ജനാധിപത്യം നീണാൾ വാഴട്ടെ!

HIGHLIGHTS
  • ജനാധിപത്യം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
  • ‘വരുംതലമുറയുടെ ശാക്തീകരണ’മാണ് 2023ലെ രാജ്യാന്തര ജനാധിപത്യ ദിനാചരണത്തിന്റെ പ്രമേയം
international-day-of-democracy
Representative image.. Photo .credits: CHAIYARAT/ Shutterstock.com
SHARE

രാജ്യാന്തര ജനാധിപത്യ ദിനമാണ് സെപ്റ്റംബർ 15.ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്നു പരിശോധിക്കാംഏബ്രഹാം ലിങ്കൺ ഗെറ്റിസ്ബർഗിൽ നടത്തിയ പ്രഭാഷണത്തിൽ വെറും 272 വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്തെ എക്കാലത്തെയും മികച്ച പ്രഭാഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന അതിൽ ലിങ്കൺ ജനാധിപത്യത്തെ സാധാരണക്കാർക്കു പോലും മനസ്സിലാകും വിധം നിർവചിക്കുകയുണ്ടായി:‘Government of the people, by the people, for the people’. പൗരൻ എന്നർഥമുള്ള ഡെമോസ്, അധികാരം എന്നർഥമുള്ള ‘ക്രാറ്റോസ്’ എന്നീ ഗ്രീക്കു പദങ്ങൾ വിളക്കിച്ചേർത്തുണ്ടാക്കിയ പദമാണ് ഡെമോക്രസി അഥവാ ജനാധിപത്യം. കേവലം ഒരു ഭരണക്രമം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പർശിക്കുന്ന മൂല്യവ്യവസ്ഥ കൂടിയാണ് അതെന്നു പറയാം. തീർത്തും കുറ്റമറ്റതല്ല ജനാധിപത്യമെങ്കിലും രാജഭരണത്തോടും ഏകാധിപത്യത്തോടും താരതമ്യപ്പെടുത്തുമ്പോൾ അതല്ലാതെ മറ്റൊരു സാധ്യത ആധുനിക നാഗരികതകൾക്കു മുന്നിലില്ല. അതുകൊണ്ടാണ് ജനാധിപത്യത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടുതൽ ജനാധിപത്യമാണെന്നു പറയുന്നത്.

ജനാധിപത്യത്തെ വെറും യുട്ടോപ്യയായി കരുതിയിരുന്ന കാലത്തെക്കുറിച്ച് ‘യുട്ടോപ്യ ഫോർ റിയലിസ്റ്റ്സ്’ എന്ന പുസ്തകത്തിൽ റട്ജർ ബ്രെഗ്‌മാൻ സൂചിപ്പിക്കുന്നുണ്ട്. ദാർശനികനായിരുന്ന പ്ലേറ്റോയും ഭരണതന്ത്രജ്ഞനായിരുന്ന എഡ്മണ്ട് ബർക്കും ജനാധിപത്യം വ്യർഥമാണെന്നും അപകടകരമാണെന്നും കരുതിയിരുന്നതായി ബ്രെഗ്‌മാൻ പറയുന്നു. എന്നാൽ പരിമിതികളോടെയാണെങ്കിലും ജനാധിപത്യം അതിജീവിക്കുന്നു എന്നതു ലോകത്തിനു ശുഭപ്രതീക്ഷയേകുന്നു. 1948ലെ യുഎൻ മനുഷ്യാവകാശ പ്രഖ്യാപനം ജനാധിപത്യക്രമത്തിന്റെ മാനിഫെസ്റ്റോയാണെന്നു പറയാം. അതിലെ ആർട്ടിക്കിൾ 19ൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. സ്വതന്ത്രമായി ഉയരുന്ന സ്വരങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. വിയോജിക്കാനും പ്രതിഷേധിക്കാനും അനുകൂലിക്കാനുമെല്ലാമുള്ള ഇടം അതു നൽകുന്നുണ്ട്. എന്നാൽ ഏകാധിപത്യ സമൂഹങ്ങളിൽ നമുക്ക് അതു പ്രതീക്ഷിക്കാനാവില്ല.

∙വെല്ലുവിളികൾ, പ്രതിസന്ധികൾ

ജനാധിപത്യം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മതിലുകളാൽ മൂടപ്പെടുന്ന പൗര ഇടങ്ങളെപ്പറ്റി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങൾക്കു നീതിയുക്തവും സ്വതന്ത്രവുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വിധം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവ ഉയർത്തുന്ന വെല്ലുവിളി വലുതാണ്. നിരന്തരമായ ഭരണകൂട നിരീക്ഷണം, വിവരച്ചോർത്തൽ, സെൻസർഷിപ്, വർണവെറി, ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഉദാര ജനാധിപത്യത്തിനു നേരെയുയർത്തുന്ന വെല്ലുവിളികളെ മറികടക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളെ വംശീയതയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്തുന്നതും ജനാധിപത്യ സ്ഥാപനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത് അവിശ്വാസം വളർത്തുന്നതുമെല്ലാം അവസാനിപ്പിച്ചുകൊണ്ടേ ജനാധിപത്യ സമൂഹങ്ങൾക്കു മുന്നോട്ടുപോകാനാകൂ.

പൗരസമൂഹത്തെ ശക്തിപ്പെടുത്താനും മനുഷ്യാവകാശപ്പോരാട്ടങ്ങൾ ഏറ്റെടുത്തു നടത്താനും ജനാധിപത്യ പ്രക്രിയയെ കൂടുതൽ അഗാധവും വിപുലവുമാക്കാനുമായി യുഎൻ ഡെമോക്രസി ഫണ്ട് പോലെ ഒട്ടേറെ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ‘ഞങ്ങൾക്കു കൂടുതൽ ഏകാധിപത്യവും രാജഭരണവും വേണ’മെന്നു പറഞ്ഞ് ലോകത്തൊര‍ിടത്തും ജനം തെരുവിലിറങ്ങാറില്ല. കൂടുതൽ ജനാധിപത്യം വേണമെന്നേ അവർ ആവശ്യപ്പെടാറുള്ളൂ. ജനാധിപത്യത്തിന്റെ വില അതു നിഷേധിക്കപ്പെടുന്നവർക്കാണ് ശരിക്കും അറിയാവുന്നത്.

∙ജനാധിപത്യ ദിനം

‘വരുംതലമുറയുടെ ശാക്തീകരണ’മാണ് 2023ലെ രാജ്യാന്തര ജനാധിപത്യ ദിനാചരണത്തിന്റെ പ്രമേയം. ജനാധിപത്യ ക്രമം ലോകപുരോഗതിക്ക് എത്രമേൽ പ്രധാനമാണെന്നും അതു മുന്നോട്ടുകൊണ്ടുപോകാൻ യുവജനതയുടെ പങ്ക് എത്രമാത്രം അനിവാര്യമാണെന്നും ഇതു നമ്മെ ഓർമിപ്പിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലെ ഭാവിയുടെ മുന്നിൽ ചോദ്യചിഹ്നങ്ങളായി നിൽക്കുന്ന പ്രശ്നങ്ങളെ നേരിടുന്ന കാര്യത്തിൽ അവരുടെ അഭിപ്രായവും പ്രധാനമാണ്. അതുകൊണ്ടാണ് ഗ്രേറ്റ ട്യുൻബെർഗിനെപ്പോലെ പുതുതലമുറയിൽ നിന്നുള്ള സ്വരത്തിനായി ലോകം കാതോർക്കുന്നത്.

Content Highlight  - International Democracy Day | Challenges facing democracy | Abraham Lincoln | Democracy in modern civilizations | UN Declaration of Human Rights

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS