ADVERTISEMENT

ഒരു അവധി ദിവസം രാവിലെ തണുത്ത പഴങ്കഞ്ഞിയിൽ ഇത്തിരി തൈരും ഉപ്പും ഒരു കാന്താരി  മുളകും ചേർത്ത് കഴിക്കാൻ ഇഷ്ടമാണോ..? കാന്താരിയുടെ ആ എരിവ്! എന്താണ് എരിവ്? എന്തുകൊണ്ടാണ് വലിപ്പത്തിൽ വമ്പനായ കാപ്സിക്കത്തേക്കാൾ ഇത്തിരിക്കുഞ്ഞൻ കാന്താരിമുളകിന് ഇത്ര എരിവ്! വലുപ്പം കൂടുംതോറും എരിവ് കുറയുമോ?

അറിയാം  എരിവിന്റെ രസതന്ത്രം!

നമ്മൾ പലതരം മുളകുകൾ കണ്ടിട്ടുണ്ടാകും. അവയ്ക്കൊക്കെ വ്യത്യസ്തമായ മണവും രുചിയും നിറവും എരിവുമായിരിക്കും. മുളകിലെ സജീവ സാന്നിദ്ധ്യമായ ആൽകലോയ്ഡുകളാണ് കാപ്സൈസിനോയ്ഡുകൾ.  ഇവ തങ്ങളുമായി സമ്പർക്കം പുലർത്തുന്ന ജീവകോശങ്ങളിൽ പുകച്ചിൽ പോലെ ഒരു അനുഭവം നൽകുന്നു, ഇതാണ് തലച്ചോർ നമുക്ക് എരിവായി തോന്നിപ്പിക്കുന്നത്. 

എരിവിന്റെ തീവ്രത അളക്കുന്ന യണീറ്റാണ് SHU (സ്കോവിൽ ഹീറ്റ് യൂണിറ്റ്)–അമേരിക്കൻ ഫാർമസിസ്റ്റായ വിൽബർ സ്കോവില്ലിന്റെ പേരിലുള്ളതാണ് ഈ യൂണിറ്റ്. മുളകിലെ കാപ് സൈസിനോയ്ഡുകളുടെ സാന്ദ്രത അടിസ്ഥാനമാക്കിയാണ് SHU നിജപ്പെടുത്തിയിരിക്കുന്നത്. എരിവിന്റെ അടിസ്ഥാനത്തിൽ ഇത് പൂജ്യം മുതൽ ദശലക്ഷങ്ങൾവരെ വരാം. കാന്താരി മുളകിന്റെ എരിവ് 50000 മുതൽ 100000 SHU യൂണിറ്റ് വരെയാണ്.

കാപ്സിക്കം അഥവാ ബെൽപെപ്പറിന്റെ എരിവ് പൂജ്യം മുതൽ 100 SHU വരേയുള്ളൂ. അതാണ് എരിവ് തീരെയില്ലാത്ത കാപ്സിക്കം നമ്മൾ ചില്ലിചിക്കനിലും മറ്റും ചേർക്കുന്നത്.

നമ്മുടെ തോട്ടത്തിൽ വിളയിക്കുന്ന പച്ചമുളകിന് SHU 10000 മുതൽ 40000 വരെയും നല്ല എരിവുള്ള ഉണ്ട മുളകിന് ഇത് 30000 മുതൽ 50000 SHU വരെയും ലോകത്തിലെ ഏറ്റവും എരിവുള്ള കരോലിന മുളകിന് SHU ലക്ഷങ്ങളും ആണ്! കാശ്മീരിചില്ലിയ്ക്ക് എരിവ് കുറവും നിറം കൂടുതലുമാണ്. അതാണ് അധികം എരിവ് വേണ്ടാത്തവർ ഇത് ഉപയോഗിക്കുന്നത്. ഇതിന്റെ SHU 1000 മുതൽ 2000 വരെയേയുള്ളൂ..! വിദേശ മാർക്കറ്റുകളിൽ വിവിധയിനം മുളകിനോടൊപ്പം എരിവിന്റെ സൂചകമായ SHUഉം രേഖപ്പെടുത്തിയിട്ടുണ്ടാകും.

പല നിറത്തിലുള്ള മുളകുകൾ  കൂട്ടുകാർ കണ്ടിട്ടുണ്ടാകുമല്ലേ? ചുവപ്പ്, മഞ്ഞ, പച്ച.. മുളകിലുണ്ടാകുന്ന ചില രാസപ്രവർത്തനങ്ങളുടെ ഫലമാണ് ഈ നിറങ്ങൾ. മുളകിന് പച്ചനിറം നൽകുന്നത് ക്ലോറോഫിൽ തന്നെ, പക്ഷേ, മുളകുകൾ പാകമാകുമ്പോൾ ക്ലോറോഫിൽ കരോട്ടിനോയ്ഡുകൾ ആകും. ഇവയുടെ ഘടനയിലും അളവിലുമുള്ള വ്യത്യാസമാണ് പലനിറം വരാൻ കാരണം. ആൽഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിൻ തുടങ്ങിയവ മഞ്ഞനിറം നൽകുമ്പോൾ ക്യാപ്സാന്തിൻ, ക്യാപ്സോറുബിൻ എന്നിവ മുളകിന് ചുവപ്പ് നിറം നൽകുന്ന കരോട്ടിനോയിഡുകളാണ്. ഒരു കുഞ്ഞൻ മുളകിന് പിന്നിൽ എന്തെല്ലാം കാര്യങ്ങൾ അല്ലേ? ആളൊരു കാന്തിരി തന്നെ...

Content Summary : Interesting facts chillies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com