ADVERTISEMENT

ഏതാണ് നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ്?നമ്മുടെ എല്ലാവരുടെയും ശരീരത്തിലെ രക്തം വിവിധ ഗ്രൂപ്പിൽ പെട്ടവയാണ്. മനുഷ്യ ശരീരത്തിൽ 8 തരം ബ്ലഡ് ഗ്രൂപ്പുകളാണ് ഉള്ളത്. അരുണ രക്താണുക്കളുടെ സ്തരത്തിലുള്ള ചില പ്രോട്ടീനുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നത്. അവയെ ആന്റിജൻ (Antigen) എന്നാണു വിളിക്കുന്നത്. ഈ ആന്റിജനുകൾ ശ്വേതരക്താണുക്കളുമായി ചേർന്നുകൊണ്ട് രോഗം പരത്തുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളിൽ നിന്ന് നമുക്ക് സംരക്ഷണമേകുന്നു.1901ൽ ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ കാൾ ലാൻഡ്സ്റ്റയിനർ (Karl Landsteiner) ആണ് ബ്ലഡ് ഗ്രൂപ്പ് ആദ്യമായി വേർതിരിച്ചറിഞ്ഞത്.

പോസിറ്റിവും, നെഗറ്റിവും
നമ്മുടെ രക്തത്തിൽ മറ്റൊരു ആന്റിജൻ ഫാക്ടർ കൂടിയുണ്ട്. 'Rh ഫാക്റ്റർ' എന്നാണ് അതിനെ പറയുന്നത്. ഈ Rh ഫാക്റ്റർ നമ്മുടെ രക്തകോശങ്ങളിൽ ഉണ്ടെങ്കിൽ അതിനെ Rh-പോസിറ്റിവ് എന്നും അത് ഇല്ലെങ്കിൽ Rh-നെഗറ്റിവ് എന്നും പറയുന്നു. അതായത്, കൂട്ടുകാരുടെ രക്തകോശങ്ങളിൽ A ആന്റിജനും, Rh ഫാക്റ്ററും ഉണ്ടെങ്കിൽ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് A പോസിറ്റിവ് ആയിരിക്കും എന്നർത്ഥം.

ആന്റിജൻ രണ്ടുതരം
രക്തത്തിൽ പ്രധാനമായും രണ്ടുതരം ആന്റിജനാണുള്ളത്. ആന്റിജൻ-എ, ആന്റിജൻ-ബി എന്നിവ. ഇവ ഓരോന്നിന്റെയും സാന്നിധ്യവും അസാന്നിധ്യവും ആണ് നമ്മുടെ ബ്ലഡ് ഗ്രൂപ്പിനെ നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ രക്തത്തിൽ എ ആന്റിജനും, ബി ആന്റിജനും ഉണ്ടെങ്കിൽ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് AB ആയിരിക്കും. എ ആന്റിജൻ മാത്രമാണെങ്കിലോ, ബ്ലഡ് ഗ്രൂപ്പ് A ആയിരിക്കും. നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് B ആണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ ബി ആന്റിജനാകും ഉണ്ടാകുക. ഇനി നിങ്ങളുടെ രക്തകോശങ്ങളിൽ ഈ രണ്ട് ആന്റിജനും ഇല്ലെങ്കിലോ? അപ്പോൾ നമ്മുടെ ബ്ലഡ് ഗ്രൂപ്പിനെ 'O' എന്ന് വിളിക്കുന്നു. 

ആന്റിബോഡി 
ആന്റിജൻ അരുണ രക്താണുക്കളിൽ കാണുന്ന പ്രോട്ടീൻ ആണെങ്കിൽ, ആന്റിബോഡി എന്നതു ബ്ലഡ് പ്ലാസ്മയിൽ കാണുന്ന പ്രോട്ടീനാണ്. അവ നമ്മുടെ ശരീരത്തിന്റെ സ്വതവേയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ശരീരത്തിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും നശിപ്പിക്കാനും അവ സഹായിക്കുന്നു. O ബ്ലഡ് ഗ്രൂപ്പിൽ ആന്റിജനുകൾ ഇല്ല എന്ന് പറഞ്ഞിരുന്നല്ലോ. എന്നാൽ അവയിൽ a,b എന്നീ രണ്ട് ആന്റിബോഡികൾ ഉണ്ട്. അതുപോലെ A ബ്ലഡ് ഗ്രൂപ്പിൽ b ആന്റിബോഡിയും, B ബ്ലഡ് ഗ്രൂപ്പിൽ a ആന്റിബോഡിയും ആയിരിക്കും ഉണ്ടാവുക. അങ്ങനെയെങ്കിൽ AB ബ്ലഡ് ഗ്രൂപ്പിൽ ഉള്ള ആന്റിബോഡികൾ ഏതെന്ന് പറയാമോ? അതെ, അവയിൽ ആന്റിബോഡികൾ ഉണ്ടാവുകയില്ല.

സ്വീകർത്താവും 
ദാതാവും 
നമ്മൾ പലപ്പോഴും പല ശസ്ത്രക്രിയകൾക്കും മറ്റുമായി ശരീരത്തിലേക്ക് രക്തം കയറ്റാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ രക്തഗ്രൂപ്പ് ഏറെ പ്രധാനമാണ്. A ബ്ലഡ് ഗ്രൂപ്പുള്ള ഒരാളുടെ ശരീരത്തിൽ ഗ്രൂപ്പ് B രക്തം കയറ്റുന്നെന്ന് കരുതുക. അപ്പോൾ ശരീരത്തിലെ ആന്റിജനുകൾ അവയെ അന്യവസ്തുവായി കരുതുകയും അവയ്‌ക്കെതിരെ പൊരുതുകയും ചെയ്യുന്നു. അങ്ങനെ ബ്ലഡ് കട്ടപിടിക്കുകയും, മരണം വരെ സംഭവിക്കുകയും ചെയ്യും. എന്നാൽ AB, O ഗ്രൂപ്പുകൾ ഉള്ളവരുടെ കഥയിൽ ചില വ്യത്യാസങ്ങളുണ്ട്. 
AB ഗ്രൂപ്പ് ഉള്ളവർക്ക് A ആന്റിജനും, 
B ആന്റിജനും ഉള്ളതിനാൽ A,B,AB,O എന്നിങ്ങനെ എല്ലാ ഗ്രൂപ്പുകാരുടെയും രക്തം സ്വീകരിക്കുവാൻ കഴിയും. അതുകൊണ്ടുതന്നെ AB ഗ്രൂപ്പിനെ സാർവത്രിക സ്വീകർത്താവ് എന്ന് 
പറയുന്നു. അതുപോലെ തന്നെ O ഗ്രൂപ്പിനെ സാർവത്രിക ദാതാവ് എന്നും വിശേഷിപ്പിക്കുന്നു. കാരണം, A ആന്റിജനും B ആന്റിജനും ഇല്ലാത്തതിനാൽ O ഗ്രൂപ്പ് മറ്റേത് ബ്ലഡ് ഗ്രൂപ്പുള്ളവർക്കും സ്വീകരിക്കാം. എന്നാൽ O ഗ്രൂപ്പ് ഉള്ളവർക്കോ? അവരുടെ ശരീരത്തിൽ ഒരു ആന്റിജനും ഇല്ലാത്തതിനാൽ അവർക്ക് O ഗ്രൂപ്പിലുള്ളവരിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കുവാൻ കഴിയൂ. 
ഏറ്റവും സാധാരണമായ ബ്ലഡ് ഗ്രൂപ്പ് O-പോസിറ്റിവും, ഏറ്റവും അപൂർവമായ ബ്ലഡ് ഗ്രൂപ്പ് AB-നെഗറ്റിവും ആണ്.

ബോംബെ ബ്ലഡ് ഗ്രൂപ്പ് 
വളരെ അപൂർവമായി കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പാണ്‌ ബോംബെ ബ്ലഡ് ഗ്രൂപ്പ്. 1952 ൽ മുംബെയിൽ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു രോഗിയുടെ ബ്ലഡ് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ ആണ് ഈ അപൂർവമായ ഗ്രൂപ്പ് ശ്രദ്ധയിൽ പെട്ടത്. അങ്ങനെയാണ് ഈ പേരും വന്നത്. ഡോ.വൈ.എം. ഭെൻഡേ ആണ് ആദ്യമായി ഇത് കണ്ടെത്തിയത്. ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. നമ്മുടെ മറ്റു ബ്ലഡ് ഗ്രൂപ്പുകളിൽ ഉള്ള 'H' ആന്റിജൻ ബോംബെ ബ്ലഡ് ഗ്രൂപ്പുകാരിൽ ഉണ്ടാവില്ല. മ്യൂട്ടേഷൻ കാരണം ആയിരിക്കാം അത് നഷ്ടപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ഈ ബ്ലഡ് ഗ്രൂപ്പ് ഇരുനൂറിൽ താഴെ പേർക്കു മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ.

English Summary:

 Understanding the 8 Blood groups and their importance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com