻ അവതരിപ്പിക്കേണ്ടത് ഇരവികുളം നാഷനൽ പാർക്കിനെക്കുറിച്ചാണ്. എനിക്കു കുറച്ച് വിവരങ്ങൾ പറഞ്ഞു തരുമോ’                

‘പെട്ടന്നങ്ങനെ ചോദിച്ചാൽ..... ഓർമ വരുന്നവ പറഞ്ഞു തരാം.. നീ കണ്ടുപിടിക്കുന്ന വിവരങ്ങളും ഇതോടൊപ്പം ചേർക്കണം കേട്ടോ’– അച്ഛൻ പറഞ്ഞുതുടങ്ങി..           

‘നമ്മുടെ മൂന്നാറിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. കൃത്യമായി പറഞ്ഞാൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ, തേയിലത്തോട്ടങ്ങളുടെയും മറ്റു ചില വന്യജീവി സങ്കേതങ്ങളുടെയും മധ്യഭാഗത്തായാണ് ഇതിന്റെ സ്ഥാനം.’             

‘വരയാടുകളെ മാത്രമാണോ ഇവിടെ സംരക്ഷിക്കുന്നത്?’ ചിന്നുവിന്റെ സംശയങ്ങൾ തുടങ്ങുകയായി..         

‘അല്ല. രണ്ടു ഡസനിലധികം മറ്റു സസ്തനി വർഗങ്ങളും 130ൽപരം  പക്ഷിയിനങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു... കാട്ടുപോത്ത്, കരിങ്കുരങ്ങ്, പുള്ളിപ്പുലി, കരിമ്പുലി, കാട്ടു പൂച്ച ,തുടങ്ങിയ മൃഗങ്ങളും, കൊമ്പൻ വാനമ്പാടി, ചൂള കാക്ക, മലവരമ്പൻ തുടങ്ങിയ പക്ഷികളും  ഇവിടെ കാണപ്പെടുന്നുണ്ട്. അപൂർവയിനം ഓർക്കിഡുകളും ഭംഗിയുള്ള കാട്ടുപൂക്കളുമൊക്കെ ഇവിടെ കാണാം.  നയന മനോഹരങ്ങളായ പുൽമേടുകളിൽ പട്ടുതാളി, മഴവാക, ചോള രുദ്രാക്ഷം കാട്ടുചെമ്പകം തുടങ്ങിയ കാട്ടുസസ്യങ്ങളും കാണാം. എങ്കിലും ഏറ്റവും പ്രധാന ആകർഷണം 12 വർഷത്തിലൊരിക്കൽ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി തന്നെ’.

    ‘ഹായ്, എന്തൊരു രസമായിരിക്കും താഴ്‌വരകളിലെ ഈ പൂക്കൾ കണ്ടു നടക്കാൻ .. ഈ പ്രദേശം ‘കുറിഞ്ഞി ഉദ്യാനം’ എന്ന പേരിൽ അറിയപ്പെടുന്നതായി ഞാൻ വായിച്ചിട്ടുണ്ട്’. ചിന്നുമോൾ താൻ പൊതുവിജ്ഞാനത്തിൽ മോശമല്ല എന്ന ഭാവത്തോടെ അച്ഛനെ നോക്കി.                  

‘എന്നാൽ ഒന്നുകൂടിപ്പറയാം.. ലോകത്തെ ഏറ്റവും വലിയ ശലഭ ഇനമായി കരുതപ്പെടുന്ന അറ്റ്ലസ് നിശാശലഭവും ഈ ദേശീയോദ്യാനത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു....’                                  

‘എന്നാൽ ഞാനും ഒന്നുകൂടിപ്പറയാം .... ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും ഇവിടെത്തന്നെയല്ലേ...’     

‘അതെയതെ... നീ മിടുക്കി തന്നെ സമ്മതിച്ചു. സമുദ്രനിരപ്പിൽ നിന്നും ശരാശരി 2000 മീറ്റർ ഉയരത്തിൽ  സ്ഥിതി ചെയ്യുന്ന  ഇരവികുളം കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണെന്നുകൂടി ഇതോടൊപ്പം ചേർത്തു പറയാം. ഇക്കോ പോയിന്റ്, രാജമല തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷക കേന്ദ്രങ്ങൾ എന്നുകൂടി ഓർക്കുക’ 

‘അച്ഛാ ഇവിടത്തെ പ്രധാന സംരക്ഷിത മൃഗമായ വരയാടിന്റെ ശാസ്ത്രീയ നാമം കൂടി പറഞ്ഞു തരാമോ?’   

കുറച്ച് ആലോചിച്ച ശേഷം അച്ഛൻ പറഞ്ഞു: ‘നീലഗിരി ട്രാഗസ് ഹൈലോക്രിയസ്.’                             

‘ഇതിലൂടെ ഒഴുകുന്ന പ്രധാന നദിയാണ് പാമ്പാർ’.

‘അച്ഛാ ഒരേയൊരു ചോദ്യം കൂടി. എന്താണ് ഈ സംരക്ഷിത പ്രദേശമെന്നതു കൊണ്ട് അർഥമാക്കുന്നത്?’

‘അതോ .....പേരിൽ തന്നെയുണ്ട് ഉത്തരം. വേട്ടയാടൽ, കൃഷിയിറക്കൽ, മേയൽ, മറ്റുവികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം നിരോധിച്ചുകൊണ്ട് ജന്തുജീവജാലങ്ങളെ സംരക്ഷിക്കുന്ന സങ്കേതമാണ് സംരക്ഷിത പ്രദേശം. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഇരവികുളം ദേശീയോദ്യാനങ്ങൾ പോലുള്ളവ മൂലം പ്രകൃതി കുറയെങ്കിലുമൊക്കെ സംരക്ഷിക്കപ്പെടുന്നുണ്ടല്ലോ എന്നോർക്കുമ്പോഴാണ് തെല്ലൊരാശ്വാസം...’

‘ശരിയച്ഛാ എന്റെ അവതരണം ഞാൻ തകർക്കും’                 

‘ശരി ചിന്നൂ..... അടിച്ചുപൊളിക്ക്’  

പതിവുപോലെ പൊട്ടിച്ചിരിയോടെ ആ സംഭാഷണവും അവസാനിച്ചു.

Content Summary : Interesting facts about Eravikulam

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS