യൂറോ നിലവിലെത്തിയ ദിനം, ആദ്യ എക്സ്റേ ചിത്രം പുറത്തിറങ്ങിയ ദിനം! പുതുവൽസര ദിനം

Mail This Article
ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുള്ള തീയതിയാണ് ജനുവരി 1 അഥവാ പുതുവർഷദിനം.ആദ്യമായി ജൂലിയൻ കലണ്ടർ പ്രാബല്യത്തിൽ വന്ന ദിവസം എന്നതു തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ബിസി 45ലായിരുന്നു ഇത് സംഭവിച്ചത്. യൂറോപ്പിലെ 12 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച പൊതുനാണ്യമായ യൂറോ നിലവിൽ വന്നത് 1999 ജനുവരി ഒന്നിനാണ്.എന്നാൽ നോട്ടുകളും നാണയങ്ങളും ജനങ്ങളിലെത്തിയതും പ്രചരിക്കാൻ തുടങ്ങിയതും 2002ലും.ഇന്ന് 33 കോടിയിലധികം ആളുകൾ യൂറോ ഉപയോഗിക്കുന്നു. ജനുവരി ഒന്ന് യൂറോ ഡേ ആയിക്കൂടിയാണ് യൂറോപ്യൻമാർ ആചരിക്കുന്നത്. ഇന്ന് ഏത് ആശുപത്രിയിൽ ചെന്നാലും എക്സ്റേ എടുക്കുന്ന റൂം കാണാം.നമ്മളെല്ലാവരും എപ്പോഴെങ്കിലുമൊക്കെ എക്സ്റേ എടുത്തിട്ടുമുണ്ടാകും.
എക്സ്റേ മുൻപ് തന്നെ പഠനവിഷയമായിരുന്നു. പല ശാസ്ത്രജ്ഞൻമാരും ഇത്തരം വികിരണങ്ങളെപ്പറ്റി സംശയവും പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഇവയുടെ ശരിയായ കണ്ടെത്തൽ നടത്തിയത് ജർമൻ ഭൗതികശാസ്ത്രജ്ഞനായ വില്യം റോണ്ട്ജനായിരുന്നു. 1896 ജനുവരി ഒന്നിനാണു തന്റെ കണ്ടുപിടിത്തം അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്.അന്ന് അദ്ദേഹം നൽകിയ രേഖകൾക്കൊപ്പം ലോകത്തിലെ ആദ്യ എക്സ്റേ ചിത്രവുമുണ്ടായിരുന്നു.റോണ്ട്ജന്റെ ഭാര്യ അന്നയുടേതായിരുന്നു അത്.
1801ൽ ഗ്രേറ്റ് ബ്രിട്ടനും അയർലൻഡും ചേർന്ന് യുണൈറ്റഡ് കിങ്ഡം രൂപീകരിച്ചതും, 1739ൽ ലോകത്തെ ഏറ്റവും വിദൂരത്തുള്ള ദ്വീപായ ബവറ്റ് ഐലൻഡ് കണ്ടെത്തിയതും പുതുവത്സരദിനത്തിലാണ്. 1801ൽ തന്നെ ജനുവരി ഒന്നിന് വാനനിരീക്ഷണ രംഗത്തും ഒരു അദ്ഭുതം ഉണ്ടായി.ഛിന്നഗ്രഹങ്ങളിലെ ഏറ്റവും വലുതായ സിറിയസിനെ അന്നു കണ്ടെത്തി. 1912ൽ ചൈനീസ് റിപ്പബ്ലിക് രൂപീകരിച്ചതും പുതുവത്സര ദിനത്തിലാണ്.
1863 ജനുവരി ഒന്നിന് യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ പ്രശസ്തമായ ‘ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ’ പുറത്തിറക്കി. അമേരിക്കയിൽ അന്നു ശക്തമായ ആഭ്യന്തരയുദ്ധം നടന്നു കൊണ്ടിരിക്കുകയായിരുന്നു. അടിമത്തത്തെ അനുകൂലിച്ച തെക്കൻ കോൺഫഡറേറ്റ് സംസ്ഥാനങ്ങളും എതിർത്ത വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ പോരടിച്ചു. അടിമകളായി പിടിച്ചിട്ടുള്ള എല്ലാവരെയും സ്വതന്ത്രരാക്കിയിരിക്കുന്നു എന്നായിരുന്നു ‘ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ’.അതു വരെ അടിച്ചമർത്തൽ നേരിട്ട കറുത്ത വർഗക്കാരെ അമേരിക്കൻ സൈന്യത്തിലും മറ്റു ഉന്നത അധികാര സംഘങ്ങളിലും നിയമിക്കാനും പ്രൊക്ലമേഷൻ ശുപാർശ ചെയ്തു. പിൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ കറുത്തവർഗക്കാരൻ മേയറായി ഡേവിഡ് ഡിങ്കിൻസ് സത്യപ്രതിജ്ഞ ചെയ്തും ഒരു പുതുവർഷദിനത്തിലാണ്,1990ൽ. ഇതും ചരിത്രത്തിന്റെ ഒരു കാവ്യനീതി.1776ൽ ആദ്യ അമേരിക്കൻ പ്രസിഡന്റായ ജോർജ് വാഷിങ്ടൻ ആദ്യമായി അമേരിക്കൻ പതാക ഉയർത്തിയതും പുതുവൽസരദിനത്തിലായിരുന്നു.