സൗദി അറേബ്യൻ പൗരത്വം, 62 മുഖഭാവങ്ങൾ; സോഫിയ മുതൽ ഗ്രോക്ക് വരെ

Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ലോകത്തെയൊന്നാകെ വിസ്മയിപ്പിച്ചത് 2016ൽ ഹാൻസൺ റോബട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയിഡ് റോബട്ടായ സോഫിയയുടെ വരവോടെയാണ്. നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കി നിർമിച്ച സോഫിയയ്ക്ക് റോബട്ടിക്സിലെയും എഐയിലെയും നൂതനസവിശേഷതകൾ സ്വന്തമായുണ്ടായിരുന്നു. മനുഷ്യസമാനമായ മുഖവും 62 മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവുമുണ്ട്. മുനുഷ്യരുമായുള്ള ഇടപെടലിലൂടെ സ്വയം മെച്ചപ്പെടുന്നതിനായി സംഭാഷണങ്ങൾ വിശകലനം ചെയ്യുന്ന എഐ സോഫ്‌റ്റ്‌വെയർ ആണ് സോഫിയ ഉപയോഗിക്കുന്നത്. 2017ൽ സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നൽകി. ഏതെങ്കിലുമൊരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യത്തെ റോബട്ടായി അങ്ങനെ സോഫിയ ചരിത്രം കുറിച്ചു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കമ്പനിയായാണ് 2015ൽ ഓപ്പൺഎഐ സ്ഥാപിതമായത്. മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്ന ഒരു എഐ സംവിധാനം വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇലോൺ മസ്‌ക്, സാം ഓൾട്ട്മാൻ, പീറ്റർ തീൽ എന്നിവരായിരുന്നു സ്ഥാപകർ. ഓപ്പൺഎഐയുടെ ആദ്യകാല ഗവേഷണം പ്രധാനമായും റോബട്ടിക്സിലും അനുബന്ധമേഖലകളിലും ആയിരുന്നു. 2019ൽ, ഇത് ഭാഷാ മോഡലായ ജിപിടി-2 സൃഷ്ടിച്ചു. സ്വയം രചനകൾ നടത്താൻ കഴിവുള്ള ജിപിടി-2 അന്നൊരു വിസ്മയമായിരുന്നു.
2020ൽ, നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ട് ഓപ്പൺഎഐ പ്രവർത്തനശൈലി മാറ്റി. ചെലവേറിയ എഐ ഗവേഷണത്തിന് പണം ചെലവിടാൻ ഇത് കമ്പനിയെ പ്രാപ്തമാക്കി. 2020ൽ ഓപ്പൺഎഐ ജിപിടി-3 ഭാഷാ മോഡൽ പുറത്തിറക്കി. 2021-ൽ, ഇമേജ് ജനറേറ്റർ ആയ ഡാൽ-ഇ പുറത്തിറക്കി.
വാക്കുകളിൽ നൽകുന്ന നിർദേശാനുസരണം ചിത്രങ്ങൾ സൃഷ്ടിക്കുന്ന എഐ സംവിധാനമായിരുന്നു ഇത്. 2022-ൽ, വിസ്പർ എഐ എന്ന സ്റ്റാർട്ടപ്പ് ഏറ്റെടുത്ത ഓപ്പൺഎഐ ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് വികസിപ്പിക്കാനാരംഭിച്ചു. 2022 നവംബറിൽ ചാറ്റ്ജിപിടി പുറത്തിറക്കിയതോടെ എഐയുടെ കഴിവുകൾ ലോകത്തെ അമ്പരപ്പിച്ചുതുടങ്ങി. സ്വാഭാവിക സംഭാഷണങ്ങൾക്കും തുടർചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും കഴിയുന്ന ചാറ്റ്ജിപിടി ലോകത്തെയാകെ വിസ്മയിപ്പിച്ചു. മനുഷ്യരെപ്പോലെ വാചകങ്ങൾ നിർമിക്കാനുള്ള അതിന്റെ കഴിവുകൾ വിദ്യാഭ്യാസം മുതൽ ഗവേഷണം വരെയുള്ള പല മേഖലകളെയും സ്വാധീനിച്ചു.
2023 ഫെബ്രുവരിയിൽ ഗൂഗിൾ പ്രഖ്യാപിച്ച എഐ ചാറ്റ്ബോട്ട് ആണ് ബാർഡ്. ഗൂഗിളിന്റെ സ്വന്തം ഭാഷാ മോഡലായ ലാംഡ (LaMDA) ആണ് ബാർഡിനു കരുത്തു പകരുന്നത്. ആന്ത്രോപിക് കമ്പനിയുടെ ക്ലോഡി, എക്സ്എഐയുടെ ഗ്രോക്ക് തുടങ്ങിയവയും സ്വന്തം ഭാഷാ മോഡൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ പുറത്തിറക്കി.
ചിത്രങ്ങളും വിഡിയോകളും നിർമിക്കുന്ന എഐ സംവിധാനങ്ങളും ഇക്കാലത്ത് പുറത്തിറങ്ങി. എഐ സംവിധാനങ്ങളുടെ അതിവേഗമുള്ള വികാസം അവയുടെ ദുരുപയോഗത്തിനു വഴിവയ്ക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. ലോകനേതാക്കളും എഐ കമ്പനി മേധാവികളും പങ്കെടുത്തുകൊണ്ട് യുകെയിൽ കഴിഞ്ഞയാഴ്ച നടന്ന എഐ ഉച്ചകോടിയിലെ പ്രധാനചർച്ചയും ഇതായിരുന്നു.