ADVERTISEMENT

രണ്ടാം ലോക യുദ്ധത്തിൽ ജർമനിയിലെ നാത്സികൾക്കെതിരെ പൊരുതിയ പ്രാഗ് സർവകലാശാലയിലെ (ചാൾസ് യൂണിവേഴ്സിറ്റി) 1200ൽ അധികം വിദ്യാർഥികളുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഓർമയ്ക്കായി എല്ലാ വർഷവും നവംബർ 17 രാജ്യാന്തര വിദ്യാർഥി ദിനമായി ആചരിക്കുന്നു. ചെക്കോസ്ലൊവാക്യയിലെ നാത്സി അധിനിവേശത്തിനെതിരെ 1939 ഒക്ടോബർ 28ന് പ്രാഗ് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾ ഒത്തുകൂടുകയുണ്ടായി. ഇതിൽ പ്രകോപിതരായ നാത്സി സൈന്യം അക്രമം അഴിച്ചുവിട്ടു. ജാൻ ഒപ്‌ലെറ്റൽ എന്ന വിദ്യാർഥി വെടിയേറ്റു മരിച്ചു. ഇതു വൻ പ്രതിഷേധത്തിന് ഇടയാക്കി. ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ജാൻ ഒപ്‌ലെറ്റലിന്റെ വിലാപയാത്ര നാത്സി വിരുദ്ധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. അതിക്രൂരമായി നാത്സികൾ അതിനെ നേരിട്ടു. സർവകലാശാല വിദ്യാർഥികൾക്ക് കടുത്ത മർദനം ഏറ്റുവാങ്ങേണ്ടി വന്നു. 1939 നവംബർ 17ന് 9 പേരെ വിചാരണകൂടാതെ നാത്സികൾ കൊലപ്പെടുത്തി. 1200 പേരെ കോൺസൻട്രേഷൻ ക്യാംപുകളിലേക്കയച്ചു. അതിൽ പലരും പിന്നീട് ജീവനോടെ തിരിച്ചുവന്നില്ല. രാജ്യത്തെ സർവകലാശാലകളും കോളജുകളും നാത്സികൾ അടച്ചുപൂട്ടി.

നാത്സി അധിനിവേശ ചെക്കോസ്ലൊവാക്യയിൽ വിദ്യാർഥികൾക്കു നേരെ നടന്ന അക്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള ആലോചനയ്ക്ക് 1940ൽ ഇംഗ്ലണ്ടിലുണ്ടായിരുന്ന ചെക്ക് സൈനിക സംഘങ്ങളാണ് തുടക്കമിടുന്നത്. തുടർന്ന് പ്രാഗിലെ 1939ലെ സംഭവത്തിന്റെ ഓർമയ്ക്കായി 1941ൽ ലണ്ടനിലെ കൗൺസിൽ ഓഫ് ഇന്റർനാഷനൽ സ്റ്റുഡന്റ്സ് നവംബർ 17 രാജ്യാന്തര വിദ്യാർഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിൽ നിന്ന് നാത്സികൾക്കെതിരെ പോരാടുന്ന മറ്റു വിദ്യാർഥി സംഘടനകളും ഇതിനു പിന്തുണ പ്രഖ്യാപിച്ചു

തുടർന്നുള്ള വർഷങ്ങളിൽ പല രാജ്യങ്ങളും വിദ്യാർഥി ദിനം ആചരിക്കാൻ തുടങ്ങി. ബ്രിട്ടൻ, ഇന്ത്യ, അമേരിക്ക, അന്നത്തെ യുഎസ്എസ്ആർ, ബൽജിയം, ചെക്കോസ്ലൊവാക്യ, ഫ്രാൻസ്, ഗ്രീസ്, ചൈന, ഹോളണ്ട്, നോർവേ, പോളണ്ട്, യുഗോസ്ലാവിയ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പീഡനത്തിനിരയായി വധിക്കപ്പെട്ട വിദ്യാർഥികളെ ആദരിക്കാൻ ആദ്യഘട്ടത്തിൽ തന്നെ ദിനാചരണത്തിന്റെ ഭാഗമായി. വിദ്യാർഥികൾക്കിടയിലെ വൈവിധ്യത്തിന്റെയും ബഹുസ്വരസംസ്കാരത്തിന്റെയും ആഘോഷമാണ് വിദ്യാർഥി ദിനാചരണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇത് ഉയർത്തിക്കാണിക്കുന്നു. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താനുള്ള വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തെയും ഈ ദിനം വിലമതിക്കുന്നു. ലോകത്ത് എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. വിദ്യാർഥികൾ നൽകുന്ന സംഭാവനകളെയും നേട്ടങ്ങളെയും ഇത് ഉയർത്തിക്കാണിക്കുന്നു.

ലോകമാകെ സർവകലാശാലകൾ രാജ്യാന്തര വിദ്യാർഥി ദിനത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികളെ ആദരിക്കുന്നു. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. സ്വന്തം കുടുംബവും നാടും വിട്ടാണ് അവർ പഠനത്തിന് അന്യനാട്ടിലെത്തുന്നത്. സാംസ്കാരിക വ്യത്യാസം, സാമ്പത്തിക ബുദ്ധിമുട്ട്, ഗൃഹാതുരത്വം, ഭാഷാപ്രശ്നം എന്നിവയെല്ലാം രാജ്യാന്തര വിദ്യാർഥികളെ അലട്ടുന്ന പ്രശ്നങ്ങളാണ്. അതെല്ലാം മറികടന്ന് വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നതിൽ അവർ നൽകുന്ന സംഭാവനകൾ ഈ ദിനത്തിൽ ആദരിക്കപ്പെടുന്നു.

English Summary:

International Students' Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com