പർവതങ്ങളെ വിവേകപൂർവം ഉപയോഗപ്പെടുത്താൻ പർവത ദിനം
Mail This Article
ഭൂമിയുടെ ആരോഗ്യത്തിന് പർവതത്തിന്റെ ആരോഗ്യം അനിവാര്യമാണ്. മനുഷ്യനന്മയ്ക്ക് പർവതങ്ങളെ വിവേകപൂർവം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പർവത ദിനം ആചരിക്കുന്നത്. പർവതപ്രദേശങ്ങളുടെ സുസ്ഥിര വികസനം ലോകസമൂഹത്തിന്റ ഉത്തരവാദിത്തമാക്കുന്നതിന് ഡിസംബർ 11 രാജ്യാന്തര പർവതദിനമായി 2003 ലാണ് യുഎൻ പ്രഖ്യാപിച്ചത്. 2002 രാജ്യാന്തര പർവതവർഷമായി യുഎൻ ആചരിച്ചതിന്റെ തുടർച്ചയായിരുന്നു ഇത്. എഫ്എഒയും (FAO-Food and Agriculture Organisation) യുഎൻഇപിയും (UNEP-UN Enviornment Programme)ആണ് പർവതദിനാചരണത്തിനു നേതൃത്വം നൽകുന്നത്.
പർവതങ്ങളുടെ പരിസ്ഥിതി പ്രാധാന്യം ഓർമപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. അവയുടെ സുസ്ഥിരതയ്ക്ക് പ്രകൃതിക്കിണങ്ങുന്ന പരിഹാരം നടപ്പാക്കുകയും നല്ല മാതൃകകളും നിക്ഷേപങ്ങളും ആകർഷിച്ച് സംരക്ഷിക്കുകയും ചെയ്യാനുള്ള നടപടികൾ ഇതിന്റെ ഭാഗമായി നടക്കുന്നു.
ഉയരമുള്ള കണക്കുകൾ
ഭൂമിയിലെ കര പ്രദേശത്തിന്റെ 27% പർവതങ്ങളാണ്. 110കോടി പേർക്ക് വീടാണ് പർവതപ്രദേശം. ലോകത്തെ 50% ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകൾ പർവതങ്ങളിലാണ്. ഭൂമിയിലെ കാടിന്റെ 40% പർവത പ്രദേശങ്ങളിലാണ്. മനുഷ്യന്റെ 20 പ്രധാന ഭക്ഷ്യവിഭവങ്ങളിൽ ചോളവും ഉരുളക്കിഴങ്ങും ബാർലിയും ഷോർഗവും തക്കാളിയും ആപ്പിളും പ്രധാനമായും വിളയുന്നത് പർവത പ്രദേശങ്ങളിലാണ്. ലോകത്തിന്റെ ശുദ്ധജല സ്രോതസ്സിൽ 60 മുതൽ 80% പർവതങ്ങളാണ്.
എന്തുകൊണ്ട് പർവതങ്ങൾ?
പ്രാണവായു നൽകുന്ന കാടുകളെ പോറ്റുന്നു. കാലാവസ്ഥാ നിയന്ത്രണത്തിൽ നിർണായക പങ്കുവഹിക്കുന്നു. ജൈവവൈവിധ്യം സംരക്ഷിക്കുന്നു. വികസനത്തിനും വ്യവസായങ്ങൾക്കും അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നു. വിനോദ സഞ്ചാര, സുഖവാസ കേന്ദ്രങ്ങൾ നിലനിർത്തുന്നു. കൃഷി നിലനിർത്തുന്നു. ശുദ്ധഊർജത്തിന് ജലവൈദ്യുത പദ്ധതികളും കാറ്റാടിപ്പാടങ്ങളും നിർമിക്കാൻ സ്ഥലമൊരുക്കുന്നു. ഔഷധങ്ങൾ നൽകുന്നു.
സന്ദേശം
പർവത പാരിസ്ഥിതിക വ്യവസ്ഥകൾ വീണ്ടെടുക്കുക (Restoring mountain ecosystems) എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം. 2021-2030 പാരിസ്ഥിതിക വ്യവസ്ഥ വീണ്ടെടുപ്പ് ദശകം (Decade on ecosystem Restoration) ആയി യുഎൻ പ്രഖ്യാപിച്ചിട്ടുണ്ട്. പർവതങ്ങൾക്കുളള പ്രാധാന്യം വ്യക്തമാക്കാൻ കൂടിയാണിത് .
സിൽക്യാര
ഉത്തരകാശിയിലെ ഹിമാലയനിരകളിലെ സിൽക്യാര തുരങ്ക ദുരന്തത്തിന്റെ നടുക്കുന്ന വാർത്തകൾ മായുംമുൻപാണ് ഈ വർഷത്തെ രാജ്യാന്തര പർവതദിനം. പർവതപ്രദേശ വികസനം സുസ്ഥിരമായിരിക്കണമെന്ന് അത് ഓർമിപ്പിക്കുന്നു.
ഇന്നത്തെ പ്രശ്നം
മൈക്രോപ്ലാസ്റ്റിക് ലോകത്തിന്റെ നെറുകയായ എവറസ്റ്റിൽ വരെ എത്തിയിരിക്കുന്നു. പർവതപ്രദേശങ്ങളിലെ 80 ശതമാനം ജീവിവർഗങ്ങളും അപകട ഭീഷണിയിലാണ്. പർവതഹിമാനികൾ ആഗോളതാപനം മൂലം വരണ്ടുതുടങ്ങിയത് സമതലങ്ങളിൽ ശുദ്ധജലം കുറയാൻ കാരണമായിരിക്കുന്നു.
അഞ്ചുവർഷ കർമപദ്ധതി
പർവതങ്ങളുടെ സുസ്ഥിരവികസനത്തിന് യുഎൻ 2023 മുതൽ 2027 വരെ അഞ്ചുവർഷ കർമപദ്ധതി തയാറായിട്ടുണ്ട്. സുസ്ഥിര വികസനത്തിന് ശാസ്ത്രവും വിദ്യാഭ്യാസവും വളർത്തുക, ധന സഹായവും നിക്ഷേപവും ആകർഷിക്കുക, ഹരിത സമ്പദ്‌വ്യവസ്ഥയും സാങ്കേതിക വിദ്യയും രൂപപ്പെടുത്തുക, പർവതപ്രദേശ രാജ്യങ്ങളുടെ സഹകരണം വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. റിയോ ഉച്ചകോടിയിലെ അജൻഡ 21ലും പർവതസംരക്ഷണം ഉൾപ്പെടുത്തിയിരുന്നു.