ADVERTISEMENT

ഷഡ്പദങ്ങൾപോലുള്ള ചെറുജീവികൾ മരക്കറയിൽപെട്ട് രൂപപ്പെടുന്ന ‘അതിപ്രാചീന ജൈവാവശിഷ്ടങ്ങളെക്കുറിച്ച് ’ (ഫോസിലുകൾ) കൂട്ടുകാർ പഠിച്ചിട്ടുണ്ടാവും. ഗവേഷകർക്ക് ഇവ ധാരാളമായി ലഭിച്ചിട്ടുണ്ട്. പൂവിതളുകൾ പോലുള്ള ലോലമായ ജൈവവസ്തുക്കളുടെ  ഫോസിലുകളാകട്ടെ അത്ര സാധാരണയല്ല. എന്നാൽ ഗവേഷകരെ വിസ്മയിപ്പിച്ചുകൊണ്ട് നല്ല പഴക്കമുള്ള ചില പുഷ്പ ഫോസിലുകൾ ഒരു കേടുമില്ലാതെ അടുത്തകാലത്ത് ലഭിച്ചു.

 

4 കോടി കൊല്ലം പഴയ പൂവ്

4 കോടി കൊല്ലം മുൻപ് നടന്ന ഒരു സംഭവം നോക്കൂ. വടക്കൻ യൂറോപ്പിലെ ബാൾട്ടിക് പ്രദേശത്തെ പൈൻ കാടുകളിൽ മനോഹരമായ ഒരു  പുഷ്പം വിരിഞ്ഞു. മരത്തിൽനിന്ന് ഇറ്റുവീണ മരക്കറ പൂവിനെ അതിനുള്ളിലാക്കി.  കോടിക്കണക്കിനു വർഷങ്ങൾ മരക്കറയ്ക്കുള്ളിൽ (amber) പൂവ് അതേപടി  ഇരുന്നു. 2023 ജനുവരി 13നാണ് ലോകം ഇതേക്കുറിച്ചറിയുന്നത്.1872ൽ റഷ്യാക്കാരനായ കുവാൽസ്‌കി എന്നയാൾക്കിതു ലഭിച്ചിരുന്നു.

oldest-flower-fossils
Valviloculus pleristaminis, center of flower in apical view. Image credit: Poinar, Jr. et al., doi: 10.17348/jbrit.v14.i2.1014.

ഈ ഫോസിൽ പിന്നീട് ജർമനിയിലെ ബെർലിനിലുള്ള ‘ഫെഡറൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ  ജിയോസയൻസസ് ആൻഡ്  നാച്വറൽ  റിസോഴ്സ്’ എന്ന സ്ഥാപനത്തിലെത്തി. ഏറെക്കാലത്തിനുശേഷം ഇവാ മരിയ സാഡോസ്‌കി എന്ന ഗവേഷകയുടെ ശ്രദ്ധ ഈ ഫോസിലിൽ പതിഞ്ഞു. അവർ നടത്തിയ പഠനഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവാ മരിയ  'Symplocos kowalewskii ' (സിംപ്‌ളോകോസ് കുവാൽസ്‌കി)  എന്ന  പേര്  ഈ പൂവിനു  നൽകി. 1.1 ഇഞ്ചു വീതിയുള്ള ഈ പൂവ് ഇതുവരെ ലഭിച്ചതിൽ ഏറ്റവും  വലിയ പുഷ്പ ഫോസിലാണ്. ഫോസിൽ 3.4നും 3.8 കോടി വർഷങ്ങൾക്കുമിടയ്ക്കു പഴക്കമുള്ളതാണെന്നും തെളിഞ്ഞു. മരക്കറ കൂടിയ അളവിൽ വീണ് പൂവിനെ പൂർണമായും ഉള്ളിലാക്കിയതുകൊണ്ടാണ് ഫോസിലിന് ഒരു  കേടുപാടും ഉണ്ടാകാത്തതെന്നും പഠനം വ്യക്തമാക്കി.   

 

ജുറാസിക് പൂവ്  

ഇതുവരെ കണ്ടെടുത്തതിൽ ഏറ്റവും പഴക്കമുള്ള പൂവ് 10 കോടി വർഷം മുൻപ്, മധ്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ചെടിയുടേതാണ്. ‘ഒറിഗോൺ  സ്റ്റേറ്റ്  യൂണിവേഴ്സിറ്റി’ ഗവേഷകരാണ് പഴയ ബർമയിൽ നിന്നു (ഇന്നത്തെ മ്യാൻമർ ) ലഭിച്ച മരക്കറയിൽ  ഈ പൂവ് ഒളിഞ്ഞിരിക്കുന്നതു കാണുന്നത്. 2 മില്ലിമീറ്റർ മാത്രം വീതിയുള്ള കുഞ്ഞൻ പൂവ്. ‘വാൾവിലോകുലസ്സ്  പ്ലെറിസ്റ്റാമിനിസ്’ (Valviloculus pleristaminis ) എന്നാണ് ഈ ചെടിക്കു പേരു നൽകിയിട്ടുള്ളത്. പുരാതന സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയിൽനിന്നും  പടിഞ്ഞാറൻ ബർമ വേർപെട്ടതിനെ സംബന്ധിച്ച് പല അനുമാനങ്ങൾ ഉണ്ടായിരുന്നു. 20  കോടി വർഷങ്ങൾക്കു മുൻപാണിതെന്നു ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചില ഗവേഷകർ  50  കോടി വർഷങ്ങൾക്കു മുൻപാണിത് സംഭവിച്ചതെന്നു കരുതുന്നു. പുഷ്പിത സസ്യങ്ങൾ പരിണാമത്തിനും വൈവിധ്യവൽക്കരണത്തിനും വിധേയമായത് 10 കോടി വർഷങ്ങൾക്ക് മുൻപാണ്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, ഗോണ്ട്വാനയിൽനിന്നുള്ള പടിഞ്ഞാറൻ ബർമയുടെ വേർപെടലിന് 10 കോടി വർഷങ്ങൾക്കപ്പുറം പഴക്കമുണ്ടാകില്ലെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്

 

ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ 

ലോകത്തെ ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ 2017ൽ മധ്യപ്രദേശിലെ ചിത്രകൂട് എന്ന സ്ഥലത്തുനിന്നാണ് ലഭിക്കുന്നത്. 1.6  ശതകോടി (billion) വർഷം പഴക്കം. ഇത്രയും പുരാതനകാലത്ത് സസ്യസമാനമായ ജീവികൾ ഉണ്ടായിരുന്നുവെന്നതിന്റെ ആദ്യതെളിവുമാണിത്. ചിത്രകൂടിലെ ഊറൽപാറകളിൽ നന്നായി സംരക്ഷിക്കപ്പെട്ട നിലയിലുള്ള ചുവന്ന ആൽഗകൾ കാണാൻ കഴിഞ്ഞു. രണ്ടുതരം ആൽഗകളാണ് ദൃശ്യമായത്; നൂലുപോലുള്ളതും മാംസളമായതും. ഇത്രയും പുരാതനമായ ഫോസിലിൽനിന്നു ഡിഎൻഎ വേർതിരിക്കുക അസാധ്യമായതിനാൽ അത് ചുവന്ന ആൽഗ തന്നെയാണെന്ന് പൂർണമായി സ്ഥാപിക്കാനാവില്ല. ‘എക്സ് -റേ ടോമോഗ്രാഫിക്   മൈക്രോസ്കോപ്പിയുടെ ’ സഹായത്താൽ ഈ ഫോസിൽ ആൽഗാകോശങ്ങളുടെ ഉൾഭാഗം നിരീക്ഷിച്ചപ്പോൾ പ്രകാശവിശ്ലേഷണത്തിനു നിദാനമായ ക്ലോറോപ്ലാസ്റ്റുകൾക്കു സമാനമായവ കണ്ടെത്തി. പ്രകാശവിശ്ലേഷണം നടത്താൻ കെൽപുള്ള ചുവന്ന ആൽഗകൾക്ക് ഏറെ സമാനമാണിവയെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. 1.2 ശതകോടി വർഷം പഴക്കമുള്ളതായിരുന്നു  മുൻപ് കണ്ടെടുത്ത ഫോസിൽ ആൽഗകളിൽ ഏറ്റവും പുരാതനം.

 

 

Content Summary : Oldest flower fossils

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com