ADVERTISEMENT

കേന്ദ്ര സർക്കാരിനു കീഴിലുള്ള ജവാഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20ന് നടക്കും. കേരളത്തിൽ 14 ജില്ലകളിലായി 14 നവോദയ വിദ്യാലയങ്ങൾ ഉണ്ട്. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്കാണ് ഓരോ വിദ്യാലയങ്ങളിലും പ്രവേശനം നൽകുന്നത്. സ്കൂളിൽ തന്നെ താമസിച്ച് സഹവിദ്യാഭ്യാസ രീതിയിലാണ് ഇവിടത്തെ പഠനം. താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ തുടങ്ങിയവ  സൗജന്യമാണ്.

പരീക്ഷാ രീതി
∙ മാനസികക്ഷമതാ പരീക്ഷ, ഗണിത പരീക്ഷ, ഭാഷാ പരീക്ഷ എന്നീ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് പ്രവേശന പരീക്ഷ.

∙ ആകെ 80 ചോദ്യങ്ങൾ

∙ പരമാവധി മാർക്ക് 100

∙ പരീക്ഷാ സമയം: 2 മണിക്കൂർ

∙ ചോദ്യങ്ങളെല്ലാം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ

∙ പരീക്ഷാർഥി അഞ്ചാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന മാധ്യമത്തിൽ പരീക്ഷയെഴുതാം.

1.  മാനസിക ക്ഷമതാ പരീക്ഷ (Mental Ability Test)
ആദ്യ വിഭാഗമായ മാനസിക ക്ഷമതാ പരീക്ഷയിൽനിന്ന് 40 ചോദ്യങ്ങൾ. പരമാവധി മാർക്ക്: 50. പരീക്ഷാ സമയം: 60 മിനിറ്റ്. പരീക്ഷാർഥിയിൽ അന്തർലീനമായ ബൗദ്ധിക കഴിവുകളും വിവേചനശക്തിയുമാണ് ഈ വിഭാഗത്തിലെ ചോദ്യങ്ങളിലൂടെ വിലയിരുത്തുന്നത്. ചോദ്യങ്ങൾ ആകൃതികളെയും രേഖാ ചിത്രങ്ങളെയും ആസ്പദമാക്കിയുള്ളതാണ്.

ചോദ്യങ്ങൾ ഇങ്ങനെ
താഴെപ്പറയുന്ന പത്തു വിഭാഗത്തിൽനിന്നുള്ള ചോദ്യങ്ങളാണ് ചോദിക്കാറുള്ളത്. ഓരോ വിഭാഗത്തിൽനിന്നും 4 ചോദ്യങ്ങൾ വീതം.

∙ഒറ്റയാനെ കണ്ടെത്തുക (Odd- Man out)

∙രൂപസാമ്യം കണ്ടെത്തുക (Figure Matching)

∙മാതൃകാ പൂരണം പൂർത്തിയാക്കൽ (Pattern Completion)

∙ചിത്രശ്രേണീ പൂരണം (Figure Series Completion)

∙സാമ്യം (Analogy)

∙ജ്യാമിതീയ രൂപം പൂർത്തിയാക്കൽ (Geometrical Figure Completion)

∙പ്രതിബിംബങ്ങൾ (Mirror Imaging)

∙തുളയ്ക്കലും മടക്കലും നിവർത്തലും (Punched Hold Pattern - Folding/Unfolding)

∙ഇടം മനക്കാഴ്ചയിൽ (Space Visualisation)

∙നിഗീർണ രൂപം (Embedded Figure)

2. ഗണിത പരീക്ഷ
12 പഠനമേഖലകളാണ് പരീക്ഷയ്ക്കായി നിർദേശിച്ചിട്ടുള്ളത്.

ആകെ 20 ചോദ്യങ്ങൾ 25 മാർക്ക്.

പരീക്ഷാ സമയം 30 മിനിറ്റ്.

അടിസ്ഥാന കഴിവുകൾ വിലയിരുത്തുന്ന ചോദ്യങ്ങളായിരിക്കും വരിക. 4, 5, 6 ക്ലാസുകളിലെ ഗണിതപാഠങ്ങളിൽ നിന്നുള്ള വസ്തുതകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉൾപ്പെടുത്താറുള്ളത്. 

പ്രധാന ചോദ്യമേഖലകൾ ഇവയാണ്:∙ സംഖ്യകളും സംഖ്യാസമ്പ്രദായവും

∙ പൂർണ സംഖ്യകളുടെ ചതുഷ്ക്രിയകൾ

∙ ഘടകങ്ങളും ഗുണിതങ്ങളും അവയുടെ പ്രത്യേകതകളും

∙ ദശാംശ സംഖ്യകളെയും ഭിന്ന സംഖ്യകളെയും പരസ്പരം മാറ്റുന്ന വിധം.

∙ നീളം, പിണ്ഡം, സമയം, നാണയം തുടങ്ങിയവയിൽ സംഖ്യകളുടെ പ്രായോഗികത.

∙ സംഖ്യാരാശികളുടെ ലഘൂകരണം.

∙ ഭിന്നസംഖ്യകളും അവയുടെ ചതുഷ്ക്രിയകളും

∙ ലാഭവും നഷ്ടവും

∙ വിവിധതരം കോണുകളും അവയുടെ പ്രയോഗവും

∙ ഡേറ്റ വിശകലനം (ബാർ ഡയഗ്രം, ഗ്രാഫ്, രേഖാചിത്രങ്ങൾ ഉപയോഗിച്ച്).

3. ഭാഷാ പരീക്ഷ
ആശയ ഗ്രഹണ ശേഷി പരിശോധിക്കുന്നവയായിരിക്കും ചോദ്യങ്ങൾ. തന്നിരിക്കുന്ന ഗദ്യഭാഗങ്ങൾ വായിച്ച് അതിനു ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുകയാണ് വേണ്ടത്. ആകെ 4 ഗദ്യഭാഗങ്ങൾ. ഓരോ ഗദ്യഭാഗത്തെ തുടർന്നും 5 ചോദ്യങ്ങൾ വീതം.

മൊത്തം 20 ചോദ്യങ്ങൾ. പരമാവധി മാർക്ക് 25. പരീക്ഷാ സമയം 30 മിനിറ്റ്.

ഉത്തരം ഒഎംആർ ഷീറ്റിൽ
ചോദ്യപുസ്തകത്തോടൊപ്പം ലഭിക്കുന്ന ഒഎംആർ ഷീറ്റിലാണ് ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത്. ഓരോ ചോദ്യത്തിനും നാല് സാധ്യതാ ഉത്തരങ്ങൾ നൽകിയിരിക്കും. ശരിയുത്തരം കണ്ടെത്തി ഒഎംആർ ഷീറ്റിൽ ചോദ്യനമ്പറിനു നേരെ അതു സൂചിപ്പിക്കുന്ന വൃത്തം പേനകൊണ്ടു കറുപ്പിക്കണം. 

നെഗറ്റീവ് മാർക്ക് ഇല്ല
തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. ശരിയായ ഓരോ ഉത്തരത്തിനും 1.25 മാർക്ക് ലഭിക്കും. പരീക്ഷയിലെ ഓരോ വിഭാഗത്തിലും നിശ്ചിത യോഗ്യതാ മാർക്ക് നേടിയിരിക്കണമെന്ന കാര്യം ഓർക്കുക. ഒരു വിഭാഗത്തിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം..

അവസാന മണിക്കൂറുകൾ
പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. തയാറെടുപ്പിനു ശേഷമുള്ള അവസാന മിനുക്കുപണികൾക്ക് മാത്രമേ ഇനി സമയമുള്ളൂ. ഈ സാഹചര്യത്തിൽ കൂടുതൽ വർക്ക്‌ഷീറ്റുകൾ/ മാതൃകാ ചോദ്യക്കടലാസുകൾ സംഘടിപ്പിച്ച് ഒഎംആർ ഷീറ്റിൽ സമയബന്ധിതമായി ഉത്തരം രേഖപ്പെടുത്തി പരിശീലിക്കുന്നതു നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com