ചന്ദ്രന് തിരക്കുള്ള ദിവസങ്ങളാണ് അടുത്തയാഴ്ച. ഇന്ത്യയുടെ ചന്ദ്രയാനെയും റഷ്യയുടെ ലൂണയെയും സ്വീകരിക്കണം. ഇന്ത്യയുടെ ചന്ദ്രയാൻ പോലെ മറ്റ് രാഷ്ട്രങ്ങൾക്കും ചാന്ദ്ര പര്യവേക്ഷണങ്ങളുണ്ട്. അവയുടെ വിവരങ്ങൾ നോക്കാം
ലൂണ 2 എന്ന ഒന്നാമൻ
ചന്ദ്രോപരിതലത്തിൽ എത്തിയ ആദ്യ മനുഷ്യനിർമിത വസ്തു ലൂണ 2 ബഹിരാകാശ പേടകമാണ്. 1959 സെപ്റ്റംബർ 12ന് സോവിയറ്റ് യൂണിയനാണു വിക്ഷേപിച്ചത്. 1958 മുതൽ 1976 വരെ 44 ആളില്ലാ ലൂണ ദൗത്യങ്ങൾ. 15 എണ്ണം വിജയിച്ചു. അവസാനം വിക്ഷേപിച്ചത് ലൂണ 25. 1959ൽ ലൂണ 3 ചന്ദ്രന്റെ വിദൂരവശത്തിന്റെ ആദ്യഫോട്ടോ എടുത്തു. ലൂണ 9 ചന്ദ്രോപരിതലത്തിൽ 1966ൽ ആദ്യ സുരക്ഷിത ലാൻഡിങ് നടത്തി ആദ്യ ക്ലോസപ് എടുത്തു. ലൂണ 10 (1966) ആണ് ആദ്യ കൃത്രിമ ചന്ദ്രോപഗ്രഹം.

മനുഷ്യനുമായി അപ്പോളോ
മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ചതാണ് അമേരിക്കയുടെ അപ്പോളോ ദൗത്യം.1969 ജൂലൈ 20ന് നീൽ ആംസ്ട്രോങും എഡ്വിൻ ആൽഡ്രിനുമാണ് അപ്പോളോ 11ൽ ചന്ദ്രോപരിതലത്തിൽ ആദ്യം ഇറങ്ങിയത്. നാസ 5 പ്രാവശ്യം കൂടി മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചു. മറ്റൊരു രാഷ്ട്രത്തിനും ഈ നേട്ടം ഇതേവരെ ആവർത്തിക്കാനായില്ല. 1961 മുതൽ 1972 വരെയാണ് യുഎസ് അപ്പോളോ ചാന്ദ്രദൗത്യം നടത്തിയത്. ആർട്ടിമിസ് ദൗത്യത്തിലൂടെ യുഎസ് രണ്ടാം ചാന്ദ്രദൗത്യം തുടങ്ങി. 2024ൽ ഒരു വനിതയുൾപ്പടെ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായ ആളില്ലാ ദൗത്യം 2022ൽ ആർട്ടിമിസ് 1 വിജയകരമായി പൂർത്തിയാക്കി. 2024ലാണ് ആളുളള ദൗത്യം ആർട്ടിമിസ് 2.
സ്മാർട് -1 ഇഎസ്എ ദൗത്യം
യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ)യൂടെ ആദ്യ ചാന്ദ്രപര്യവേക്ഷണമാണ് സ്മാർട്-1. 2003 സെപ്റ്റംബർ 27ന് വിക്ഷേ പിച്ചു. 2006 സെപ്റ്റംബർ 3ന് ലക്ഷ്യമിട്ടതു പോലെ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറക്കി. ചന്ദ്രനിലെ രാസമൂലകങ്ങളെക്കുറിച്ച് സമഗ്രവിവരം ആദ്യം ലഭ്യമാക്കിയത് ഈ പേടകമാണ്.

ചൈനയുടെ ചാങ്–ഇ
ചൈനയുടെ ചാന്ദ്രദേവതയാണ് ചാങ്–ഇ (Chang'e). അവരുടെ ചാന്ദ്രദൗത്യത്തിന്റെ പേരും അതാണ്. ചൈന നടത്തിയ 5ചാങ്–ഇ ദൗത്യങ്ങളും വിജയിച്ചു. ചാങ്–ഇ 1,2 ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്ററായിരുന്നു. 2007 ഒക്ടോബർ 24 നും 2010 ഒക്ടോബർ 1നുമായിരുന്നു വിക്ഷേപണം. ചാങ്–ഇ 3,4 ൽ ലാൻഡറും യൂടൂ (Yutu) റോവറും ഉൾപ്പെട്ടിരുന്നു. അവ 2013 ഡിസംബർ 14നും 2019 ജനുവരി 3നും ചന്ദ്രനിൽ മൃദുസ്പർശം നടത്തി. ഭൂമിയിൽ ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശമായ ദക്ഷിണധ്രുവത്തിലെ ആദ്യ സുരക്ഷിത ലാൻഡിങ് ആയിരുന്നു ചാങ്–ഇ 4ന്റേത്. ചന്ദ്രശില കൊണ്ടുവരാനായിരുന്നു ചാങ്–ഇ 5 വിക്ഷേപിച്ചത്. 1731 ഗ്രാം സാംപിളുമായി അത് 2020 ഡിസംബർ 16ന് ഭൂമിയിൽ തിരിച്ചെത്തി. ചാങ്–ഇ 6,7,8 യഥാക്രമം 2025, 2026, 2028 വർഷങ്ങളിൽ നടക്കും. 2030ൽ ചൈനീസ് പൗരന്റെ ചാന്ദ്ര സന്ദർശനമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ഹകുടോ റാഷിദ് ദൗത്യം
ജപ്പാനിലെ ഐസ്പേസിന്റെ ആദ്യ ചന്ദ്ര ദൗത്യമായിരുന്നു ഹകുടോ - ആർ- മിഷൻ 1(Hakuto-R-Mission 1). ചന്ദ്രനിൽ ഒരു ലാൻഡറിന്റെ സുരക്ഷിത ലാൻഡിങ് ആയിരുന്നു ലക്ഷ്യം. ഇതിലാണ് യുഎഇയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണമായ റാഷിദ് റോവർ ഉൾപ്പെട്ടിരുന്നത്. ഗൾഫിൽ നിന്നുളള ആദ്യ ചാന്ദ്ര ദൗത്യം. 2022 ഡിസംബർ 11നാണ് വിക്ഷേപിച്ചത്. 2023 ഏപ്രിൽ 25ന് ചന്ദ്രനിലെ അറ്റ്ലസ് ഗർത്തത്തിൽ സുരക്ഷിത ലാൻഡിങ്ങിനു നിമിഷങ്ങൾ മുൻപ് ഇതുമായി വാർത്താവിനിമയം അറ്റു. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി നശിച്ചിരിക്കാം.
Content Highllight - Lunar missions | Chandrayaan mission | Luna spacecraft | Apollo missions | Artemis mission | Moon Missions | Space | Padhippura