ADVERTISEMENT

കൂട്ടുകാരേ, പൂ നുള്ളുമ്പോൾ പലപ്പോഴും  കയ്യിൽ മഞ്ഞനിറത്തിലും മറ്റുമുള്ള, പശിമയുള്ള പൊടി പറ്റാറില്ലേ? അതെന്താണെന്ന് അറിയാമോ? വിത്തുണ്ടാകുന്ന സസ്യങ്ങളായ ജിംനോസ്പേമുകളിലും ആൻജിയോസ്പേമുകളിലും (സപുഷ്പികൾ) പ്രത്യുൽപാദനത്തിന് ആവശ്യമായ പുംബീജങ്ങളെ വഹിക്കുന്ന പൂമ്പൊടി അഥവാ പരാഗരേണുക്കളാണ് (Pollengrain) അവ. സപുഷ്പികളിലെ പുഷ്പങ്ങളിൽ കേസരങ്ങൾ എന്ന പുരുഷ ലൈംഗിക അവയവങ്ങളിലും, പുഷ്പങ്ങൾ ഉണ്ടാകാത്ത പൈൻ മരം പോലെയുള്ള ജിംനോസ്പേമുകളിൽ കോണുകളിലും (Corn) ആണ് ഇവയുണ്ടാകുന്നത്. ഘടനാപരമായി പൂമ്പൊടിയിൽ കായിക കോശവും (Vegetative cell or Tube cell) ജനറേറ്റീവ് കോശം എന്ന പ്രത്യുൽപാദന കോശവും ഉണ്ട്. ജനറേറ്റീവ് കോശം വിഭജിച്ചാണ് രണ്ട് പുംബീജങ്ങൾ ഉണ്ടാകുന്നത്. ചില ജലസസ്യങ്ങൾ ഒഴിച്ച് ഒട്ടുമിക്കവയിലും പൂമ്പൊടിക്ക് 2 ബാഹ്യാവരണങ്ങൾ അഥവാ ഭിത്തികളുണ്ട്. എക്സൈൻ (Exine) എന്ന ബാഹ്യ ഭിത്തി സവിശേഷമായ, സ്പോറോപൊള്ളെനിൻ (Sporopollenin) എന്ന രാസപദാർഥത്തിനാൽ നിർമിക്കപ്പെട്ടതാണ്. താപം, ആസിഡുകൾ, ആൽക്കലികൾ, രാസാഗ്നികൾ എന്നിവയെയെല്ലാം ചെറുക്കാൻ കഴിയുന്ന ഈ രാസവസ്തു നൽകുന്ന സംരക്ഷണം മൂലമാണ്, പൂമ്പൊടി ജീർണിക്കാതെ ദീർഘനാൾ ഫോസിലായി അവശേഷിക്കുന്നത്. എക്സൈനുള്ളിലായി സെല്ലുലോസ് കൊണ്ടുള്ള ഇന്റൈൻ (Intine) എന്ന ആവരണമുണ്ട്. എക്സൈനിൽ ജേംപോറുകൾ എന്ന സുഷിരങ്ങളും ഉണ്ടാകും.

പരാഗണം (Pollination) 
പരാഗിയിൽ (Anther) നിന്നും പരാഗരേണുക്കൾ അഥവാ പൂമ്പൊടി പരാഗണ സ്ഥലത്ത് (Stigma) പതിക്കുന്നതിനെയാണ് പരാഗണം എന്ന് പറയുന്നത്. കാറ്റ്, ജലം, കീടങ്ങൾ, പക്ഷികൾ, വവ്വാലുകൾ, ഒച്ചുകൾ, ഉറുമ്പുകൾ എന്നിങ്ങനെ അജീവിയവും ജീവീയവുമായ വാഹകർ മുഖേന പരാഗണം നടക്കുന്നുണ്ട്. പരാഗണ രീതിക്ക് അനുയോജ്യമായ സ്വഭാവസവിശേഷതകൾ പൂമ്പൊടിക്ക് ഉണ്ടാകും. കാറ്റുമൂലമാണ് പരാഗണമെങ്കിൽ പരാഗരേണുക്കൾ തീരെ ചെറുതും ഭാരം കുറഞ്ഞതും ഈർപ്പരഹിതവും ആയിരിക്കും. പൈൻ(Pinus) മരങ്ങളുടെ പൂമ്പൊടിയിൽ കാറ്റിന് പറത്തിക്കൊണ്ട് പോകാനുതകുന്ന ചെറു ചിറകുകളുണ്ട് (Wings). കീടങ്ങളാലും മറ്റു ജന്തുക്കളാലുമാണ് പരാഗണം എങ്കിൽ, പരാഗരേണുക്കൾക്ക് ജന്തുക്കളുടെ ശരീര ഭാഗങ്ങളിൽ ഒട്ടിപ്പിടിക്കാനുള്ള പശിമയുണ്ടാകും. പൂക്കളിലെ പരാഗണ സ്ഥലത്ത് പതിക്കുന്ന പരാഗരേണുവിലെ കായിക കോശം, ഒരു ട്യൂബ് ആയി ജനിദണ്ഡിലൂടെ(Style) വളർന്ന് അണ്ഡാശയത്തിൽ എത്തി, അവിടെ കാണപ്പെടുന്ന മൂലാണ്ഡത്തിൽ (ovule) കടന്ന്, പുംബീജങ്ങളെ  അവിടെ നിക്ഷേപിക്കുന്നു. പുംബീജം അണ്ഡവുമായി കൂടിച്ചേർന്ന് സിക്താണ്ഡമായി (zygote) മാറുന്നു. ഇത് ഭ്രൂണവും, പുതിയ സസ്യവുമായി വളരുന്നതാണ് പ്രത്യുൽപാദനത്തിൽ തുടർന്ന് സംഭവിക്കുന്നത്.

പൂമ്പൊടിയും അലർജി രോഗങ്ങളും
പൂമ്പൊടി മൂലം നാസികയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അലർജിയെയാണ് പോളിനോസിസ് എന്ന് വിളിക്കുന്നത്. പുൽ വർഗസസ്യങ്ങളുടെ പൂമ്പൊടിയാണ് അലർജിക്ക് കാരണമെങ്കിൽ അതിന് ഹേ ഫീവർ ( hay fever) എന്നു പറയും. തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസംമുട്ടൽ, കണ്ണ് ചുവന്ന് തുടുത്ത് കണ്ണീർ വരിക, ചൊറിച്ചിൽ ഉണ്ടാവുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചില രാജ്യങ്ങളിൽ അഞ്ചിൽ ഒരാൾക്ക് ഈ രോഗം കാണപ്പെടാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങൾക്കും ഹേഫീവർ വരാറുണ്ട്. ആസ്മയ്ക്കും, മറ്റ് ശ്വാസകോശ രോഗങ്ങൾക്കും പൂമ്പൊടി കാരണമായേക്കാം. കൂട്ടമായി പൂക്കൾ ഉണ്ടാകുന്ന ചില മരങ്ങൾ വീടിനു സമീപം വച്ചുപിടിപ്പിക്കരുത് എന്ന് പറയുന്നതിലെ യുക്തി കൂട്ടുകാർക്ക് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ?

പോഷണത്തിനും പൂമ്പൊടി
തേനീച്ചയെ കൂടാതെ, ഹൈമനോപ്റ്ററാ (Hymenoptera) എന്ന ഓർഡറിൽ (Order) പെടുന്ന  ഒട്ടേറെ കീടങ്ങളും ശലഭങ്ങളും പൂമ്പൊടി ആഹാരമാക്കാറുണ്ട്. തേനീച്ച തേനിനൊപ്പം കൂടുകളിൽ സംഭരിക്കുന്ന ബീ പോളൻ (Bee pollen ) എന്ന പൂമ്പൊടിയുടെ ശേഖരം, മനുഷ്യൻ പോഷകാഹാരമായി ഉപയോഗിക്കുന്നു. ഇതിൽ ലളിതപഞ്ചസാര തന്മാത്രകൾ, മാംസ്യം, ധാതുക്കൾ, വൈറ്റമിനുകൾ, ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ചില വിഷപദാർഥങ്ങളിൽ നിന്നും കരളിനെ സംരക്ഷിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ധമനികളുടെ കട്ടി കുറയ്ക്കാനും, ഹോർമോൺ സന്തുലിതത്വം നിലനിർത്താനും ഇതിന് കഴിയുമെന്നാണ് ചില പഠനങ്ങൾ വെളിവാക്കുന്നത്.

പാലിനോളജി (Palynology)
പരാഗരേണുക്കളെക്കുറിച്ചുള്ള പഠനമാണ് പാലിനോളജി. ഫോസിലുകളെക്കുറിച്ചുള്ള പഠനമായ പാലിയന്റോളജി (Paleontology), ജീവജാലങ്ങൾ തമ്മിലും, ചുറ്റുപാടുകളുമായും കലാനുഗതമായി രൂപപ്പെട്ടു വന്നിട്ടുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമായ പാലിയോ ഇക്കോളജി, ഫൊറൻസിക് സയൻസ്, ആർക്കിയോളജി തുടങ്ങിയ പഠനശാഖകളിലൊക്കെ പാലിനോളജിക്ക് വലിയ പ്രാധാന്യമുണ്ട്.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com