സൂപ്പർ സാർക്ക്; ലോക ജനസംഖ്യയുടെ 21% താമസിക്കുന്നത് സാർക് രാജ്യങ്ങളിൽ
Mail This Article
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി രൂപംകൊണ്ട കൂട്ടായ്മയാണ് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപ്പറേഷൻ അഥവാ ‘സാർക്’ (SAARC- South Asian Association for Regional Cooperation). 1980ലാണ് ഇത്തരമൊരു ആശയം ഉരുത്തിരിയുന്നത്. 1981ൽ 7 സ്ഥാപക അംഗരാജ്യങ്ങളുടെ വിദേശ സെക്രട്ടറിമാർ ശ്രീലങ്കയിലെ കൊളംബോയിൽ ആദ്യമായി യോഗം ചേർന്നു. ഇതിന്റെ ഫലമായി ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക എന്നിവർ അംഗങ്ങളായി 1985 ഡിസംബർ 8ന് ബംഗ്ലദേശിലെ ധാക്കയിൽ സാർക് രൂപംകൊണ്ടു. ആസ്ഥാനം: കഠ്മണ്ഡു (നേപ്പാൾ). 2007ലാണ് അഫ്ഗാനിസ്ഥാൻ സാർക് അംഗമായത്.
ആദ്യ യോഗത്തിൽ അംഗരാജ്യങ്ങളുടെ നേതാക്കൾ സാർക് അവകാശ പത്രിക ഒപ്പുവച്ചു. സാമൂഹിക നവീകരണത്തിലൂടെയും സാമ്പത്തിക വളർച്ചയിലൂടെയും ദക്ഷിണേഷ്യയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി ക്ഷേമം ഉറപ്പാക്കുകയാണ് സാർക്കിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അവകാശപത്രികയിൽ പറയുന്നു. ഇതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 8 സാർക് അവകാശപത്രികാ ദിനമായി ആചരിക്കുന്നത്.
ദക്ഷിണേഷ്യൻ സഹകരണം മെച്ചപ്പെടുത്തുക, പരസ്‌പര വിശ്വാസം ഊട്ടിയുറപ്പിക്കുക എന്നിവയാണ് സാർക് സഖ്യത്തിന്റെ ലക്ഷ്യം. അംഗരാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക– സാമൂഹിക വികസനം വേഗത്തിലാക്കുക എന്നിവയും ലക്ഷ്യമാണ്. ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന ഒട്ടേറെ സാർക് അംഗീകൃത സംഘടനകളുണ്ട്.
മന്ത്രിമാരുടെ സമിതി തിരഞ്ഞെടുക്കുന്ന സെക്രട്ടറി ജനറലാണ് ഭരണം നിയന്ത്രിക്കുന്നത്. ബംഗ്ലദേശിൽ നിന്നുള്ള അബുൽ അഹ്സാൻ ആയിരുന്നു ആദ്യ സാർക് സെക്രട്ടറി ജനറൽ. ബംഗ്ലദേശുകാരനായ ഗൊലാം സർവാർ ആണ് നിലവിലെ സെക്രട്ടറി ജനറൽ. ഓസ്ട്രേലിയ, ചൈന, യൂറോപ്യൻ യൂണിയൻ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മൊറീഷ്യസ്, മ്യാൻമർ, യുഎസ് എന്നിവർക്ക് സാർക്കിൽ നിരീക്ഷണ പദവിയുണ്ട്. രണ്ടുവർഷത്തിലൊരിക്കലാണ് സാർക് സമ്മേളനം ചേരുന്നത്. എന്നാൽ അംഗരാജ്യങ്ങൾക്കിടയിലെ തർക്കങ്ങളും മറ്റും കാരണം ഇതു പലപ്പോഴും നടക്കാറില്ല. ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലാണ് സമ്മേളനത്തിന് അംഗരാജ്യങ്ങൾ ആതിഥേയത്വം വഹിക്കുക. അടുത്ത സാർക് സമ്മേളനം നടക്കുന്നത് പാക്കിസ്ഥാനിലെ ഇസ്‌ലാമബാദിലായിരിക്കും.