ADVERTISEMENT

ഡിസംബർ 4 രാജ്യാന്തര ചീറ്റപ്പുലി ദിനം. മനുഷ്യന്റെ ഇടപെടൽ മൂലം വംശനാശത്തിലേക്ക് കുതിക്കുന്ന ചീറ്റകളെ അറിയാനും സംരക്ഷിക്കാനുമുള്ള ദിനം. ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും മുൻപ് ചീറ്റകളുണ്ടായിരുന്നു. ഇന്ന് നമീബിയയിലും ദക്ഷിണാഫ്രിക്കയിലും ഇറാനിലും മാത്രമേ ഇവയെ കാണാനാകൂ. ഒരു നൂറ്റാണ്ടിനിടയിൽ ചീറ്റകളിൽ 90% നശിച്ചു. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (International Union for Conservation of Nature-IUCN) ചുവപ്പ് പട്ടികയിലാണിവ. ലോകത്ത് 6,674 മുതിർന്ന ചീറ്റകൾ അവശേഷിക്കുന്നു എന്നാണ് അവരുടെ കണക്ക്.

ഖായമിന്റെ ഓർമയ്ക്ക്
2010 മുതലാണ് ചീറ്റപ്പുുലി ദിനം ആചരിക്കുന്നത്. അമേരിക്കൻ ജീവശാസ്ത്രജ്ഞ ഡോ.ലൗറി മാർക്കറുടേതാണ് (Laurie Marker) ആശയം. 1970ൽ ഓറിഗൺ മൃഗസങ്കേതത്തിൽ അവർ ഒരു ചീറ്റക്കുഞ്ഞിനെ വളർത്തിയിരുന്നു. പേര് ഖായം (Khayam)‍. ഡിസംബർ 4 ആയിരുന്നു അവന്റെ ജന്മദിനം. കൂട്ടിലിട്ട് വളർത്തുന്ന ചീറ്റകൾ കാട്ടിലെ പരിസ്ഥിതിയുമായി ഇണങ്ങി വേട്ടയാടി ജീവിക്കുമോ എന്ന  പഠനത്തിനായിരുന്നു അവർ അവനെ അരുമയാക്കിയത്. അവന്റെ ഓർമയ്ക്കാണ് ചീറ്റപ്പുലി ദിനം ആചരിക്കുന്നത്.

ചീറ്റപ്പുലി 
പൂച്ചകുടുംബത്തിലെ വലിയ പൂച്ചകളാണ് ചീറ്റകൾ. ശാസ്ത്രനാമം അസിനോനിക്സ് ജുബാട്ടസ്(Acinonyx jubatus). രണ്ടായിരത്തോളം കറുത്ത പൊട്ടുകൾ നിറഞ്ഞ ക്രീം നിറത്തിലുളള രോമമാണിവയ്ക്ക്. അടിവശം വെളുത്ത നിറം. ചെറിയവട്ടമുഖം. കൺകോണിൽ നിന്നു വായോളം ഇരുണ്ട വരകളുണ്ട്‍. മുതിർന്നവയ്ക്ക് 67 മുതൽ 94 സെന്റിമീറ്റർ വരെ പൊക്കവും ഒന്നു മുതൽ 1.5 മീറ്റർ വരെ നീളവും ഉണ്ടാകും. 21 മുതൽ 72 കിലോ വരെയാണ് ഭാരം. സിംഹത്തെപ്പോലെ ഗർജിക്കില്ല. പൂച്ചകളെപോലെ ചെറിയ മുരൾച്ചയുണ്ടാക്കും. മരം കയറുമെങ്കിലും ഓട്ടത്തിന്റെ അത്രയും വേഗമില്ല. കാട്ടിൽ 14 ഉം മൃഗശാലകളിൽ 20 വർഷവും ഇവ ജീവിക്കും. പുൽമേടുകളും കുറ്റിക്കാടുകളും ചെറിയ കുന്നിൻ പ്രദേശങ്ങളുമാണ് ‍ഇഷ്ട വാസസ്ഥലങ്ങൾ. വലിയ ഓട്ടക്കാരായതിനാൽ വിസ്തൃതപ്രദേശമാണ് ഇവയ്ക്കിണങ്ങുന്നത്. ആവാസവ്യവസ്ഥയിലെ ചെറിയമാറ്റങ്ങൾ ഇവയ്ക്ക് വലിയദോഷം ചെയ്യും.

കണ്ണീരുണങ്ങാത്തവർ 
ചീറ്റകൾ സദാകരയുന്നതായി തോന്നും. കൺകോണുകളിൽ നിന്നു വായിലേക്ക് ഇരുവശത്തും കാണുന്ന കണ്ണീർപാട്‍ പോലുളള ഇരുണ്ട വക്രരേഖകളാണ് ഇവയെ കണ്ണീരുണങ്ങാത്തവരാക്കുന്നത്. പുളളിപ്പുലികളിൽ നിന്നു വേർതിരിക്കുന്ന തിരിച്ചറിയൽ രേഖ കൂടിയാണ് ഈ കണ്ണീർചാൽ.

സൂപ്പർഫാസ്റ്റ് സസ്തനി 
കരയിലെ ഏറ്റവും വേഗം കൂടിയ സസ്തനിയാണ് ചീറ്റ. ഈ വന്യസൂപ്പർഫാസ്റ്റുകളുടെ കൂടിയ സ്പീഡ് മണിക്കൂറിൽ 125 കിലോമീറ്ററിൽ കൂടുതലാകും. ഒറ്റ കുതിപ്പിൽ 4 മുതൽ 7 വരെ മീറ്റർ 

കീഴടക്കും. കുറഞ്ഞ ശരീരഭാരം, നീണ്ടുമെലിഞ്ഞ കാലുകൾ, നീണ്ട വാല് എന്നിവയാണ് ഇവയെ കരയിലെ വേഗരാജാക്കന്മാരാക്കുന്നത്. 

ചീറ്റ എന്ന വാക്കിന്റെ മൂലം സംസ്കൃതത്തിൽ നിന്നാണ്. 1952ൽ ഇന്ത്യയിൽ ചീറ്റയ്ക്ക് വംശനാശം വന്നെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 70 വർഷങ്ങൾക്ക് ശേഷം 2022ൽ ഇന്ത്യയിൽ അവയെ പുനരധിവസിപ്പിക്കാൻ കേന്ദ്രം പ്രോജക്ട് ചീറ്റ നടപ്പാക്കി. നമീബിയയിൽ നിന്ന് എട്ടും ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ടും ആഫ്രിക്കൻ ചീറ്റകളെ വിമാനത്തിൽ കൊണ്ടുവന്ന് മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിൽ വിട്ടു. കൊണ്ടുവന്ന ചീറ്റകളിൽ 8 എണ്ണം വിവിധ കാരണങ്ങളാൽ ചത്തത് കൂട്ടുകാർ പത്രത്തിൽ വായിച്ചില്ലേ.

English Summary:

 International Cheetah Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com