ADVERTISEMENT

മലയാളമുള്ള കാലത്തോളം മായാത്ത എഴുത്തുകാരനാണു വൈക്കം മുഹമ്മദ് ബഷീർ. കരയിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും  ആ കഥകളും കഥാപാത്രങ്ങളും നമുക്കൊപ്പമുണ്ട്.  അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമാണ് ജൂലൈ 5.

സമകാലികരായ എഴുത്തുകാരിൽ പലരും പരത്തിയെഴുതിയപ്പോൾ ബഷീർ അനുഭവങ്ങളെ ആറ്റ‍ിക്കുറുക്കിയെഴുതി. വെട്ടിയും തിരുത്തിയും കഥാവഴികളെ തെളിച്ചമുള്ളതാക്കി. ആദ്യ എഴുത്തിൽ ‘ബാല്യകാലസഖി’ക്ക് അഞ്ഞൂറോളം പേജുണ്ടായിരുന്നു. ഒടുവിൽ പ്രസിദ്ധീകരിച്ചപ്പോഴോ 75 പേജുകൾ  മാത്രം. ആ നോവലിന്റെ അവതാരികയിൽ എം.പി.പോൾ  എഴുതി: ‘ബാല്യകാലസഖി ജീവിതത്തിൽ നിന്നു വലിച്ചു  ചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു’.

എഴുതിയതിനേക്കാളും തിരുത്തിയെഴുതിയ എഴുത്തുകാരനായിരുന്നു ബഷീറെന്നു പറയാം. തന്റെ കയ്യിൽ അനന്തമായ സമയമുണ്ടെന്നതു പോലെ അദ്ദേഹം കൃതികളെ രാകി മൂർച്ചകൂട്ടിക്കൊണ്ടിരുന്നു. ‘ചെറുതാണു സുന്ദരം’ എന്ന പ്രയോഗത്തെ ബഷീർ കൃതികളോളം ശരിവയ്ക്കുന്ന മറ്റധികം രചനകൾ മലയാളത്തിൽ ഇല്ല. 1908ൽ തലയോലപ്പറമ്പിൽ ജനിച്ച ബഷീർ അലഞ്ഞുതിരിയാത്ത  നാടുകളും ചെയ്യാത്ത ജോലികളും കുറവാണ്. ആ അനുഭവപ്രപഞ്ചമാണ് ബഷീറിയൻ കഥകളുടെ കാതലുറപ്പിനു കാരണം. എഴുത്തിൽ പല ഇസങ്ങളും ഉദിച്ചസ്തമിച്ചിട്ടും ബഷീർകൃതികൾ പുതുമ നഷ്ടമാകാതെ കാലാതീതമായി തുടരുന്നു. ഏകാന്തതയുടെ അപാരതീരം, സുന്ദര സുരഭില രഹസ്യം, വെളിച്ചത്തിന് എന്തൊരു വെളിച്ചം  തുടങ്ങിയ പ്രയോഗങ്ങളുടെ വശ്യത ലേശവും കുറഞ്ഞിട്ടില്ല..

എന്തുകൊണ്ട് എഴുത്തുകാരനായതെന്നു തന്റേതായ ശൈലിയിൽ ബഷീർ പറഞ്ഞിട്ടുണ്ട്: ‘കുഴിമടിയന്മാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി, സാഹിത്യം. എഴുത്തുകാരനാകുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി’.

ഭഗത് സിങ്ങിനെപ്പോലെ മീശ പിരിച്ചുവച്ച്, തൊപ്പി ധരിച്ചു നടന്ന കാലമുണ്ടായിരുന്നു ബഷീറിന്. സ്വാതന്ത്ര്യം ബ്രിട്ടിഷുകാർ താലത്തിൽ വച്ചു നീട്ടുകയില്ലെന്നും സായുധപ്പോരാട്ടത്തിലൂടെ പിടിച്ചുവാങ്ങണമെന്നും ഉറപ്പിച്ചിരുന്ന വിപ്ലവവീര്യത്തിന്റെ നാളുകൾ. ‘ഉജ്ജീവനം’ എന്ന പ്രസിദ്ധീകരണത്തിലൂടെ പൊലീസിന്റെ കണ്ണിലെ കരടായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്തു. 1994 ജൂലൈ അഞ്ചിന് ബഷീർ ഓർമയായി.

പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ,  വിശ്വവിഖ്യാതമായ മൂക്ക്, ജീവിതനിഴൽപ്പാടുകൾ, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, മാന്ത്രികപ്പൂച്ച, ഓർമയുടെ അറകൾ, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, അനുരാഗത്തിന്റെ ദിനങ്ങൾ, ചെവിയോർക്കുക! അന്തിമകാഹളം എന്നിവയാണ് ബഷീറിന്റെ പ്രധാന കൃതികൾ.

ഒരു ബഷീറും കുറെ കഥാപാത്രങ്ങളും

ഒന്നും ഒന്നും എത്രയാണെടാ?’ എന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മജീദ് ഒന്നാലോചിച്ചു. ‘രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി  തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചുചേരുമ്പോൾ കുറച്ചുകൂടി വണ്ണം വച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു: ‘ഉമ്മിണി വല്യ ഒന്ന്’. 

മജീദിനെപ്പോലെ അനശ്വരരായ  എത്രയോ കഥാപാത്രങ്ങളെ സൃഷ്ടിച്ച മാന്ത്രികക്കയ്യാണ് വൈക്കം മുഹമ്മദ് ബഷീറിന്റേത്. ബഷീറെന്ന എഴുത്തുകാരൻ തന്നെയും ആ കഥകളിൽ ഒരു കഥാപാത്രമായി വരുന്നു. 

ബഷീറിന്റെ പ്രധാന കഥാപാത്രങ്ങൾ ഏതേതു കൃതികളിലേതെന്ന്  കൂട്ടുകാരൊന്നു കണ്ടെത്തൂ.

1.സാറാമ്മ, കേശവൻ നായർ

കൃതി:.......................................................

2.സുഹ്റാ, മജീദ്

കൃതി:.................................................

3.സദാശിവൻ, മാധവി

കൃതി:............................................

4. ടൈഗർ

കൃതി:......................................

5. ഗോപിനാഥൻ,  ശാരദ

കൃതി:...................................................

6.ജമീലാബീവി, അബ്ദുൽ  ഖാദർ സാഹിബ്

കൃതി:...............................................

7.ഒറ്റക്കണ്ണൻ പോക്കര്,  മണ്ടൻ മുത്തപാ, സൈനബ

കൃതി:.........................................................

8.ഭാർഗവി 

കൃതി:........................................

9.രാമൻ നായർ, തോമ

 കൃതി:....................................................................

10. പാത്തുമ്മ, അബ്ദുൽ ഖാദർ, ഹനീഫാ

കൃതി:.................................................................................

11.നാരായണി   

കൃതി:..........................................................

12. പാപ്പച്ചൻ, പോളി  

കൃതി:.....................................................................

13.നിസ്സാർ അഹമ്മദ്, സൈനുൽ ആബ്ദിൻ,  കുഞ്ഞുപാത്തുമ്മ, കുഞ്ഞുതാച്ചുമ്മ

കൃതി:........

Content Summary : Remembering Vaikom Muhammad Basheer on his death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com