ADVERTISEMENT

കാത്തുകാത്തിരുന്ന ക്രിക്കറ്റ് മത്സരം കാലാവസ്ഥ കൊത്തിപ്പോകുന്നതു കണ്ട്  ചങ്കു പൊട്ടാത്തവരുണ്ടോ നിങ്ങളിൽ? എന്തുകൊണ്ടാണു കാലാവസ്ഥ  കൃത്യമായി പ്രവചിക്കാനാകാത്തതെന്ന് അദ്ഭുതപ്പെട്ടിട്ടില്ലേ? കാലാവസ്ഥാ  പ്രവചനം എങ്ങനെയാണു സാധ്യമാകുന്നതെന്നു നമുക്കൊന്നു നോക്കാം.

 

കൂട്ടുകാർ ഓരോദിവസത്തെയും കാലാവസ്ഥാ പ്രവചനം എന്താണെന്ന് അറിഞ്ഞ് അതനുസരിച്ചു കാര്യങ്ങൾ ചെയ്യാറുണ്ടോ? നമ്മുടെ നാട്ടിൽ പൊതുവെ അങ്ങനെയൊരു പതിവില്ല. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ ആളുകൾ കാലാവസ്ഥാ പ്രവചനത്തെ കാര്യമായി ആശ്രയിക്കാറുണ്ട്. അതെന്തുകൊണ്ടാണെന്നറിയാമോ? നമ്മുടേത് ഭൂമധ്യരേഖയോടു ചേർന്നുള്ള ട്രോപ്പിക്കൽ രാജ്യങ്ങളിലൊന്നാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടത്തെ കാലാവസ്ഥ പ്രവചിക്കുകയെന്നത് കൂടുതൽ സങ്കീർണമാണ്.

 ഇവിടെ നമുക്ക് ഏതാണ്ട് 5 ദിവസത്തിനപ്പുറത്തേക്കുള്ള കാലാവസ്ഥ ഉറപ്പോടെ പ്രവചിക്കാനാവില്ല.  എന്നാൽ ഇങ്ങനെയല്ലാത്ത പാശ്ചാത്യ രാജ്യങ്ങളിൽ കാലാവസ്ഥാ പ്രവചനത്തിന്റെ പരിധി 10 ദിവസത്തോളമാണ്.  ഇതിനർഥം ഈ 10 ദിവസത്തിനുള്ളിലെ കാര്യങ്ങളെല്ലാം അച്ചട്ടായി പറയാമെന്നല്ല. ആ ദിവസപരിധിക്ക് അപ്പുറത്ത് അതു സാധ്യമാകുക അതീവ ദുഷ്കരമെന്നാണു മനസ്സിലാക്കേണ്ടത്. 20 ഡിഗ്രി അക്ഷാംശത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ പ്രവചനങ്ങൾ യാഥാർഥ്യത്തോടു കൂടുതൽ അടുത്തുനിൽക്കും. അതുകൊണ്ട് അവിടത്തെ ജനങ്ങൾ കാലാവസ്ഥാ പ്രവചനത്തെ കൂടുതലായി ആശ്രയിക്കുന്ന പതിവുണ്ടായി. 

 

 

കാറ്റു കൊണ്ടാലറിയാം മഴയുടെ വരവ്

മഴയും കൊടുങ്കാറ്റുമൊക്കെ പ്രവചിക്കുന്നതിനു പരമ്പരാഗത സമൂഹങ്ങൾക്ക് തങ്ങളുടേതായ രീതികളുണ്ടായിരുന്നു. അനുഭവനിരീക്ഷണങ്ങളിൽ നിന്ന് അവർ എത്തിച്ചേർന്ന തിരിച്ചറിവുകളായിരുന്നു അത്. പക്ഷികളുടെ പറക്കലും ഇലകളിൽ വരുന്ന മാറ്റവും എന്തിനു സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും നിറഭേദങ്ങളും ചന്ദ്രനിലെ പ്രഭാവലയവും വരെ അവർക്കു കാലാവസ്ഥാ പ്രവചനത്തിനുള്ള സങ്കേതങ്ങളായി. കേരളത്തിലെ പഴമക്കാർ കാറ്റിൽ നിന്നു മഴയുടെ വരവ് എപ്പോഴെന്നു മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിനു വൃശ്ചികം ഒന്നിനു പകൽ പന്ത്രണ്ടിനു മുൻപാണു കാറ്റു വീശുന്നതെങ്കിൽ ഇടവം 15നു മുൻപേ മഴ തുടങ്ങുമെന്നും തുലാം മാസം ആദ്യം കാറ്റുണ്ടെങ്കിൽ മേടമാസം ആദ്യം തന്നെ മഴപെയ്യുമെന്നുമെല്ലാം അവർ കണക്കുകൂട്ടിയിരുന്നു. 

 

കാലാവസ്ഥാ കേന്ദ്രം 

നിരീക്ഷണോപകരണങ്ങൾ വന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലം കാണാൻ തുടങ്ങി. അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവുകളും കണ്ടെത്തലുകളും ഉണ്ടായതു കാലാവസ്ഥാ പ്രവചനത്തെ തുണച്ചു. കാറ്റിന്റെ വേഗം, ദിശ, മഴ, മർദം, താപം തുടങ്ങിയ ഘടകങ്ങളെയാണ് ഇതിനായി നിരീക്ഷിക്കുന്നത്. ഇതോരോന്നും നിരീക്ഷിക്കാൻ വ്യത്യസ്തമായ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. താപനിലയളക്കാൻ തെർമോമീറ്ററുകൾ, അന്തരീക്ഷമർദം അറിയാൻ ബാരോമീറ്ററുകൾ, ആപേക്ഷിക ആർദ്രത കണ്ടെത്തുന്നതിന് ഹൈഗ്രോ മീറ്റർ, കാറ്റിന്റെ വേഗമറിയാൻ അനിമോമീറ്റർ, കാറ്റിന്റെ ദിശ കണ്ടെത്താൻ വിൻഡ് വെയ്ൻ, മഴയുടെ തോതറിയാൻ മഴമാപിനി, കാലാവസ്ഥാ ബലൂണുകളിൽ പിടിപ്പിച്ച് മുകളിലേക്ക് അയയ്ക്കുന്ന റേഡിയോസോണ്ട്, പാരഷൂട്ടിൽ ഘടിപ്പിച്ച് താഴേക്കു വിടുന്ന ഡ്രോപ്സോണ്ട്, കടലിലെയും മറ്റും സ്ഥിതിവിവരങ്ങൾ അറിയാനുപയോഗിക്കുന്ന വെതർബൂയിസ്, കാലാവസ്ഥാ ഉപഗ്രഹങ്ങൾ, കനത്ത കൊടുങ്കാറ്റുകളെയും മറ്റും നിരീക്ഷിക്കാനുള്ള ഡോപ്ലർ റഡാർ തുടങ്ങിയവയെല്ലാം ഇന്നുണ്ട്. ഇങ്ങനെ പല ഉപകരണങ്ങളെ ഏകോപിപ്പിക്കുന്ന സമഗ്രമായ സംവിധാനത്തെയാണ് കാലാവസ്ഥാ കേന്ദ്രം (Weather Station) എന്നു പറയുന്നത്. ഭൂമിയുടെ പലഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങളുടെ വിശകലനത്തിലൂടെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്. 

 

കണക്ക്, കംപ്യൂട്ടർ, കാലാവസ്ഥ! 

‘ബ്യൂഫോർട്ട് സ്കെയിൽ’ ആവിഷ്കരിച്ച ഹൈഡ്രോഗ്രഫർ ഫ്രാൻസിസ് ബ്യൂഫോർട്ട്, അന്തരീക്ഷ വിജ്ഞാനീയത്തിൽ വിദഗ്ധനായിരുന്ന വൈസ് അഡ്മിറൽ റോബർട്ട് ഫിറ്റ്സ്റോയ് എന്നിവരാണ് കാലാവസ്ഥയെ ശാസ്ത്രീയമായി സമീപിക്കാനും ദൈനംദിന പ്രവചനം നടത്താനും തുടങ്ങിയത്. ടെലിഗ്രാഫ് നിലവിൽ വന്നതോടെ വിദൂരത്തു നിന്നു പോലും വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാനായത് ഇതിനു വലിയ സഹായമായി. എന്നാൽ പരിമിതികളുടെ നടുവിലായിരുന്നു ഈ പ്രവചനങ്ങൾ. ശേഖരിക്കുന്ന വിവരങ്ങളിലെ പിഴവു തൊട്ട് പ്രവചനമാതൃകയുടെ പിഴവു വരെ ഫലത്തിൽ പ്രതിഫലിച്ചു. കൂടുതൽ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുള്ള സംവിധാനങ്ങൾ അക്കാലത്തില്ലായിരുന്നു. പലയിടങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി കാലാവസ്ഥാ ഭൂപടങ്ങൾ (Weather Maps) നിർമിച്ചത് പ്രവചനത്തിനു സഹായകമായി. ഓരോ പ്രദേശത്തെയും കാലാവസ്ഥയുടെ ക്രമങ്ങൾ മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമായിരുന്നു. എന്നാൽ നോർവീജിയൻ ശാസ്ത്രജ്ഞനായ വിൽഹെം ബിയെക്നെസ് ഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലാവസ്ഥ പ്രവചിക്കാമെന്ന ആശയം മുന്നോട്ടുവച്ചു. ഇതു പ്രായോഗികമാക്കാൻ ചില ഗവേഷകർ ശ്രമിച്ചെങ്കിലും പൂർണമായും വിജയിപ്പിക്കാനായില്ല. എന്നാൽ 1950ൽ വലിയൊരു വഴിത്തിരിവുണ്ടായി. എനിയാക്(ENIAC) എന്ന  കംപ്യൂട്ടർ ഉപയോഗിച്ച് സമവാക്യങ്ങൾ നിർധാരണം ചെയ്ത് കാലാവസ്ഥ പ്രവചിച്ചു. ജോൺ വൊൺ നോയിമൻ, ജ്യൂൾ ഗ്രിഗറി ചേർണി, റാനർ ഫ്യോർതൊഫ്ത് എന്നീ ശാസ്ത്രജ്ഞരാണ് ഇതു സാധ്യമാക്കിയത്. 

 

ദുഷ്കര പ്രവചനങ്ങൾ 

സൂപ്പർ കംപ്യൂട്ടറുകളുടെ വരവോടെ സങ്കീർണമായ ഗണിത മാതൃകകൾ പോലും നിർധാരണം ചെയ്തെടുക്കുക എളുപ്പമായി. ഈ മാതൃകകളിലേക്കു നൽകുന്ന വിവരങ്ങളുടെ കൃത്യതയ്ക്കനുസരിച്ചാകും ഫലത്തിന്റെ പൂർണത. താപത്തിന്റെയോ ആർദ്രതയുടെയോ അളവെടുക്കുന്നതിൽ വരുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും അന്തിമഫലത്തെ വലുതായി ബാധിക്കും. ഹരിതഗൃഹവാതകങ്ങളും സൂര്യപ്രകാശവുമെല്ലാം അന്തരീക്ഷത്തിന്റെ സ്വഭാവത്തെ ബാധിക്കുന്നു. സങ്കീർണാവസ്ഥയിലുള്ള അന്തരീക്ഷത്തിലെ ഓരോ ചെറു മാറ്റവും ഉൾക്കൊണ്ടാലേ പ്രവചനം കൃത്യമാകൂ. അതുകൊണ്ടു തന്നെ ക്രമമായാണ് പ്രവചനം സാധ്യമാകുക. ഒരു ദിവസത്തെ കാലാവസ്ഥയാണ് അറിയേണ്ടതെന്നു കരുതുക. ഒറ്റയടിക്ക് ഒരു പ്രവചനം നടത്തുകയല്ല, മറിച്ച് ആ 24 മണിക്കൂറുകളെ ഏതാനും മിനിറ്റുകൾ വീതമുള്ള ഘട്ടങ്ങളായി തിരിച്ചു ക്രമമായാണ് പ്രവചനം നടത്തുക. സൂക്ഷ്മമായ മാറ്റങ്ങൾ പ്രതിഫലിക്കണമെങ്കിൽ ഇതു കൂടിയേ തീരൂ. 

സമുദ്രങ്ങളും അന്തരീക്ഷവും നിരന്തരമായ പ്രതിപ്രവർത്തനത്തിലാണ്. നാം അനുഭവിക്കുന്ന കാലാവസ്ഥാ സവിശേഷതകളെല്ലാം ഇതിന്റെ ഫലമാണ്. ഈ സങ്കീർണമായ പ്രതിപ്രവർത്തനത്തെ നിശ്ചിത സമയപരിധിക്കുള്ളിൽ മനസ്സിലാക്കിയെടുക്കുകയെന്നതാണു പ്രധാനം. സമാഹരിച്ചെടുക്കുന്ന വിവരങ്ങളിലെ പാകപ്പിഴകളും അതു കംപ്യൂട്ടർ മാതൃകകളിലേക്കു പകരുന്നതിലുള്ള പരിമിതികളുമെല്ലാം കണക്കിലെടുത്തു വേണം കാലാവസ്ഥാ പ്രവചനത്തെ വിലയിരുത്താൻ.  ‘മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെ’ന്നു കാലാവസ്ഥാ പ്രവചനത്തെ പരിഹസിക്കുമ്പോൾ ആളുകൾ മറന്നുപോകുന്നതും ഈ സങ്കീർണതയെയാണ്.

 

Content Highlight : Weather forecasting |  Unpredictable weather | Climate patterns |  Weather forecasting methods |. Impact of data accuracy on weather prediction | Padhippura |  Weather forecasting in Malayalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com