റാസ്റ്ററും വെക്ടറും തമ്മിൽ..? ചിത്രങ്ങളുടെ ലയവിന്യാസം

HIGHLIGHTS
  • ഐടിസി പാഠങ്ങൾ
  • ജിമ്പിൽ എന്തൊക്കെ ചെയ്യാം?
1599273034
Representative image.credits: Gorodenkoff/ Shutterstock.com
SHARE

ഒൻപതാം ക്ലാസിലെ 'ചിത്രങ്ങളുടെ ലയവിന്യാസം’ എന്ന ആദ്യപാഠം, ഒരു ലോഗോയും പോസ്റ്ററുമൊക്കെ നിർമിക്കുന്നതിലൂടെ ഇമേജ് എഡിറ്റിങ്, ഡിസൈനിങ് എന്നിവയുടെയൊക്കെ ബാലപാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ളതാണ്. ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നാം ഇവ പരിശീലിക്കുന്നത്. തിയറി ക്ലാസുകളിൽ ടീച്ചർ പ്രദർശിപ്പിക്കുന്ന / പരിചയപ്പെടുത്തുന്ന കാര്യങ്ങൾ കുറിച്ചുവയ്ക്കുകയും പ്രാക്ടിക്കൽ ക്ലാസിൽ അവ ചെയ്ത് പരിശീലിക്കുകയും വേണം. നിങ്ങളുടെ വർക്കുകൾ അതതിന്റെ ഫോൾഡറുകളിൽ സേവ് ചെയ്യാനും മറക്കരുത്.

ജിമ്പ്

സ്വതന്ത്രവും സൗജന്യമായി ഉപയോഗിക്കാവുന്നതുമായ ജിമ്പ് (GIMP - GNU Image Manipulation Program) ഇന്ന് ലോകത്ത് ഏറ്റവും ഉപയോഗിക്കപ്പെടുന്ന സ്വതന്ത്ര ഓപൺസോഴ്സ് റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ്. സാധാരണക്കാരായ ഫോട്ടോ എഡിറ്റർമാർക്കു മുതൽ പ്രഫഷനൽ ഗ്രാഫിക് ഡിസൈനർമാർക്കു വരെ ഉപയോഗപ്രദമായ ശക്തിമത്തായ ടൂളുകൾ ജിമ്പിൽ ലഭ്യമാണ്. ഫോട്ടോഷോപ് എന്ന ഉടമസ്ഥാവകാശമുള്ള, വലിയ വില കൊടുക്കേണ്ടുന്ന സോഫ്റ്റ്‍വെയറിന് പകരക്കാരന്റെ റോളിലാണ് ജിമ്പ് ഉപയോഗിക്കപ്പെടുന്നത്.

പേരിനു പിന്നിൽ

1994ൽ ഇറങ്ങിയ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമയായ ‘പൾപ് ഫിക്‌ഷനി’ൽ (Pulp Fiction) നിർണായക സീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ജിമ്പ്. ഏഴ് അക്കാദമി അവാർഡുകൾക്കു നോമിനേറ്റ് ചെയ്യപ്പെടുകയും രണ്ടെണ്ണം കരസ്ഥമാക്കുകയും ചെയ്ത ഈ വിവാദ സിനിമയുടെയും അതിൽ തടവിലിട്ടിരിക്കുന്ന, കണ്ണുകൾമാത്രം പുറത്തുകാണിക്കുന്ന, ജിമ്പെന്ന കഥാപാത്രത്തിന്റെയും ജനപ്രീതിയാണ് 1996ൽ സ്പെൻസർ കിമ്പലും (Spencer Kimball) പീറ്റർ മാറ്റിസും (Peter Mattis) പുറത്തിറക്കിയ ഈ സോഫ്റ്റ്‍വെയറിന്റെ പേരിലേക്ക് എത്തിച്ചത്.

റാസ്റ്ററും വെക്ടറും തമ്മിൽ..?

റാസ്റ്റർ ചിത്രങ്ങൾ പിക്സലുകൾ (വളരെ ചെറിയ കുത്തുകൾ) ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുമ്പോൾ വെക്ടർ ചിത്രങ്ങൾ വരകൾ, ചാപങ്ങൾ മുതലായ ഗണിതരൂപങ്ങൾ ഉപയോഗപ്പെടുത്തുന്നു. പിക്സലുകളുടെ എണ്ണം കൂടുന്തോറും റാസ്റ്റർ ചിത്രങ്ങളുടെ മിഴിവ് വർധിക്കുന്നു. വെക്ടർ ചിത്രങ്ങൾ എത്ര വലുതാക്കിയാലും മിഴിവിന് വ്യത്യാസമില്ല. ഫയൽ വലുപ്പം വെക്ടർചിത്രങ്ങളെ അപേക്ഷിച്ച് റാസ്റ്റർ ചിത്രങ്ങൾക്ക് കൂടുതലായിരിക്കും. JPEG, PNG, GIF, BMP, TIFF..എന്നിവയൊക്കെ റാസ്റ്റർ ചിത്ര ഫയലുകളും, SVG, AI, EPS, CDR മുതലായവ വെക്ടർ ചിത്ര ഫയലുകളുമാണ്.

പത്താംക്ലാസിൽ കൂട്ടുകാർ പരിചയപ്പെടുന്ന ഇങ്ക്സ്കേപ്പ് (Inkscape) ഒരു വെക്ടർ ഗ്രാഫിക്സ് എഡിറ്ററാണ്.

ജിമ്പിൽ  എന്തൊക്കെ ചെയ്യാം?

∙ ഇമേജ് എഡിറ്റിങ്- ചിത്രങ്ങളെ എഡിറ്റ് ചെയ്യാം. (നിറങ്ങൾ വ്യത്യാസപ്പെടുത്തുക, മുറിക്കുക, വലുപ്പം വ്യത്യാസപ്പെടുത്തുക, അനാവശ്യമായവ കളയുക എന്നിങ്ങനെ..)

∙ ചിത്രങ്ങൾ വരച്ചുചേർക്കാം

∙ വ്യത്യസ്ത ചിത്രഫയലുകളിലേക്ക് മാറ്റാം (JPEG, PNG, TIFF .)

∙ ബാച്ച് പ്രൊസസിങ് - ഒരു കൂട്ടം 
ചിത്രങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യാം.

∙ വെബ്‍സൈറ്റുകളിലേക്കും സമൂഹമാധ്യമ പോസ്റ്റുകളിലേക്കും മറ്റ് 
ഓൺലൈൻ മാധ്യമങ്ങളിലേക്കുമുള്ള 
ഗ്രാഫിക്സ് തയാറാക്കാം.

∙ വിവിധങ്ങളായ ലോഗോകളും പോസ്റ്ററുകളുമൊക്കെ ഡിസൈൻ ചെയ്യാം.

Content summary : Photo editing tools

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS