ADVERTISEMENT

സാമൂഹ്യശാസ്ത്രത്തിന്റെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് ആകെ 80 സ്കോറിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടര മണിക്കൂർ കൊണ്ട് ഓരോ ചോദ്യത്തിന്റെയും സ്കോറിനനുസരിച്ച് ഉത്തരങ്ങൾ തയാറാക്കാൻ പരിശീലിക്കണം. 6 സ്കോറിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യങ്ങളെക്കുറിച്ച് പരിശോധിക്കാം. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, ലോകം ഇരുപതാം നൂറ്റാണ്ടിൽ ഇവയിലെ ചോദ്യങ്ങൾ ചോയിസോടു കൂടി ചോദ്യക്കടലാസിലെ പാർട്ട് ബി യിലാണ് സാധാരണ ചോദിക്കുക.  

ഒരു ചോദ്യ മാതൃക പരിശോധിക്കാം
? (a) റഷ്യയിൽ ഒക്ടോബർ വിപ്ലവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമാക്കുക.       

(b) റഷ്യൻ വിപ്ലവത്തിന്റെ പ്രധാന ഫലങ്ങൾ എന്തെല്ലാമായിരുന്നു?       

  അല്ലെങ്കിൽ                       

? (b)  ജർമനിയിൽ നാസിസത്തിന്റെ വളർച്ച എപ്രകാരമായിരുന്നു എന്ന് വിശദമാക്കുക.

ഉൾപ്പെടുത്തേണ്ട മേഖലകൾ
∙ ഹിറ്റ്ലറെ ജർമനിയിൽ അധികാരത്തിലെത്താൻ സഹായിച്ച ഘടകങ്ങൾ.

∙ ജർമനിയിൽ ഹിറ്റ്ലർ സ്വീകരിച്ച നയം

(6 സ്കോർ )

ചോയിസുള്ള ചോദ്യമായതിനാൽ ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രം ഉത്തരം തയാറാക്കിയാൽ മതി. നിങ്ങൾക്ക് ഏറ്റവും നന്നായി എഴുതുവാൻ പറ്റിയ ചോദ്യമേതെന്ന് കൂൾ ഓഫ് സമയത്തു തന്നെ തീരുമാനിക്കണം. 

ഉൾപ്പെടുത്തേണ്ട പോയിന്റുകൾ
(a) ഫെബ്രുവരി വിപ്ലവത്തിന് ശേഷം അധികാരത്തിൽ വന്ന താൽക്കാലിക ഗവൺമെന്റിനെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല. സ്വിറ്റ്സർലൻഡിൽ നിന്നു തിരിച്ചെത്തിയ ലെനിൻ അധികാരം പൂർണമായും സോവിയറ്റുകൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഒരു തൊഴിലാളി വർഗ ഗവൺമെന്റിന്റെ ആവശ്യകതയെന്തെന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തിൽ നിന്ന് റഷ്യ പിന്മാറുക, ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യുക, ഫാക്ടറികളെ പൊതുസ്വത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. തുടർന്ന് 1917 ഒക്ടോബറിൽ  ഒരു സായുധ കലാപത്തിലൂടെ കെറൻസ്കി  ഗവൺമെന്റിനെ അട്ടിമറിച്ച് ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച സംഭവമാണ് ഒക്ടോബർ വിപ്ലവം. 

തുടർന്ന് ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനു കൂടി ഉത്തരമെഴുതുമ്പോഴാണ് മുഴുവൻ സ്കോറും ലഭിക്കുക. അതായത്  പാഠപുസ്തകത്തിലെ  24–ാം പേജിൽ നൽകിയിരിക്കുന്ന റഷ്യൻ വിപ്ലവത്തിന്റെ പ്രധാന ഫലങ്ങൾ കൂടി ഉൾക്കൊള്ളിക്കണം. 

(b) ഈ ചോദ്യമാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ചോദ്യത്തിൽ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മാത്രം ഉത്തരം തയാറാക്കാൻ ശ്രദ്ധിക്കുക. 

ഹിറ്റ്ലറെ ജർമനിയിൽ അധികാരത്തിലേറാൻ സഹായിച്ച ഘടകങ്ങൾ

∙ ഒന്നാം ലോകയുദ്ധാനന്തരം ജർമനിയെ അടിച്ചേൽപിച്ച വേഴ്സായി സന്ധി.         

∙ സാമ്പത്തിക തകർച്ച, പണപ്പെരുപ്പം. 

∙ ജർമൻ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും.                   

ജർമനിയിൽ ഹിറ്റ്ലർ സ്വീകരിച്ച നയം∙ നിലവിലുള്ള ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് അധികാരത്തിലേറി. 

∙ സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും ജ്യൂതരേയും ജനാധിപത്യ വാദികളെയും കൊന്നൊടുക്കി.            

∙ ജൂതരെ കോൺസൻട്രേഷൻ ക്യാംപുകളിൽ കൊന്നൊടുക്കാനായി തവിട്ടു കുപ്പായക്കാർ എന്ന സൈന്യത്തിനും  ഗസ്റ്റപ്പോ എന്ന രഹസ്യപൊലീസിനും രൂപം നൽകി.               

∙ പരിശുദ്ധ വംശമായി ആര്യന്മാരെ ചിത്രീകരിച്ചു.           

∙ നാസി പാർട്ടി ഒഴികെയുള്ള പാർട്ടികളെ നിരോധിക്കുകയും തൊഴിലാളി സംഘടനകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.  ∙ സൈനിക സേവനം  നിർബന്ധമാക്കി. 

∙ മാധ്യമങ്ങളെ തന്റെ ആശയ പ്രചരണത്തിനായി ഉപയോഗിച്ചു            

ഇത്തരത്തിലുള്ള പോയിന്റുകൾ ഉൾപ്പെടുത്താം.

6 സ്കോറിന്റെ ചോദ്യ മാതൃകകൾ         

1.  അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളും അനന്തരഫലങ്ങളും വിവരിക്കുക. 

സൂചനകൾ

∙ മെർക്കന്റലിസ്റ്റ് നിയമങ്ങൾ 

∙ ചിന്തകർ  

∙ ഒന്നും രണ്ടും കോണ്ടിനെന്റൽ കോൺഗ്രസുകൾ               

∙ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനം                          

2. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലം വിവരിക്കുക.                    

∙ ഫ്രഞ്ച് സമൂഹം.             

∙ ചിന്തകന്മാരും അവരുടെ ആശയങ്ങളും 

3. ഫെബ്രുവരി വിപ്ലവവും ഒക്ടോബർ വിപ്ലവവും സോവിയറ്റ് യൂണിയന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചതെങ്ങനെയെന്ന് വിശദമാക്കുക.

4. ചൈന ഒരു ജനകീയ റിപ്പബ്ലിക്കായി മാറിയതിന്റെ വിവിധ ഘട്ടങ്ങൾ താഴെപ്പറയുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുക.

∙ ചിയാങ്ങ്കൈഷക്കിന്റെ ഏകാധിപത്യം 

∙ മാവോ സെ തൂങ്    

∙ ജനകീയ റിപ്പബ്ലിക്  

5.  റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമാക്കുക.         

6. ആഗോളവൽക്കരണത്തിന്റെ സവിശേഷതകളും അത് ലോകത്തുണ്ടാക്കിയ സ്വാധീനവും വിവരിക്കുക.

7. ഇറ്റലിയിലെ ഫാഷിസവും ജർമനിയിലെ നാസിസവും ലോകസമാധാനത്തിന് ഭീഷണിയായതെങ്ങനെയെന്ന് വിശദമാക്കുക.

8. രണ്ടാം ലോകയുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും വിശദമാക്കുക.

9. ഒന്നാം ലോക യുദ്ധത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുക. 

10. നെപ്പോളിയൻ അധികാരത്തിൽ എത്തിയ ശേഷം ഫ്രാൻസിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഏവ?

English Summary:

Master the 10th Class Social Science Exam: Six Scores to Secure Your Success!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com