ADVERTISEMENT

കൂട്ടുകാരേ,  16ന് ഓണപ്പരീക്ഷ തുടങ്ങുകയാണല്ലോ. പഠിച്ച കാര്യങ്ങൾ ശ്രദ്ധിച്ച് എഴുതിയില്ലെങ്കിൽ മാർക്ക് ചോർന്നു പോകുന്ന വഴി കാണില്ല, അല്ലേ. ഒരു കാര്യം ഓർമിച്ചോളൂ, ശ്രദ്ധ ആളത്ര  നിസ്സാര കക്ഷിയല്ല. എന്നാൽ, അൽപമൊന്നു ശ്രദ്ധിച്ചാൽ ആളങ്ങു മെരുങ്ങുകയും ചെയ്യും. 

ചോദ്യം: ചന്ദ്രയാൻ–3 വിക്ഷേപിച്ചത് എന്ന്?.
ഉത്തരം: ചന്ത്രയൻ ജുലായി 14 ന് വിഷപിച്ചു എന്ന്.

മനോരമ വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്വിസ് മത്സരങ്ങളിൽ നിന്നാണ് ഉദാഹരണം കേട്ടോ. നിങ്ങൾക്ക് ഇതു വായിച്ചപ്പോൾ എന്താണു തോന്നിയത്?

1. മലയാളം ശരിക്ക് അറിയില്ലല്ലോ. അക്ഷരങ്ങൾ അത്രയ്ക്ക് വഴങ്ങുന്നില്ലല്ലോ.

2. ചോദ്യത്തിൽ തന്നെ ചന്ദ്രയാൻ എന്നുണ്ടല്ലോ. അതു നോക്കി എഴുതിയപ്പോൾ എങ്ങനെയാണു തെറ്റിയത്?

3. ചന്ദ്രയാൻ–3 എന്നു ചോദ്യത്തിൽ ഉണ്ടല്ലോ. ഉത്തരത്തിൽ 3 വിട്ടുപോയത് എങ്ങനെയാണ്?

4. അതുപോലെ തന്നെയാണ‌ല്ലോ വിക്ഷേപിക്കുക എന്ന വാക്കിന്റെ കാര്യവും. അതും ചോദ്യത്തിൽ കൃത്യമായി ഉണ്ടല്ലോ?

5. ക്വിസിലും മറ്റും വർഷവും മാസവും തീയതിയും കൃത്യമായി എഴുതിയാൽ അല്ലേ മാർക്ക് കിട്ടൂ?

ഈ സംശയങ്ങളും ചോദ്യങ്ങളുമൊക്കെയാകുമല്ലേ നിങ്ങളുടെ മനസ്സിലും ഉണ്ടായത്? ഇവിടെയാണ് പഠിപ്പുരയ്ക്ക് ശ്രദ്ധ, ഏകാഗ്രത എന്നിവയെക്കുറിച്ച് കൂട്ടുകാരെ ഓർമിപ്പിക്കാനുള്ളത്.

നോട്ടപ്പിശക് ചെറിയ പിശകല്ല 
ചോദ്യത്തിലുള്ള വാക്കുകൾ എടുത്തെഴുതുമ്പോൾ തെറ്റുക, കണക്കിന്റെ ഉത്തരമോ സമവാക്യമോ ഒരുഭാഗത്ത് ശരിയായി എഴുതിയ ശേഷം പിന്നീട് തെറ്റിച്ചെഴുതുക, ഒരേ വാക്ക് തന്നെ പലതരത്തിൽ എഴുതുക – ഇതൊക്കെ നമുക്ക് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നോ? നമ്മുടെ നോട്ടപ്പിശകു കൊണ്ട്. വായിക്കുമ്പോഴും എഴുതുമ്പോഴും നമ്മൾ തീർത്തും അശ്രദ്ധരായിപ്പോകുന്നതാണ് ഇത്തരം തെറ്റുകൾക്കു പിന്നിൽ. പഠിപ്പുര അവധിക്കാല മത്സരത്തിനായി ലഭിച്ച ഡയറികളിലും ഇത്തരം ഒട്ടേറെ തെറ്റുകൾ ശ്രദ്ധയിൽപെട്ടു. എഴുതുമ്പോൾ ചില തെറ്റുകൾ വരുന്നതിൽ ഒരു പ്രശ്നവുമില്ല കേട്ടോ. അതു നമുക്കു തിരുത്തിയെടുക്കാം. എന്നാൽ, അശ്രദ്ധ കൊണ്ട് കടന്നുകൂടുന്ന പിഴവുകൾ തീർച്ചയായും ഒഴിവാക്കിയേ പറ്റൂ. ശ്രദ്ധിക്കാതെ എഴുതിയാൽ അറിയാവുന്നതു പോലും തെറ്റിപ്പോകും. സ്വന്തം പേരു തന്നെ തെറ്റിച്ച് എഴുതിയവരും അറിയാതെ മംഗ്ലിഷിൽ  വാചകങ്ങൾ എഴുതിയവരും ഒക്കെയുണ്ട്. എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങളെ നമുക്ക് മറികടക്കാനാകുക?

‘ശ്രദ്ധയൊരിത്തിരി,

നോട്ടമതൊത്തിരി

ഇത്തിരിയൊത്തിരി

ചേർന്നില്ലേലൊരു

തൊന്തരവുണ്ടേ,

ചേർന്നാലോ പല

നേട്ടമതൊത്തിരി–

യുണ്ടേ, കൂടാം

ചങ്ങാതികളേ’

ഈ വരികൾ സൂപ്പർഫാസ്റ്റ് പായും പോലെയുള്ള സ്പീഡിൽ 10 വട്ടം വായിച്ചു നോക്കൂ. നല്ല രസമുണ്ടല്ലേ. നാവു വഴങ്ങുന്നുണ്ടോ?  അതിൽ പറഞ്ഞിരിക്കുന്നത് വിദ്യാർഥികൾക്കു വേണ്ട ഒരു ചെറിയ പാചകക്കുറിപ്പാണ്. അൽപം ശ്രദ്ധ, തികഞ്ഞ ഏകാഗ്രത ഇതു രണ്ടുമുണ്ടെങ്കിൽ നേട്ടങ്ങൾ പലതാണ്. ഇല്ലെങ്കിലോ തൊന്തരവു തന്നെ എന്നാണു ചങ്ങാതിമാരെ ഓർമിപ്പിക്കുന്നത്.

ശ്രദ്ധയ്ക്കെന്താ കൊമ്പുണ്ടോ? 
റോഡ് കുറുകെ കടക്കുമ്പോൾ, ഗ്യാസ് അടുപ്പ് കൈകാര്യം ചെയ്യുമ്പോൾ, മഴയത്തു നടക്കുമ്പോൾ, പഠിക്കുമ്പോൾ, പരീക്ഷയെഴുതുമ്പോൾ, വണ്ടിയോടിക്കുമ്പോൾ, കളിക്കുമ്പോൾ – ഹോ, എല്ലായിടത്തും വേണം ശ്രദ്ധ, ശ്രദ്ധ, ശ്രദ്ധ. ഇതെന്തൊരു വെറുപ്പിക്കലാണ്. എന്നാണോ കൂട്ടുകാർ ചിന്തിക്കുന്നത്? അതിനു പകരം ഇങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയാലോ – ഒരൽപം ശ്രദ്ധ മതിയല്ലോ, എന്തെല്ലാം കാര്യങ്ങൾ നേടിയെടുക്കാം. ഇത്തരത്തിൽ പോസിറ്റീവ് ആയി ശ്രദ്ധയെ സ്വാഗതം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. അധികനേരം ഒരു കാര്യത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്നു പരാതി പറയുന്നവരുണ്ട്. അതിനെ മറികടക്കാനുള്ള ചില വഴികൾ നമുക്കു നോക്കാം. 

∙ ദിവസവും 5 മിനിറ്റ് ശാന്തമായി, മൗനമായി ഇരുന്ന് ചുറ്റുപാടുകളെ നിരീക്ഷിക്കുക. കാഴ്ചകൾ കാണുക, കാതുകൾ കൊണ്ട് ശബ്ദങ്ങളെല്ലാം പിടിച്ചെടുക്കുക. 2 ദിവസം വെറുതേ ഇങ്ങനെ ചെയ്ത ശേഷം മൂന്നാം ദിവസം മുതൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം ഓർത്ത് എഴുതുക. ഇതിനായി ഒരു കൊച്ചു നോട്ട്ബുക്ക് കരുതാം.

∙ ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റു പല ചിന്തകളും കയറി വരുന്നതാണല്ലോ മറ്റൊരു പ്രശ്നം. ഇതു  മാറ്റാനായി ചിന്തകളോടു നമുക്ക് വർത്തമാനം പറയാം. വേറൊന്നും ചിന്തിക്കരുത് എന്നു ശാഠ്യം പിടിച്ചാൽ ചിലപ്പോൾ വേറെ ചിന്തകൾ മാത്രമേ കടന്നുവരൂ. അതുകൊണ്ട് നുഴഞ്ഞുകയറി വരുന്ന ആലോചനകളോട് വഴക്കുണ്ടാക്കാൻ നിൽക്കേണ്ട. പകരം, ഇങ്ങനെ പറയുക– ഒകെ, ഇക്കാര്യം തീർച്ചയായും ചിന്തിക്കാം. ഇപ്പോൾ ചെയ്യുന്ന കാര്യം ഒന്നു കഴി‍ഞ്ഞോട്ടെ. ഒന്നു വെയ്റ്റ് ചെയ്യണേ. ഇതു കഴിഞ്ഞു വന്നോളൂ. വട്ടുപറയുകയല്ല കേട്ടോ. ഒന്നു പരീക്ഷിച്ചു നോക്കൂ. ഡിസ്ട്രാക്ടിങ് തോട്സ് പോസ്റ്റ്പോൺമെന്റ് ടെക്നിക് എന്നാണ് ഈ ട്രിക്കിന്റെ പേര്.

∙ വിനോദങ്ങൾ ശീലമാക്കുക. ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുമ്പോൾ നാമറിയാതെ നമ്മുടെ ശ്രദ്ധ കൂടും. ചെടി നടുമ്പോഴോ പാട്ടു കേൾക്കുമ്പോഴോ നൃത്തം ചെയ്യുമ്പോഴോ ഓടിക്കളിക്കുമ്പോഴോ ക്രാഫ്റ്റ് വർക്ക് ചെയ്യുമ്പോഴോ ഒക്കെ നമ്മുടെ ശ്രദ്ധ വളർന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, വിനോദങ്ങൾ വെറുതേ അലസമായി ചെയ്താൽ ഈ പ്രയോജനം കിട്ടില്ല. ആസ്വദിച്ചു ചെയ്യുക. ആത്മാർഥമായി ചെയ്യുക. 

∙ പാട്ട്, കവിത, സിനിമാ ഡയലോഗ്, പ്രാർഥന, പ്രസംഗം, കഥ തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ളവയുടെ വരികൾ ഹൃദയത്തിൽ ഉറപ്പിക്കുക.  തെറ്റാതെ ഉറക്കെപ്പറഞ്ഞുനോക്കുക. ഓരോ വാക്കും ഇങ്ങനെ പഠിക്കുമ്പോൾ ശ്രദ്ധയും കൂടെപ്പോരും.

Content Highlight  : Attention and concentration | Notational errors in exams | Overcoming careless mistakes | Improving focus and concentration |Techniques to enhance attention span | Padhippura 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com