ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല; ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് 100 വയസ്

world-radio-day
Representative image. Photo Credits: Muse studio/ Shutterstock.com
SHARE

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിടുന്നത് 1923 ജൂണിലാണ്. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബാണ് ഇന്ത്യയിലെ ആദ്യ പ്രക്ഷേപണത്തിന് ചുക്കാൻപിടിച്ചത്. സ്വകാര്യമേഖലയിൽ ആരംഭിച്ച ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കീഴിൽ ബോംബെ റേഡിയോ നിലയം 1927 ജൂലൈ 23ന് വൈസ്രോയി ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു. അതേ വർഷം ഇതേ കമ്പനിയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിലും ഒരു റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടു, ഓഗസ്റ്റ് 23ന്. 1924 ജൂലൈ 31ന് മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ് ആരംഭിച്ചതോടെ ദക്ഷിണ ഇന്ത്യയിലെ ആദ്യ റേഡിയോ പ്രക്ഷേപണത്തിനും തുടക്കമായി. 

വൻസാമ്പത്തിക ബാധ്യതയെത്തുടർന്ന് 1930 മാർച്ചിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനി ഇല്ലാതായി. തുടർന്ന് കമ്പനിയുടെ പ്രക്ഷേപണ സംവിധാനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. 1930 ഏപ്രിൽ ഒന്നിന് വ്യവസായ–തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് (ISBS) ആരംഭിച്ചതോടെ ഇന്ത്യയിൽ സർക്കാർ മേഖലയിൽ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമായി. 

1935ൽ ബിബിസിയുടെ സീനിയർ പ്രൊഡ്യൂസർ ലയണൽ ഫീൽഡനെ ബ്രോഡ്കാസ്റ്റിങ് കൺട്രോളറായി നിയമിച്ചതോടെ ഇന്ത്യൻ റേഡിയോ മറ്റൊരു തലത്തിലേക്ക് ഉയർന്നു. 1936 ജനുവരി 19ന് ഡൽഹിയിലെ റേഡിയോ നിലയത്തിൽനിന്ന് ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് ബുള്ളറ്റിൻ പ്രക്ഷേപണം ചെയ്തു.1936 ജൂൺ 8ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ്, ഓൾ ഇന്ത്യ റേഡിയോ (എഐആർ) ആയി മാറി. 

1939ൽ രവീന്ദ്രനാഥ ടഗോറാണ് ‘ആകാശവാണി’ എന്ന് ഓൾ ഇന്ത്യ റേഡിയോയെ ആദ്യം വിശേഷിപ്പിച്ചത്. കൽക്കട്ട ഷോർട്‌വേവ് സർവീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം എഴുതിയ കവിതയിലായിരുന്നു ഇത്. 1936ൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷൻ മൈസൂരിൽ സ്ഥാപിച്ചപ്പോൾ ആ നിലയത്തിന് എം.വി.ഗോപാലസ്വാമിയും ഇതേ പേരു നൽകിയിരുന്നു. തുടർന്ന്, പ്രസാർ ഭാരതിയുടെ റേഡിയോ ശൃംഖല ഇനി ‘ആകാശവാണി’ എന്ന പേരിൽ മാത്രമാകും അറിയപ്പെടുക, ഓൾ ഇന്ത്യ റേഡിയോ എന്ന പേര് ഒഴിവാക്കി എന്ന് മേയ് 3ന് പ്രസാർ ഭാരതി ഉത്തരവിറക്കി.  

1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ 6 സംപ്രേഷണ കേന്ദ്രങ്ങളായിരുന്നു ഇന്ത്യൻ റേഡിയോയ്ക്കുണ്ടായിരുന്നത്– ഡൽഹി, ബോംബെ, കൽക്കട്ട, മദ്രാസ്, ലക്നൗ, തിരുച്ചിറപ്പിള്ളി. വിനോദപരിപാടികൾ സംപ്രേഷണം ചെയ്യാനായി 1957ൽ ‘വിവിധ് ഭാരതി’ എന്ന ചാനൽ എഐആർ ആരംഭിച്ചു. എഐആറിന്റെ ഭാഗമായി 1959ൽ ടെലിവിഷൻ സംപ്രേഷണത്തിന് തുടക്കമായി. 1976 ഏപ്രിൽ ഒന്നിന് ടെലിവിഷൻ വിഭാഗം ദൂരദർശൻ എന്ന പേരിൽ വേർപെട്ടു. 1977 ജൂലൈയിൽ എഫ്എം പ്രക്ഷേപണത്തിന് ഇന്ത്യയിൽ തുടക്കമായി. നിലവിൽ 470 പ്രക്ഷേപണ കേന്ദ്രങ്ങളിൽ നിന്നായി 23 ഭാഷകളിൽ സേവനമുണ്ട്.  ഇന്ത്യയ്ക്ക് പുറത്ത് 100 രാജ്യങ്ങളിലായി 11 ഇന്ത്യൻ ഭാഷകളിലും 16 വിദേശഭാഷകളിലും ലഭ്യമാണ്. ആറിലേറെ വാർത്താധിഷ്ഠിത പരിപാടികളുമുണ്ട്. 

Content Summary : 100 years of India's radio broadcast

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS