ADVERTISEMENT

ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ദ്വീപ് ഏതെന്നു തിരഞ്ഞാൽ കിട്ടുന്ന ഉത്തരം പോവെഗ്ലിയ എന്നതാകും. ഇറ്റലിയുടെ കീഴിലുള്ള ഈ ദ്വീപിൽ ധാരാളം ക്രൂരതയും പടുമരണങ്ങളും നടന്നിട്ടുള്ളതാണ്. ഇവിടെ പ്രേതസാന്നിധ്യമുണ്ടെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. ദ്വീപിന്റെ ഈ പ്രത്യേകതകൾ പരിഗണിച്ച് അങ്ങോട്ടുള്ള പ്രവേശനം പൊതുജനങ്ങൾക്ക് ഇറ്റാലിയൻ സർക്കാർ വിലക്കിയിട്ടുണ്ട്.

 

ഇറ്റലിയിലെ വെനീസിനും ലിഡോയ്ക്കുമിടയിൽ, മെഡിറ്ററേനിയൻ കടലിനെ തൊട്ടു കിടക്കുന്ന വെനീഷ്യൻ കായലിൽ സ്ഥിതി ചെയ്യുന്ന 18 ഏക്കർ മാത്രം വിസ്തീർണമുള്ള ചെറുദ്വീപാണ് പോവെഗ്ലിയ. 421 എഡി മുതൽ ദ്വീപിനെക്കുറിച്ചുള്ള ചരിത്രം ലഭ്യമാണ്. അവിടെ താമസിച്ചവർ പോവഗ്ലിയോട്ടി എന്ന് അറിയപ്പെട്ടു. ഇറ്റലിയിലെ സജീവമായ ഒരു സാമ്പത്തിക, വാണിജ്യകേന്ദ്രമായിരുന്നു പഴയകാലത്ത് ദ്വീപ്. എന്നാൽ 1378 മുതൽ 81 വരെ വെനീസും മറ്റൊരു ഇറ്റാലിയൻ പ്രവിശ്യയായ ജെനോവയും തമ്മിൽ വലിയ ഒരു യുദ്ധം നടന്നു. ഈ സമയത്ത് വെനീസിലെ സർക്കാർ, തങ്ങളുടെ അധീനതയിലായിരുന്ന പോവെഗ്ലിയയിലെ ആളുകളെ താൽക്കാലികമായി വെനീസിലേക്കു മാറ്റിപ്പാർപ്പിച്ചു. യുദ്ധം താമസിയാതെ അവസാനിച്ചെങ്കിലും പോവഗ്ലെിയയിൽ നിന്നു പോയവരിൽ ഭൂരിഭാഗവും ഇങ്ങോട്ട് തിരിച്ചു വന്നില്ല. ദ്വീപ് ആൾപാർപ്പില്ലാതായി.

poveglia-island-in-italy1
A scenic view of the abandoned Poveglia island in the Venetian Lagoon in Italy. Photo Credits: Wirestock/ istock.com

 

പിന്നീട് അടുത്ത നൂറ്റാണ്ടിൽ വെനീസിൽ ബൂബോണിക് പ്ലേഗ് എന്ന പകർച്ചവ്യാധി പടർന്നുപിടിച്ചു.രോഗികളെ മറ്റുള്ളവരിൽ നിന്നു മാറ്റി താമസിപ്പിക്കാനായി സർക്കാർ പോവെഗ്ലിയയാണ് തിരഞ്ഞെടുത്തത്. ദ്വീപ് ആൾപാർപ്പില്ലാതെ കിടക്കുകയാണല്ലോ. പോവെഗ്ലിയയിലേക്കു കൊണ്ടുപോകുന്നു എന്നു പറഞ്ഞാൽ മരിക്കാനുളള വിധിയായി എന്നായിരുന്നു വെനീസിലെ വിശ്വാസം.ചെറിയ രീതിയിലെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ഇങ്ങോട്ട് ബലമായി എത്തിച്ചു.ഇവരിൽ പലർക്കും പ്ലേഗ് ഉണ്ടായിരുന്നില്ല.എന്നാൽ ദ്വീപിൽ വന്നതിനു ശേഷം ഇവരും രോഗികളായി.

 

പ്ലേഗ് ബാധിച്ചവരെ കൂട്ടമായി പാർപ്പിക്കുന്നു എന്നതിനപ്പുറം വൈദ്യസഹായമോ ശുശ്രൂഷയോ ഇവിടെ കുറവായിരുന്നു. ഇതിനാൽ പോവെഗ്ലിയയിൽ എത്തിയ ഒന്നരലക്ഷത്തിലധികം രോഗികൾ ഇവിടെ മരിച്ചു വീണു. ഇവരുടെ ശവം കത്തിച്ചു കളഞ്ഞു. ഇക്കൂട്ടത്തിൽ മരിക്കാതെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും കിടന്ന രോഗികളുമുണ്ടായിരുന്നു.ഇവർ ജീവനോടെ ദഹിപ്പിക്കപ്പെട്ടു. തീ ശരീരത്തെ ആക്രമിച്ചപ്പോൾ ബോധം കൈവരിച്ചെഴുന്നേറ്റ് നിലവിളിച്ച ഇവരുടെ ആർത്തനാദങ്ങൾ നിസ്സഹായതയിൽ ഒടുങ്ങി. പോവെഗ്ലിയയിലെ മണ്ണിന്റെ അൻപതു ശതമാനത്തോളം അന്നു മരിച്ചവരുടെ ശവത്തിന്റെചാരമാണെന്നാണ് ചില ഇറ്റലിക്കാർ പറയുന്നത്.

 

പിൽക്കാലത്ത് 1630ൽ വെനീസിൽ വീണ്ടും പ്ലേഗിന്റെ ആക്രമണമുണ്ടായി. അന്നും രോഗബാധയേറ്റവരെ പോവെഗ്ലിയയിലേക്കാണ് കൊണ്ടുപോയത്. മൂന്നു നൂറ്റാണ്ട് മുൻപ് നടന്ന കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു. പ്ലേഗ് കാലഘട്ടം കഴിഞ്ഞു കുറേക്കാലം ദ്വീപ് വെറുതെ കിടന്നു. പിന്നീട് ഇറ്റലിയിൽ ആധിപത്യം സ്ഥാപിച്ച ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ദ്വീപിനെ തന്റെ ആയുധപ്പുരയാക്കി മാറ്റി.ഇതെത്തുടർന്ന് ഇവിടെയുണ്ടായ യുദ്ധങ്ങളിലും കുറേയേറെ ആളുകൾ മരിച്ചു.

 

1922ൽ നീണ്ട നാളുകളുടെ ഉറക്കത്തിനു ശേഷം ദ്വീപിൽ ഒരു സ്ഥാപനം തുറന്നു. 'റിപ്പാർട്ടോ സൈക്യാട്രിയ' എന്നു പേരായ ഒരു മാനസികാശുപത്രിയായിരുന്നു അത്.ക്രൂരതയുടെ മറ്റൊരു അധ്യായമായിരുന്നു ഈ ആശുപത്രി. ഇവിടെയെത്തിക്കുന്ന രോഗികളിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ആശുപത്രിയുടെ ചീഫ് ഡോക്ടറുടെ ലക്ഷ്യം. മാനസികാരോഗ്യ മേഖലയിൽ വിമർശനങ്ങൾക്കു കാരണമായ ലോബോട്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ അനാവശ്യമായി രോഗികളുടെ മേൽ ആശുപത്രി അധികൃതർ നടത്തി. വളരെ പ്രാചീനമായ രീതികൾ ഉപയോഗിച്ചുള്ള ഈ ശസ്ത്രക്രിയകളിലും മറ്റും രോഗികൾ വളരെ വേദനയനുഭവിച്ചിരുന്നു. ചില രോഗികൾ പണ്ട് പ്ലേഗ് ബാധിച്ചവരുടെ ആത്മാക്കളെ കണ്ടെന്നും അവർ നിലവിളിക്കുന്നതു കേട്ടെന്നുമൊക്കെ പറഞ്ഞ് ബഹളം കൂട്ടിയതായും റെക്കോർഡുകളുണ്ട്.

 

പിന്നീട് ഒരു സംഭവം നടന്നു.ആശുപത്രിയുടെ ഉടമസ്ഥനായ ചീഫ് ഡോക്ടർ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. രോഗികൾ മൂലമുണ്ടായ മാനസിക സമ്മർദ്ദം മൂലമാണ് ഇതു ചെയ്തതെന്നാണു കരുതപ്പെടുന്നത്. കൊലപാതകമാണോയെന്ന സംശയവും ബാക്കിയാണ്.ഏതായാലും ആ മരണത്തോടെ ആശുപത്രി അടച്ചുപൂട്ടി. പോവോഗ്ലിയയും പിന്നീട് ആൾപാർപ്പില്ലാതായി.1968ൽ സർക്കാർ ദ്വീപ് പൂർണമായും അടച്ചു.

ഇന്ന് പോവെഗ്ലിയയെ ഒരു ശപിക്കപ്പെട്ട സ്ഥലമായാണ് വെനീസിലെയും ഇറ്റലിയിലെയും ആളുകൾ കാണുന്നത്.വിനോദസഞ്ചാരികൾക്കൊന്നും അങ്ങനെയൊന്നും ഇവിടെ പ്രവേശനം ലഭിക്കില്ല. ഇറ്റലിയിലെ മത്സ്യത്തൊഴിലാളികൾ പോലും തങ്ങളുടെ ബോട്ട് പോവെഗ്ലിയയുടെ തീരങ്ങളിലേക്ക് അടുക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

 

Content Summary : Poveglia island in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com