ADVERTISEMENT

വീട്ടിലെ ദാരിദ്ര്യം മൂലം പഠിപ്പുനിർത്തി തുണിമില്ലിൽ പണിയെടുക്കേണ്ടി വന്ന പെൺകുട്ടിയായിരുന്നു വാലന്റീന വ്ലാഡിമിറോവ്‌ന തെരെഷ്കോവ. 1937 മാർച്ച് 6ന് യരസ്ലാവ്ലിനടുത്തു മസ്‌ലെന്നികോവോയിലാണ് ജനിച്ചത്. വോൾഗാ നദിക്കരയിലുള്ള ഗ്രാമമായിരുന്നു അത്. ട്രാക്ടറോടിക്കുന്ന ആളായിരുന്നു അച്ഛൻ. അമ്മയ്ക്കു തുണിമില്ലിലായിരുന്നു പണി. വീണുകിട്ടുന്ന സമയങ്ങളിൽ അവൾ സ്വയം പഠിച്ചു. സ്വപ്നങ്ങൾ കാണാനും അതിനു പിന്നാലെ ഏതറ്റം വരെ പോകാനും വാലന്റീന ഒരുക്കമായിരുന്നു. അങ്ങനെയാണ് പാരഷൂട്ട് ചാട്ടം പഠിച്ചത്. നാട്ടിലെ എയർ സ്പോർട്സ് ക്ലബ്ബിൽ ചേർന്ന് അതിൽ മികവു നേടി.

ബഹിരാകാശത്തെ സോവിയറ്റ് കൊടി

സോവിയറ്റ് യൂണിയനും യുഎസും തമ്മിലുള്ള ചേരിപ്പോരു മുറുകിനിന്ന കാലമായിരുന്നു അത്. ഭൂമിയിലെ മികവിനായുള്ള പോരാട്ടം ബഹിരാകാശത്തേക്കും നീണ്ടു. ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയെന്ന നേട്ടം യൂറി ഗഗാറിനിലൂടെ സ്വന്തമാക്കിയ സോവിയറ്റുകൾ ആ നേട്ടം സ്വന്തമാക്കുന്ന വനിതയും അവിടെ നിന്നാകണമെന്ന നിർബന്ധത്തിലായിരുന്നു. ബഹിരാകാശ യാത്രയ്ക്കായുള്ള പരിശീലനത്തിനായി നാനൂറോളം പേരാണ് അപേക്ഷിച്ചത്. അതിൽ നിന്ന് അഞ്ചുപേരെ തിരഞ്ഞെടുത്തു. 18 മാസത്തെ കഠിനപരിശീലനമാണു നൽകിയത്. മാനസിക, ശാരീരിക ശേഷികളെ അളക്കുന്ന പല പരീക്ഷണങ്ങളിലൂടെ അവർ കടന്നുപോയി. അവസാന കടമ്പ കടന്നതു നാലുപേരായിരുന്നു. അവരിൽ ഒരാളായിരുന്നു വാലന്റീന.

പാർട്ടിയും പാരഷൂട്ടും

രണ്ടു പേടകങ്ങളിലായി അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു വനിതകളെ ബഹിരാകാശത്തേക്ക് അയയ്ക്കാനായിരുന്നു ആദ്യ പരിപാടി. വോസ്തോക് 5 പേടകത്തിൽ വാലന്റീനയും വോസ്തോക് 6ൽ പൊനൊമര്യോവയും യാത്ര നടത്താൻ ഏതാണ്ടു തീരുമാനമായി. എന്നാൽ പിന്നീട് ഒരു വനിതയെ മാത്രം ബഹിരാകാശത്തേക്ക് അയച്ചാൽ മതിയെന്നു തീരുമാനിച്ചു. വോസ്തോക് 5ൽ വലേറി ബികോവ്‌സ്കിയെന്ന പുരുഷ സഞ്ചാരി നിയോഗിക്കപ്പെട്ടു. ഭാഗ്യം വാലന്റീനയ്ക്കൊപ്പം നിന്നു. എല്ലാ മാനദണ്ഡങ്ങളും ഒരുപോലെ ഇണങ്ങിയതോടെ ചരിത്രയാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൈലറ്റായി ജോലി നോക്കിയിരുന്നില്ലെങ്കിലും പാരഷൂട്ട് ചാട്ടത്തിലെ പരിചയവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്നതും തുണയായി. അക്കാലത്തു ബഹിരാകാശ വാഹനങ്ങൾ ഭൂമിയിലേക്കു തിരിച്ചെത്തുമ്പോൾ നിലം തൊടുന്നതിന് ഏതാനും സെക്കൻഡുകൾ മുൻപ് യാത്രികർ പാരഷൂട്ടിട്ട് ചാടണമായിരുന്നു. അതാണ് വാലന്റീനയുടെ ഭാഗ്യമായി മാറിയത്. വാലന്റീനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ യാത്ര നടത്താൻ പകരക്കാരിയായി സൊളൊവ്യോവയും തയാറായി.

വലേറിയും വാലന്റീനയും

1963 ജൂൺ 16ന് വോസ്തോക് 6 പേടകത്തിൽ വാലന്റീന ഭൂമിയുടെ അതിരുകൾ ഭേദിച്ച് കുതിച്ചു. രണ്ടു ദിവസവും 23 മണിക്കൂറും 12 മിനിട്ടും നീണ്ട പറക്കലിനിടെ 48 വട്ടം ഭൂമിയെ വലംവച്ചു. സോവിയറ്റ് ടെലിവിഷൻ വാലന്റീനയുടെ ചിത്രങ്ങളാൽ നിറഞ്ഞു. വോസ്തോക് 5, 6 വാഹനങ്ങൾ ബഹിരാകാശത്ത് 5 കിലോമീറ്റർ അടുത്തുവരെ വന്നു. വലേറിയും വാലന്റീനയും സംസാരിക്കുകയും ചെയ്തു.

ചാരമാകുമായിരുന്ന ചരിത്രയാത്ര

വാലന്റീന തെരെഷ്കോവയുടെ യാത്രയെ സംബന്ധിച്ച് സോവിയറ്റ് യൂണിയൻ ഏറെക്കാലം സൂക്ഷിച്ചിരുന്നൊരു രഹസ്യമുണ്ട്. ആ യാത്ര വലിയൊരു ദുരന്തമായി മാറാമായിരുന്നു. പേടകത്തിന്റെ നാവിഗേഷൻ സോഫ്റ്റ്‌വെയറിൽ ഗുരുതരമായൊരു പിഴവുണ്ടായിരുന്നു. ഭൂമിയിൽ നിന്ന് അകന്നുപോകും വിധമാണ് അതു ക്രമീകരിച്ചിരുന്നത്. ഈ പിഴവ് ശ്രദ്ധയിൽപെട്ട തെരെഷ്കോവ ശാസ്ത്രജ്ഞരെ അറിയിക്കുകയും അവർ പുതിയൊരു ആൽഗരിതം വികസിപ്പിച്ചെടുത്ത് അപകടം ഒഴിവാക്കുകയുമായിരുന്നു. അല്ലെങ്കിൽ ആ ചരിത്രയാത്ര ചാരമാകുമായിരുന്നു.

സ്പെയ്സ് സ്യൂട്ടിൽ‌ ഒരു സന്ദർശക

വാലന്റീന ഭൂമി തൊട്ടത് ഇന്നു ചൈനയുടെയും മംഗോളിയയുടെയും കസഖ്സ്ഥാന്റെയുമെല്ലാം അതിർത്തിയായ ആൾട്ടായ് മേഖലയിലെ ഒരു ഗ്രാമത്തിലാണ്. സ്പേസ് സ്യൂട്ടിട്ട് ഇറങ്ങിയ വാലന്റീനയെ ഗ്രാമീണർ സ്നേഹം കൊണ്ടുമൂടി. നിർബന്ധിച്ച് അവർ ആഹാരം വിളമ്പി. ആ ക്ഷണം നിരസിക്കാനായില്ല. വൈദ്യ പരിശോധനകൾക്കു മുൻപ് ആഹാരം കഴിക്കരുതെന്ന നിർദേശത്തിനു വിരുദ്ധമായിരുന്നു ഇത്. ഉദ്യോഗസ്ഥരിൽ നിന്നു കടുത്ത ശകാരമാണ് കേൾക്കേണ്ടി വന്നത്.

വാലന്റീന സോവിയറ്റ് യൂണിയന്റെ വീരനായികയായി പ്രഖ്യാപിക്കപ്പെട്ടു. ഇരുപത്തിയാറാം വയസ്സിൽ വലിയ താരമായി മാറി. ബഹിരാകാശ യാത്രികനായ ആൻഡ്രിയൻ നിക്കൊളായേവിനെയാണ് വാലന്റീന വിവാഹം ചെയ്തത്. ഇവരുടെ മകൾ എലീനയ്ക്കൊരു സവിശേഷതയുണ്ടായിരുന്നു– ബഹിരാകാശ യാത്ര നടത്തിയ ദമ്പതികൾക്ക് ആദ്യമായുണ്ടായ കുട്ടി!

 

Content Summary : 60 Years of the First Woman in Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com