ADVERTISEMENT

ഭരണഘടനയുടെ 208–ാം അനുച്ഛേദമനുസരിച്ചാണ് സംസ്ഥാന നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും (റൂൾസ് ഓഫ് പ്രൊസീജ്യർ) ക്രമപ്പെടുത്തിയിരിക്കുന്നത്. കാലാകാലങ്ങളിൽ സ്പീക്കർ പുറപ്പെടുവിക്കുന്ന നിർദേശങ്ങളുടെയും റൂളിങ്ങുകളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണു സഭയിൽ കാര്യങ്ങൾ നടക്കുന്നത്. പാർലമെന്ററി സംവിധാനത്തിന്റെ ഉന്നത പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി സഭാംഗങ്ങൾക്ക് പെരുമാറ്റച്ചട്ടമുണ്ട്. പെരുമാറ്റച്ചട്ടലംഘനത്തിന് ഉചിതമായ ശിക്ഷണനടപടികളുമുണ്ട്.

ചോദിച്ച് ചോദിച്ച് 
രാവിലെ 9ന് സ്പീക്കർ സീറ്റിൽ എത്തി ബെല്ലടിക്കുന്നതോടെ സഭാനടപടികൾ തുടങ്ങും. ഇരുവശങ്ങളിലായ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഇരിക്കും. തുടർന്ന് ചട്ടം 26-47 പ്രകാരമുള്ള ആദ്യ സെഷൻ ചോദ്യോത്തരവേള. സ്വന്തം മണ്ഡലങ്ങളുടെ വിഷയങ്ങൾ സംബന്ധിച്ചും നാട്ടിലെ പൊതു പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളെക്കുറിച്ചും അംഗങ്ങൾ സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കും. ചോദ്യം ചോദിക്കേണ്ടവരെ നറുക്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഒരംഗത്തിന് ഒരു ദിവസം 7 ചോദ്യങ്ങൾ വരെ ചോദിക്കാം. നക്ഷത്ര ചിഹ്നമിട്ട 3 ചോദ്യങ്ങളും നക്ഷത്ര ചിഹ്നമിടാത്ത 4 ചോദ്യങ്ങളും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രി സഭയിൽ മറുപടി പറയും. നക്ഷത്ര ചിഹ്നമിടാത്തതിന് മറുപടി മേശപ്പുറത്ത് വയ്ക്കും. സഭയിൽ വാക്കാൽ മറുപടി നൽകുന്ന ചോദ്യങ്ങൾക്ക് ഉപചോദ്യങ്ങളും ചോദിക്കാം. മന്ത്രിമാർ മറുപടി നൽകും. സഭയിൽ ഏത് കാര്യവും സഭാതലവനായ സ്പീക്കർ മുഖേനയാണ് ചോദിക്കേണ്ടത്. ചട്ടം 48 അനുസരിച്ച് അടിയന്തിര ചോദ്യങ്ങളും സഭയിൽ ഉന്നയിക്കാം.

സീറോ അവർ 
ചോദ്യോത്തരവേള കഴിഞ്ഞാൽ പിന്നെ സീറോ അവറാണ്. അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങിയ കാര്യങ്ങളാണ് സീറോ അവറിൽ നടക്കുക. ചട്ടം 50 പ്രകാരമാണ് അടിയന്തര പ്രാധാന്യമുള്ള വിഷയം സംബന്ധിച്ച ചർച്ച. ഇതിനായി രാവിലെ 7.30 മുതൽ നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് നൽകാം.  പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് അംഗങ്ങൾക്ക് ലഭിക്കുന്ന അവസരമാണ് ചട്ടം 62 പ്രകാരമുള്ള ശ്രദ്ധ ക്ഷണിക്കൽ (കോളിങ് അറ്റൻഷൻ). ഒരു ദിവസം ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തുനിന്നും ഓരോരുത്തർക്കു വീതമേ ഇതിന് അനുവാദമുള്ളൂ. ശേഷം അതിന്മേലുള്ള മന്ത്രിയുടെ മറുപടി പ്രസംഗമാണ്. തുടർന്ന് അംഗങ്ങളുടെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളും പൊതു പ്രാധാന്യമുള്ള കാര്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്ന, ചട്ടം 304 പ്രകാരമുള്ള സബ്മിഷനാണ്. ഇതിനും നേരത്തേ നോട്ടിസ് നൽകണം. ദിവസം 10 മുതൽ 15 വരെ സബ്മിഷനുകളാകാം. ബന്ധപ്പെട്ട മന്ത്രിമാർ അതത് പ്രശ്നങ്ങൾക്ക് മറുപടി പറയും.  അടിയന്തരഘട്ടങ്ങളിൽ ചട്ടം 300 അനുസരിച്ച് ബന്ധപ്പെട്ട മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ റിപ്പോർട്ട് അവതരിപ്പിക്കാം.

ബില്ലുകൾ 
ബില്ലുകളുടെ അവതരണമാണ് മറ്റൊരു പ്രധാന നടപടി. ബില്ലുകൾക്കു 3 വായനയുണ്ട്. ആദ്യം സഭയിൽ ബന്ധപ്പെട്ട മന്ത്രി ബിൽ അവതരിപ്പിക്കും. പിന്നീട് സിലക്ട്/സബ്ജക്ട് കമ്മിറ്റിക്ക് പോകും. ഒടുവിൽ അവയിൽ വേണ്ട മാറ്റങ്ങളോടുകൂടി വീണ്ടും എത്തുന്നു. അതിന്മേൽ അംഗങ്ങൾ നൽകിയ ഭേദഗതികൾ കീറിമുറിച്ചു പരിശോധിക്കും. ചർച്ചയ്ക്കു ശേഷം ബിൽ സഭയിൽ വോട്ടിനിടും. പാസാകുന്ന ബിൽ ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.

ക്രമപ്രശ്നം 
സഭയിൽ ഏറ്റവും കൂടുതൽ തവണ കടന്നുവരുന്ന പദപ്രയോഗമാണ് ചട്ടം 303 ക്രമപ്രശ്‌നം (പോയിന്റ് ഓഫ് ഓർഡർ). സഭയിൽ പ്രസംഗിക്കുന്ന അംഗത്തിൽ നിന്ന് കൂടുതൽ വ്യക്തതയ്ക്കായി ക്രമപ്രശ്നം ഉന്നയിക്കാം. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി സംസാരിച്ചാൽ ചട്ടം 307 പ്രകാരം ആ ഭാഗം സഭാ രേഖകളിൽ നിന്ന് സ്പീക്കർക്ക് നീക്കം (എക്സ്പഞ്ച്) ചെയ്യാം.

എന്തു പറയാം? 
ഭരണഘടന അനുച്ഛേദം 194 പ്രകാരം അംഗങ്ങൾക്ക് നിയമസഭയിൽ ഏത് വിഷയത്തെക്കുറിച്ചും പറയാൻ അവകാശം (പ്രിവിലേജ് ) ഉണ്ട്. പക്ഷേ ചട്ടം അനുവദിക്കുന്നത് മാത്രമേ രേഖകളിൽ ഉണ്ടാകൂ. സിവിൽ നടപടി ക്രമത്തിലെ സെക്‌ഷൻ 135എ പ്രകാരം ഒരു നിയമസഭാംഗത്തെ സഭ തുടങ്ങുന്നതിന് 40 ദിവസം മുൻപോ, സഭ കഴിഞ്ഞ് 40 ദിവസം വരെയോ അറസ്റ്റ് ചെയ്യാൻ പാടില്ല. നിയമസഭാ പരിധിക്കുള്ളിൽ നിന്ന് ഒരു അംഗത്തെ അറസ്റ്റ് ചെയ്യാനും സ്പീക്കറുടെ പ്രത്യേക അനുമതി വേണം. ചട്ടം 285 അനുസരിച്ച് ഏതൊരംഗത്തിനെതിരെയും അംഗങ്ങൾക്ക് അഴിമതിയാരോപണം ഉന്നയിക്കാം. ചട്ടം 288 അനുസരിച്ച് ആരോപണവിധേയർക്ക് അതേക്കുറിച്ച് വിശദീകരിക്കാനും അവസരമുണ്ട്.

സ്വകാര്യബിൽ 
സഭയിൽ എല്ലാ വെള്ളിയാഴ്ചയും അനൗദ്യോഗിക ബില്ലുകളുടെ ദിവസമാണ്. മന്ത്രി അല്ലാത്ത അംഗം അവതരിപ്പിക്കുന്നതാണ് അനൗദ്യോഗിക ബിൽ അഥവാ പ്രൈവറ്റ് മെംബേഴ്സ് ബിൽ. നറുക്കെടുപ്പിലൂടെയാണ് ഇതു നിശ്ചയിക്കുന്നത്. അനൗദ്യോഗിക ബില്ലുകൾക്ക് അനുമതി തേടുമ്പോൾ ബന്ധപ്പെട്ട മന്ത്രി എതിർക്കാറുണ്ട്. ബില്ലുകളുടെ അന്തഃസത്ത ഉൾക്കൊണ്ട് സർക്കാർ നിയമനിർമാണത്തിന് സന്നദ്ധമാകുന്ന പക്ഷം സഭയുടെ അനുമതിയോടു കൂടി ബിൽ പിൻവലിക്കാറുണ്ട്.

ഗവർണറും സഭയും 
അനുച്ഛേദം 176 (1) പ്രകാരം 2 അവസരങ്ങളിലാണ് ഗവർണർ സഭയെ അഭിസംബോധന ചെയ്യുന്നത്. പൊതു തെരഞ്ഞെടുപ്പിന് ശേഷം കൂടുന്ന ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലും ഓരോ കലണ്ടർ വർഷത്തിലെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലും.നിയമസഭ കൂടാനായി ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്യണം. ഗവർണറാണ് ഇതു സംബന്ധിച്ച് സമൻസ് പുറപ്പെടുവിക്കുന്നത്. 6 മാസത്തിലൊരിക്കൽ നിയമസഭ കൂടണമെന്നാണ് ചട്ടം.

ആർട്ടിക്കിൾ 200 പ്രകാരം സഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ മാത്രമേ നിയമമാകുകയുള്ളു. നൽകുന്ന ബില്ലുകൾക്ക് ഗവർണർ അനുമതി കൊടുക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കാനായി പിടിച്ചുവയ്ക്കുകയോ, തിരിച്ചയയ്ക്കുകയോ ചെയ്യാം. പക്ഷേ ഒരിക്കൽ തിരിച്ചയച്ച ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് 6 മാസത്തിനുള്ളിൽ വീണ്ടും ഗവർണർക്ക് അയച്ചാൽ ഗവർണർ അത് ഒപ്പിടണമെന്ന് ഭരണഘടന അനുശാസിക്കുന്നു.

English Summary:

Understanding how our legislature functions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com