ADVERTISEMENT

ദിവസങ്ങൾക്കു മുൻപ് ‍ഡൽഹിയിൽ ജി20 യോഗം നടന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വായിച്ചിരിക്കുമല്ലോ. ഇത്തരം കൂട്ടായ്മകളെക്കുറിച്ച് ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കാനുമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും വളർച്ചയ്ക്കും രാജ്യാന്തരതലത്തിൽ കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. ചില പൊതു തത്വങ്ങളുടെയോ ചരിത്രത്തിലൂന്നിയുള്ള ഒത്തൊരുമയുടെയോ പ്രാദേശികമായ സൗഹൃദത്തിന്റെയോ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന യുഎൻ ഇതര രാജ്യാന്തര സംഘടനകളുണ്ട്. ആഗോളരംഗത്തെ പരസ്പര സഹകരണവും വളർച്ചയുമാണ് ഇത്തരം കൂട്ടായ്കളുടെ ലക്ഷ്യം. പ്രധാനപ്പെട്ട കൂട്ടായ്മകളെ അടുത്തറിയാം..

 

ജി20 (ഗ്രൂപ്പ് ഓഫ് 20)

സുസ്ഥിര വികസനം, സാമ്പത്തികം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, കൃഷി, ഊർജം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സഹകരണം ഉറപ്പാക്കാൻ രൂപീകരിച്ച കൂട്ടായ്മയാണ്  ജി20. 1999ൽ രൂപീകൃതമായി. കാൽ നൂറ്റാണ്ടു മുൻപ് ഏഷ്യൻ രാജ്യങ്ങൾ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു സംഘടനയ്ക്ക് ജന്മം നൽകിയത്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ഉൾപ്പെടും.  (ജി21 എന്നു പേരുമാറ്റം ഔദ്യോഗികമായിട്ടില്ല).  ഈ മാസം ന്യൂഡൽഹയിൽ നടന്ന ഉച്ചകോടി അടക്കം ഇതുവരെ 18 ഉച്ചകോടികൾ നടന്നു. അംഗങ്ങൾ: അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തൊനീഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ. ലോകജനസംഖ്യയുടെ 80 ശതമാനവും ഈ രാജ്യങ്ങളിലാണ്. രാജ്യാന്തര സമ്പദ്‍വ്യവസ്ഥ നിയന്ത്രിക്കുന്ന ബഹുഭൂരിപക്ഷം രാജ്യങ്ങളും ജി 20യിൽ ഉൾപ്പെടും. ജി20ക്കു സ്ഥിരമായ സെക്രട്ടേറിയറ്റില്ല. ഇപ്പോൾ അധ്യക്ഷസ്ഥാനത്ത് ഇന്ത്യയാണ്. 2023 ഡിസംബറിൽ ബ്രസീൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും

 

ജി4 (ഗ്രൂപ്പ് ഓഫ് 4)

യുഎൻ രക്ഷാസമിതിയിൽ  സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന നാലു രാജ്യങ്ങളുടെ കൂട്ടായ്മ. ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ജർമനി എന്നിവയാണ് ജി4 രാഷ്ട്രങ്ങൾ. 2005ൽ രൂപീകരിച്ചു.

 

ജി5 (ഗ്രൂപ്പ് ഓഫ് 5)

ബ്രസീൽ, ഇന്ത്യ, ചൈന, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേരുന്ന ചർച്ചാവേദി. 2005ൽ സ്ഥാപിതം. വികസിത രാജ്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയും ചർച്ചയുമാണ് മുഖ്യ ലക്ഷ്യം

 

ജി7 (ഗ്രൂപ്പ് ഓഫ് 7)

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മ. സാമ്പത്തിക, നയതന്ത്ര, സൈനിക, രാഷ്ട്രീയ സഹകരണത്തിനായി 1975ൽ രൂപീകരിച്ച വേദി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവയാണ് അംഗരാഷ്ട്രങ്ങൾ. ജി8 എന്നായിരുന്നു ആദ്യ പേര്. 2014ൽ റഷ്യ പുറത്തായതോടെ ജി7 ആയി. യൂറോപ്യൻ യൂണിയനും ജ7നൊപ്പം സഹകരിക്കുന്നുണ്ട്.

 

ആസിയാൻ (ASEAN)

10 രാജ്യങ്ങളുടെ സംഘടന. 1967 ഓഗസ്റ്റ് 8ന് നിലവിൽവന്ന രാഷ്ട്രീയ– സാമ്പത്തിക കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്‌റ്റ് ഏഷ്യൻ നേഷൻസ് അഥവാ ആസിയാൻ. അഞ്ചര പതിറ്റാണ്ടുകൾക്കുള്ളിൽ ശക്‌തമായ ഒരു രാജ്യാന്തര കൂട്ടായ്‌മയായി ഇതു  മാറിക്കഴിഞ്ഞു. അംഗരാജ്യങ്ങൾ: ഇന്തൊനീഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ, ബ്രൂണയ്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, മ്യാൻമർ. നിരീക്ഷക പദവിയാണ് ഈസ്റ്റ് ടിമോറിന്(ടിമോർ ലെസ്റ്റ്) ഉള്ളത്. ലാവോസിനാണ് അധ്യക്ഷപദവി. ആസ്ഥാനം:  ജക്കാർത്ത

 

കോമൺവെൽത്ത് ഓഫ് നേഷൻസ് (Commonwealth of Nations)

ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളുടെ സംഘടന. 1931ൽ സ്ഥാപിതമായി. ഇന്നത്തെ രൂപത്തിൽ നിലവിൽവന്നത് 1949. ഇന്ത്യയടക്കം 56 അംഗങ്ങൾ. ലണ്ടനിലെ മാൾബറോ ഹൗസ് ആണ് ആസ്ഥാനം. ബ്രിട്ടിഷ് രാജാവ് / രാജ്ഞിയാണ് കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന  കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ‘ചോഗം’(CHOGM)  (Commonwealth Heads of Government Meeting) എന്നറിയപ്പെടുന്നു.

 

യൂറോപ്യൻ യൂണിയൻ (EU)

യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മ. യൂറോപ്യൻ യൂണിയൻ (ഇയു)–1993ലാണ് ഈ പേര് കൈക്കൊള്ളുന്നത്. 1958ൽ സ്ഥാപിതമായ യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റിയാണ് ഇയു ആയി മാറിയത്. 27 അംഗങ്ങൾ. ഇതിൽ 19 രാജ്യങ്ങളുടെ പൊതു കറൻസി യൂറോ ആണ്. യൂറോ ഉപയോഗിക്കാത്ത 8 രാജ്യങ്ങളുണ്ട്. ബ്രസൽസ് ആണ് ആസ്ഥാനം.

 

സാർക്ക് (SAARC- South Asian Association for Regional Cooperation)

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണത്തിനായി 1985 ഡിസംബർ 8ന് സ്ഥാപിതമായി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവ അംഗരാജ്യങ്ങൾ. ആസ്ഥാനം: കഠ്മണ്ഡു (നേപ്പാൾ

 

നാറ്റോ (North Atlantic Treaty Organisation/ ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന)

പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്നതിന് 1949 ഏപ്രിൽ 4ന് ഒപ്പുവച്ച ഉത്തര അറ്റ്‌ലാന്റിക് ഉടമ്പടി പ്രകാരം പിറന്ന സൈനിക സഖ്യം. 30 രാഷ്ട്രങ്ങൾ അംഗങ്ങൾ. ലോകത്തിലെ ഏറ്റവും ശക്തമായ സൈനികസഖ്യമാണ് അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ. ബ്രസൽസ് ആണ് ആസ്ഥാനം. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ സോവിയറ്റ് യൂണിയന്റെയും കമ്യൂണസത്തിന്റെയും സ്വാധീനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരണം.

 

ബ്രിക്സ്

സാമ്പത്തിക വളർച്ചയിൽ ഏറ്റവും ഗതിവേഗമുള്ള ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയിൽ 2009ൽ പിറന്ന സംഘടനയാണ് ബ്രിക് (BRIC). 2011ൽ   ദക്ഷിണാഫ്രിക്ക കൂടി പങ്കാളിയായതോടെ വികസ്വര രാജ്യങ്ങളിലെ ശക്‌തരുടെ സംഘടനയ്‌ക്ക് 

‘ബ്രിക്‌സ്’ (BRICS) എന്ന പുതിയ പേരു വീണു.

 

ഒപെക്ക് (OPEC- Organization of the Petroleum Exporting Countries)

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ ഇപ്പോൾ 14 അംഗങ്ങളുണ്ട്. 1960ൽ സ്ഥാപിതം. ഓസ്ട്രിയയിലെ വിയന്നയാണ് ആസ്ഥാനം. സൗദി അറേബ്യ, അൾജീരിയ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലിബിയ, യുഎഇ, വെനസ്വേല, അംഗോള, നൈജീരിയ, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവയാണ് അംഗരാജ്യങ്ങൾ.

 

ആഫ്രിക്കൻ യൂണിയൻ (AU) 

ആഫ്രിക്കൻ വൻകരയിലെ 55 രാജ്യങ്ങളുടെ കൂട്ടായ്മ. ഒരുമയും കരുത്തുമുള്ള ആഫ്രിക്ക എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ഇത്യോപ്യയിലെ ആഡിസ് അബാബയാണ് ആസ്ഥാനം. 2002ലാണ് എയു സ്ഥാപിതമായത്

 

ദ് അറബ് ലീഗ് (The League of Arab States)

ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ അറബ് രാജ്യങ്ങൾ 1945 മാർച്ച് 22ന് കയ്റോയിൽ രൂപീകരിച്ച കൂട്ടായ്മ. അറബ് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ഏകോപനം, സാമ്പത്തിക സഹകരണം, തർക്കപരിഹാരം എന്നിവ മുഖ്യലക്ഷ്യങ്ങൾ.  22 രാജ്യങ്ങൾ  അംഗങ്ങളാണ്. ആസ്ഥാനം: കയ്റോ

 

ഗൾഫ് സഹകരണ കൗൺസിൽ 
(GCC-Gulf Cooperation Council)

ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളുടെ പൊതുവേദി. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ  എന്നിവർ അംഗങ്ങളായ ഈ പൊതുവേദി  43 വർഷമായി ഗൾഫ് കൂട്ടായ്‌മയ്‌ക്കു ശ്രമിച്ചുവരുന്നു. 1981ൽ രൂപീകരിച്ചു. ആസ്ഥാനം: കുവൈത്ത് സിറ്റി

 

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (OAS)

അമേരിക്കൻ വൻകരകളിലെ രാജ്യങ്ങളുടെ സഹകരണത്തിനും വളർച്ചയ്ക്കും രൂപീകരിച്ച കൂട്ടായ്മ. 1948ൽ സ്ഥാപിതമായ 
സംഘടനയിൽ 35 രാജ്യങ്ങൾ അംഗങ്ങളാണ്. 

ആസ്ഥാനം: വാഷിങ്ടൻ ഡിസി. 

 

ചേരിചേരാ പ്രസ്ഥാനം (NAM- Non Aligned Movement)

വൻശക്തികളുടെയോ ഏതെങ്കിലും ചേരികളുടെയോ ഭാഗമാകാതെ നിന്ന രാജ്യങ്ങളുടെ പ്രസ്ഥാനം. 1961ൽ യുഗൊസ്‌ലാവ്യയിൽ സ്ഥാപിതമായി. ‘മൂന്നാം ലോക’ത്തിന്റെ വേറിട്ട അഭിപ്രായങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. അംഗരാജ്യങ്ങൾ 120. യുഎൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സംഘടന. 

 

കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (CIS)

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു മുൻ റിപ്പബ്ലിക്കുകളുടെ കൂട്ടായ്മ. റഷ്യയടക്കം 9 അംഗങ്ങൾ. 1991ലാണ് നിലവിൽവന്നത്. മോസ്കോയും മിൻസ്കുമാണ് ആസ്ഥാനങ്ങൾ.

 

Content Highlight - G20 meeting in Delhi | International organizations for mutual cooperation | G20, G7, and BRICS | ASEAN and SAARC cooperation | OPEC and CIS in global affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com