ADVERTISEMENT

ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്ത് താമസിച്ചിരുന്ന ജനങ്ങളുടെ പ്രാദേശിക - ആചാര സമ്പ്രദായങ്ങളെ ആധാരമാക്കി ബിസി ആറാം ശതകത്തിന്റെ മധ്യത്തോടെ അറുപതിലധികം മതവിഭാഗങ്ങൾ രൂപം കൊണ്ടതിൽ ജൈനമതവും ബുദ്ധമതവുമാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും വൈദിക കാലഘട്ടത്തിനുശേഷം ശക്തി പ്രാപിച്ച ചാതുർവർണ്യ വ്യവസ്ഥയും ഭൂരിപക്ഷം ജനങ്ങളും അനുഭവിച്ച കഷ്ടപ്പാടുകളുമാണ് ഈ മതങ്ങളുടെ ഉത്ഭവത്തിന്റെ മൂലകാരണം. 

വീട്ടുപണികളും കൂലിവേലയും കാർഷികവൃത്തിയും വിശ്രമമില്ലാതെ ചെയ്യേണ്ടി വന്ന സാധാരണ ജനങ്ങൾക്ക് ജോലിക്ക് ഒരുവിധത്തിലും ആനുപാതികമല്ലാത്ത കൂലി ആയിരുന്നു ലഭിച്ചിരുന്നത്. 

വിവേചനങ്ങളും ക്രൂരമായ ശിക്ഷകളും  അവരെ മാറ്റി ചിന്തിപ്പിച്ചു. കൂടാതെ വടക്കുകിഴക്കൻ ഇന്ത്യയിൽ ഉത്ഭവിച്ച കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ആവിർഭാവവും ഈ മതങ്ങളുടെ ഉദയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

IND22100B

വർധമാന മഹാവീരൻ
24-ാം  തീർഥങ്കരനായി ഗണിക്കപ്പെടുന്ന വർധമാന മഹാവീരന്റെ സത്യാന്വേഷണമാണ് അദ്ദേഹത്തെ മുപ്പതാം വയസ്സിൽ സന്യാസി തുല്യ ജീവിതം നയിക്കാൻ പ്രേരിപ്പിച്ചത്. 12 വർഷം അലഞ്ഞു തിരിഞ്ഞതിനു ശേഷം അദ്ദേഹം ദുരിത - സന്തോഷങ്ങളെ കീഴ്പ്പെടുത്തി. ഈ വിജയത്തോടെ അദ്ദേഹം മഹാനായകൻ എന്നർഥം വരുന്ന 'മഹാവീരൻ ' എന്നറിയപ്പെട്ടു. എപ്പോഴും ജയിക്കുന്നവൻ എന്നർഥം വരുന്ന ‘ജിനൻ’ എന്നും ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നു. 3 ദശകത്തോളം അനുയായികളായ ജൈനരെ അദ്ദേഹം തത്വങ്ങൾ പഠിപ്പിക്കുകയും അവർ അവയുടെ പ്രചാരകരാവുകയും ചെയ്തു. കൊല്ലരുത്, കള്ളം പറയുകയോ മോഷ്ടിക്കുകയോ ചെയ്യരുത്, സ്വത്ത് സമ്പാദിക്കരുത്, ബ്രഹ്മചര്യം പാലിക്കണം എന്നീ ഉപദേശങ്ങളാണ് മഹാവീരൻ മുഖ്യമായും നടത്തിയത്. 

ബുദ്ധൻ
നേപ്പാളിലെ ലുംബിനിയിൽ  ജനിച്ച സിദ്ധാർഥ രാജകുമാരനാണ് പിന്നീട് ഗൗതമ ബുദ്ധനായി മാറിയത്. മഹാവീരന്റെ സമകാലികനായിരുന്നു. ബുദ്ധന്റെ ജീവിതത്തിലെ പല സംഭവങ്ങൾക്കും മഹാവീരന്റെ ജീവിതവുമായി 

സാമ്യമുണ്ട്. രാജ്യകാര്യങ്ങളെക്കാൾ ലോകരുടെ ദുരിത കാരണങ്ങൾ അന്വേഷിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിന് താൽപര്യം. കൊട്ടാരവും രാജപദവിയും ഉപേക്ഷിച്ചുകൊണ്ട് 29ാം വയസ്സിലെ ഇറങ്ങിപ്പോക്കും പിന്നീടുള്ള അലച്ചിലും മഹാവീരന്റെ ജീവിതവുമായി സാമ്യം പുലര്‍ത്തുന്നവയാണ്. 35–ാം വയസ്സില്‍ ബോധഗയയിലെ ബോധോദയത്തിനു ശേഷമാണ് ജ്ഞാനമുള്ളവൻ എന്ന് അർഥം വരുന്ന ബുദ്ധൻ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ട തുടങ്ങിയത്. സാരനാഥിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഭാഷണം.  

ബുദ്ധന്റെ ഉപദേശങ്ങൾ 
ആത്മാവിനെക്കുറിച്ചും ബ്രഹ്മത്തെക്കുറിച്ചും സംസാരിക്കാതെ ഈ ലോകകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. ആഗ്രഹങ്ങളാണ് എല്ലാ ദുഃഖങ്ങളുടെയും മൂല കാരണം. ഇക്കാരണത്താൽ ആഗ്രഹങ്ങളെ ഇല്ലാതാക്കലാണ് മോക്ഷത്തിലേക്ക് ഉള്ള മാർഗം. ദുരിതങ്ങൾക്ക് അറുതി വരുത്താൻ അഷ്ടാംഗ മാർഗങ്ങൾ സ്വീകരിക്കുക.അന്യന്റെ സമ്പാദ്യം ആഗ്രഹിക്കരുത്, കൊല്ലരുത്, ലഹരിപദാർഥങ്ങൾ പൂർണമായും വർജിക്കണം, അസത്യം പറയരുത്, തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നും ശ്രീബുദ്ധൻ അനുയായികളെ ഉദ്ബോധിപ്പിച്ചു.

English Summary:

How Jainism and Buddhism Emerged in Northeastern India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com