ADVERTISEMENT

നമ്മെ കെട്ടുറപ്പുള്ള ഒരു രാജ്യമായും ജനതയായും നിലനിർത്തുന്നതും സംരക്ഷിക്കുന്നതും നമ്മുടെ ഭരണഘടനയാണ്. വ്യത്യസ്ത ഭാഷകളും മതവിശ്വാസങ്ങളും ജാതികളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംസ്കാരങ്ങളും അടക്കം പല വൈവിധ്യങ്ങളുമുണ്ടായിട്ടും അവയെ ഒന്നായി ഉൾക്കൊള്ളാനും അംഗീകരിക്കാനും സംരക്ഷിക്കാനും കഴിയുന്ന ഭരണഘടനയാണ് നമ്മുടേത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യയെ നിലനിർത്തുന്നതിന്റെ ആധാരശിലകളിലൊന്നും അതുതന്നെയാണ്.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ

∙ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ വിവരങ്ങളിലൂടെ
ഇന്ത്യൻ ഭരണഘടനയിലേക്കുള്ള താക്കോലാണ് അതിന്റെ ആമുഖം (Preamble). ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അതിന്റെ പൊതുസ്വഭാവവുമെല്ലാം കേവലം ഒരു വാചകം മാത്രമുള്ള ആമുഖം പ്രതിഫലിപ്പിക്കുന്നു. പ്രമുഖ നിയമജ്ഞനും ഭരണഘടനാ വിദഗ്ധനുമായ എൻ.എ.പൽഖിവാല ആമുഖത്തെ ‘ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്’ എന്നാണു വിശേഷിപ്പിച്ചത്. ഭരണഘടനാ വ്യവസ്ഥകളുടെ അർഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനും ആമുഖം സഹായിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രസംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൗഢമായ പ്രസ്താവനയായി ആമുഖമെന്ന ഒറ്റ വാചകം പരിഗണിക്കപ്പെടുന്നു.അമേരിക്കൻ ഭരണഘടനയാണ് ആദ്യം ആമുഖത്തോടെ ആരംഭിച്ചത്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഈ രീതി പിന്തുടർന്നു. ജവാഹർലാൽ നെഹ്റു തയാറാക്കി അവതരിപ്പിക്കുകയും ഭരണഘടനാ അസംബ്ലി അംഗീകരിച്ചതുമായ ലക്ഷ്യപ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആമുഖം രൂപപ്പെടുത്തിയത്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലേക്ക് സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റഗ്രിറ്റി എന്നീ മൂന്ന് പുതിയ വാക്കുകൾ 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് കൂട്ടിച്ചേർത്തത്. 

indian-constitution-preamble

ഭരണഘടനയുടെ ആമുഖം
WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN, SOCIALIST, SECULAR DEMOCRATIC REPUBLIC and to secure to all its citizens:
JUSTICE, social, economic and political;
LIBERTY of thought, expression, belief, faith and worship;
EQUALITY of status and of opportunity; and to promote among them all
FRATERNITY assuring the dignity of the individual and the unity and integrity of the Nation;
IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION.

‘ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു [പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി] സംവിധാനം ചെയ്യുവാനും അതിലെ പൗരൻമാർക്കെല്ലാം:
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും;
ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും;
പദവിയിലും അവസരത്തിലും സമത്വവും;
സംപ്രാപ്തമാക്കുവാനും;
അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും [രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും] ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും;
സഗൗരവം തീരുമാനിച്ചിരിക്കയാൽ;

നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു’.

ആമുഖത്തിന്റെ പ്രാധാന്യം
ഭരണഘടനയുടെ രാഷ്ട്രീയവും അടിസ്ഥാന തത്വശാസ്ത്രവും മൂല്യങ്ങളുമെല്ലാം ആമുഖം ഉൾക്കൊള്ളുന്നു. രാജ്യത്തെക്കുറിച്ചു ഭരണഘടനാ നിർമാണ സഭയ്ക്ക് ഉണ്ടായിരുന്ന ദർശനവും അഭിലാഷങ്ങളും ആമുഖം പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ അസംബ്ലി അംഗമായ അല്ലാടി കൃഷ്ണസ്വാമി അയ്യരുടെ അഭിപ്രായത്തിൽ, ‘നമ്മുടെ ഭരണഘടനയുടെ ആമുഖം നമ്മൾ ഇത്രയും കാലം ചിന്തിച്ചതിനെയും സ്വപ്നം കണ്ടതിനെയും പ്രകടിപ്പിക്കുന്നു’. മറ്റൊരു അംഗമായ കെ.എം.മുൻഷി പറഞ്ഞത്, സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ജാതകമാണ് ആമുഖം എന്നാണ്. മറ്റൊരു അംഗമായ പണ്ഡിറ്റ് ഠാക്കൂർ ദാസ് ഭാർഗവ ആമുഖത്തിന്റെ പ്രാധാന്യം വിവരിക്കുന്നത് ഇങ്ങനെ: ‘ആമുഖം ഭരണഘടനയുടെ ഏറ്റവും വിലപ്പെട്ട ഭാഗമാണ്. അതിന്റെ ആത്മാവാണ്. ആമുഖം ഭരണഘടനയുടെ താക്കോലാണ്. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രത്നമാണത്. ഭരണഘടനയുടെ മൂല്യം അളക്കാൻ കഴിയുന്ന ശരിയായ അളവുകോലാണ് ആമുഖം.' ഇംഗ്ലിഷ് രാഷ്ട്രീയ ശാസ്ത്രജ്ഞനായ സർ ഏണസ്റ്റ് ബർക്കർ ആമുഖത്തെ ഭരണഘടനയുടെ സംഗ്രഹം (key note) എന്നാണു വിശേഷിപ്പിച്ചത്. 

ആമുഖത്തിലെ പ്രധാന വാക്കുകളും അവയുടെ വ്യാപ്തിയും 

1. പരമാധികാരം (SOVEREIGN)
ഇന്ത്യ മറ്റേതെങ്കിലുമൊരു രാജ്യത്തെ ആശ്രയിച്ചോ, അതിന്റെ അധികാരപരിധയിലോ അല്ല നിലകൊള്ളുന്നതെന്ന് പരമാധികാരം എന്ന വാക്ക് സൂചിപ്പിക്കുന്നു. രാജ്യത്തിന് മുകളിൽ മറ്റൊരു അധികാരകേന്ദ്രമില്ല. ആന്തരികവും ബാഹ്യവുമായ പ്രവർത്തനങ്ങളിലെല്ലാം പരമാധികാരരാജ്യം സ്വതന്ത്രമായി പ്രവർത്തിക്കുന്നു. യുഎൻ പോലെയുള്ള രാജ്യാന്തര സംഘടനകളിലെ അംഗത്വം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല. മറ്റൊരു പ്രദേശം സ്വന്തമാക്കാനോ രാജ്യത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കാനോ പരമാധികാരരാഷ്ട്രത്തിനു സാധിക്കും.

2. സോഷ്യലിസ്റ്റ്
1976-ലെ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ് എന്ന പദം ഭരണഘടനയുടെ ആമുഖത്തിൽ എത്തുന്നത്. ഇതിനു മുൻപു തന്നെ ചില നിർദ്ദേശക തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനയ്ക്ക് ഒരു സോഷ്യലിസ്റ്റ് ചായ്‌വ് ഉണ്ടായിരുന്നതായി നിരീക്ഷണങ്ങളുണ്ട്. നീതിയിൽ അധിഷ്ഠിതമായ സാമൂഹികക്രമം, ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക, അസമത്വങ്ങൾ കുറയ്ക്കുക (ആർട്ടിക്കിൾ 38), മതിയായ ഉപജീവനമാർഗത്തിനുള്ള അവകാശം, വിഭവങ്ങളുടെ തുല്യമായ വിതരണം, സമ്പത്തിന്റെ കേന്ദ്രീകരണം തടയൽ, പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യ ജോലിക്കു തുല്യവേതനം, തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം, അനുയോജ്യമല്ലാത്ത ജോലി ചെയ്യിപ്പിക്കാതിരിക്കുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള അവസരം (39), തൊഴിലില്ലായ്മ, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ഉള്ളവർക്ക് തൊഴിൽ ലഭ്യമാക്കൽ, വിദ്യാഭ്യാസ സഹായം (41), നല്ല തൊഴിൽ സാഹചര്യങ്ങൾ, ഗർഭകാല ആനുകൂല്യങ്ങൾ (42), തൊഴിലാളികൾക്കു മാന്യമായ വേതനം, ജീവിത നിലവാരം, സാമൂഹികവും സാംസ്കാരികവുമായ അവസരങ്ങൾ (43), പോഷകാഹാര ലഭ്യത, ജീവിത നിലവാരം ഉയർത്തൽ, പൊതുജനാരോഗ്യം മെച്ചപ്പെടുത്തൽ (47) തുടങ്ങിയ നിർദേശക തത്വങ്ങളിലൊക്കെ നിഴലിക്കുന്നത് സോഷ്യലിസ്റ്റ് ആശയങ്ങളാണ്. 1955ലെ ആവഡി സമ്മേളനത്തിൽ കോൺഗ്രസ് പാർട്ടി സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പാക്കാനുള്ള പ്രമേയം അംഗീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് സോഷ്യലിസം അഥവാ സ്റ്റേറ്റ് സോഷ്യലിസം അല്ല ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്, മറിച്ച് ‘ജനാധിപത്യ സോഷ്യലിസം’ ആണ്. പൊതു-സ്വകാര്യ മേഖലകൾ സഹകരിച്ചു മുന്നോട്ടുപോകുന്ന മിശ്ര സമ്പദ്വ്യവസ്ഥയിലാണു ജനാധിപത്യ സോഷ്യലിസം വിശ്വസിക്കുന്നത്. 1990കളുടെ തുടക്കത്തിൽ ഇന്ത്യ സ്വീകരിച്ച പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളീകരണം എന്നിവയുടെ കടന്നുവരവ് രാജ്യത്തിന്റെ സോഷ്യലിസ്റ്റ് നയങ്ങളുടെ ശക്തി കുറച്ചു.

3. സെക്കുലർ 
1976ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ് ‘സെക്കുലർ’ എന്ന പദം ആമുഖത്തിൽ ചേർത്തത്. മതനിരപേക്ഷ രാഷ്ട്രം എന്നു മുൻപു ഭരണഘടനയിൽ എവിടെയും പറഞ്ഞിരുന്നില്ലെങ്കിലും മൗലികാവകാശങ്ങളിൽ മതസ്വാതന്ത്ര്യം സംബന്ധിച്ച ഒട്ടേറെ അനുച്ഛേദങ്ങൾ ഉൾപ്പടുത്തുക വഴി മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നു ഭരണഘടനാ ശിൽപികൾ വ്യക്തമാക്കിയിരുന്നു. മൗലികാവകാശങ്ങളിലെ ആർട്ടിക്കിൾ 25 മുതൽ 28 വരെ ഉറപ്പുനൽകുന്ന മതസംബന്ധിയായ അവകാശങ്ങൾ ചുവടെ.

∙ആർട്ടിക്കിൾ 25: സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മത പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം.
∙ആർട്ടിക്കിൾ 26: മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം.
∙ആർട്ടിക്കിൾ 27: പ്രത്യേക മതത്തിന്റെ പോഷണത്തിനു വേണ്ടി നികുതി നൽകുന്നതു സംബന്ധിച്ച സ്വാതന്ത്ര്യം.
∙ആർട്ടിക്കിൾ 28: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധനത്തിനു പങ്കെടുക്കാതിരിക്കുന്നതു സംബന്ധിച്ച സ്വാതന്ത്ര്യം.
ആർട്ടിക്കിൾ 25 വ്യക്തികളുടെ മത അവകാശങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോൾ 26 മതസമൂഹങ്ങളുടെയും സംഘടനകളുടെയും അവകാശങ്ങളെക്കുറിച്ചു പറയുന്നു. മതനിരപേക്ഷത സംബന്ധിച്ച പാശ്ചാത്യ സങ്കൽപങ്ങളിൽ നിന്നു വിഭിന്നമായി (മതവും രാഷ്ട്രവും പരസ്പരം ഇടപെടാതെ അകലം പാലിക്കുക) മതങ്ങളെയെല്ലാം തുല്യമായി പരിഗണിക്കുക എന്ന പോസിറ്റീവ് മതനിരപേക്ഷ സങ്കൽപമാണ് ഇന്ത്യൻ ഭരണഘടനയിലുള്ളതെന്ന് അഭിപ്രായപ്പെടുന്ന രാഷ്ട്രീയ ചിന്തകരുണ്ട്.

4. ജനാധിപത്യപരം (DEMOCRATIC)
ജനങ്ങളുടെ പരമാധികാരം എന്ന ആശയമാണു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാനം. പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായമാണ് ഇന്ത്യ പിന്തുടരുന്നത്. നിയമനിർവഹണ വിഭാഗം (executive) നിയമനിർമാണ വിഭാഗത്തോട് (legislature) വിശ്വാസ്യത പുലർത്തുന്ന തരത്തിലുള്ള ജനാധിപത്യ ഭരണസമ്പ്രദായമാണ് ഇന്ത്യയിലേത്. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം, കൃത്യമായ ഇടവേളകളിലുള്ള തിരഞ്ഞെടുപ്പുകൾ, നിയമവാഴ്ച, സ്വതന്ത്രമായ ജുഡീഷ്യറി, വിവേചന രാഹിത്യം എന്നിവയൊക്കെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകതകളാണ്. ആമുഖത്തിൽ ജനാധിപത്യം എന്ന പദം ഉപയോഗിച്ചിരിക്കുന്നത് രാഷ്ട്രീയ ജനാധിപത്യത്തെ മാത്രം സൂചിപ്പിക്കാനല്ല, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തെയും ഉൾക്കൊള്ളുന്ന വിശാല അർഥത്തിലാണെന്നു ഭരണഘടനാ ശിൽപിയായ ഡോ.അംബേദ്കർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

5. റിപ്പബ്ലിക് (REPUBLIC)
ജനാധിപത്യ ഭരണസമ്പ്രദായമുള്ള രാജ്യങ്ങളെത്തന്നെ മൊണാർക്കി (രാജവാഴ്ച), റിപ്പബ്ലിക് എന്നിങ്ങനെ 2 വിഭാഗങ്ങളായി തിരിക്കാറുണ്ട്. മൊണാർക്കിയിൽ രാഷ്ട്രത്തലവന്റെ സ്ഥാനം (രാജാവ് അല്ലെങ്കിൽ രാജ്ഞി) പാരമ്പര്യമായി ലഭിക്കുന്നതാണ്. എന്നാൽ ഒരു റിപ്പബ്ലിക്കിൽ, രാഷ്ട്രത്തലവൻ തിരഞ്ഞെടുക്കപ്പെട്ടയാളാകും. ഇന്ത്യയുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് ഒരു നിശ്ചിത കാലയളവിലേക്ക് (5 വർഷം) തിരഞ്ഞെടുക്കപ്പെടുന്ന ആളാണ്. ഒരു റിപ്പബ്ലിക്കിൽ രാഷ്ട്രീയ പരമാധികാരം ജനങ്ങളിൽ തന്നെയാകും നിക്ഷിപ്തമായിരിക്കുക, രാജാവിനെപ്പോലെ ഒരു വ്യക്തിയിൽ ആയിരിക്കില്ല. 

6. നീതി (JUSTICE)
സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം- ഇങ്ങനെ മൂന്നു തലത്തിലുള്ള നീതിയാണ് ഭരണഘടനയുടെ ആമുഖം ഉറപ്പുനൽകുന്നത്. മൗലികാവകാശങ്ങളിലെയും നിർദേശകതത്വങ്ങളിലെയും ഒട്ടേറെ ആർട്ടിക്കിളുകൾ സമൂഹത്തിൽ നീതി നടപ്പാക്കുന്നതു ലക്ഷ്യമിടുന്നവയാണ്. ജാതി, വർണം, വർഗം, മതം, ലിംഗഭേദം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഒന്നും കൂടാതെ എല്ലാ പൗരൻമാരെയും തുല്യരായി പരിഗണിക്കുന്നതാണു സാമൂഹിക നീതി. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് കൂടുതൽ പരിഗണന ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഭരണഘടന, അതേസമയം തന്നെ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നു. ഈ വിഭാഗങ്ങൾക്കായി ഭരണഘടന സംവരണം ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് വേർതിരിവ് സൃഷ്ടിക്കലല്ല. മറിച്ച് നിലനിൽക്കുന്ന സാമൂഹികഅനീതിയെ കുറച്ചുകൊണ്ടുവന്ന് യഥാർഥ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ സമീപനത്തെ പ്രോട്ടക്ടീവ് ഡിസ്ക്രിമിനേഷൻ എന്നു വിളിക്കുന്നു. സാമ്പത്തിക ഘടകങ്ങളുടെ പേരിൽ വിവേചനങ്ങൾ ഇല്ലാത്ത അവസ്ഥയാണു സാമ്പത്തിക നീതി. സമ്പത്ത്, വരുമാനം, സ്വത്ത് എന്നിവയിലെ പ്രകടമായ അസമത്വങ്ങൾ ഇല്ലാതാക്കുന്നത് ഇതിന്റെ ലക്ഷ്യമാണ്. സാമൂഹിക നീതിയുടെയും സാമ്പത്തിക നീതിയുടെയും സംയോജനത്തെ വിതരണ നീതി (Distributive Justice) എന്നു വിളിക്കുന്നു. എല്ലാ പൗരൻമാർക്കും തുല്യ രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടായിരിക്കണമെന്ന സങ്കൽപമാണു രാഷ്ട്രീയ നീതി. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ആശയം റഷ്യൻ വിപ്ലവത്തിൽ നിന്ന് (1917) കടംകൊണ്ടതാണ്.

7. സ്വാതന്ത്ര്യം (LIBERTY)
വ്യക്തികളുടെ പ്രവർത്തികളിൽ നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല സ്വാതന്ത്ര്യം. വ്യക്തിത്വ വികസനത്തിന് ആവശ്യമായ അവസരമൊരുക്കൽ കൂടിയാണത്. ഭരണഘടനയുടെ ആമുഖം എല്ലാ പൗരൻമാർക്കും ചിന്ത, ആവിഷ്കാരം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. വ്യക്തികൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമല്ല ഭരണഘടന ഉറപ്പു നൽകുന്നത്. വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ന്യായമായ പരിധികൾ നിശ്ചയിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ഭരണഘടന പലയിടങ്ങളിലായി വ്യക്തമാക്കുന്നുണ്ട്. ആമുഖത്തിൽ പരാമർശിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഫ്രഞ്ച് വിപ്ലവത്തിലൂടെ പ്രചാരം നേടിയവയാണ്.

8. സമത്വം (EQUALITY)
രാജ്യത്ത് ഒരു പൗരനും പ്രത്യേക പരിഗണനകൾ ഇല്ലെന്നും എല്ലാവർക്കും തുല്യ അവസരങ്ങളാണന്നും ഭരണഘടന വ്യക്തമാക്കുന്നു. പദവിയിലും അവസരത്തിലുമുള്ള സമത്വമാണ് ആമുഖത്തിൽ ഉയർത്തിക്കാട്ടുന്നത്.

മൗലികാവകാശങ്ങളിലെ 14 മുതൽ 18 വരെയുള്ള അനുച്ഛേദങ്ങൾ തുല്യതയെക്കുറിച്ച് സംസാരിക്കുന്നവയാണ്.

∙ അനുച്ഛേദം14: നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.

∙അനുച്ഛേദം15: മതം, വർഗം, ലിംഗം, ജാതി, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ല.

∙അനുച്ഛേദം 16: സർക്കാർ ഉദ്യോഗങ്ങളിലെ അവസര സമത്വം.

∙അനുച്ഛേദം17: അയിത്തം, തൊട്ടുകൂടായ്മ എന്നിവയുടെ നിരോധനം.

∙അനുച്ഛേദം18: അക്കാദമിക്, മിലിട്ടറി ഒഴികെയുള്ള സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

രാഷ്ട്രീയ സമത്വം കൈവരിക്കൽ ലക്ഷ്യമിടുന്ന 2 വ്യവസ്ഥകൾ കൂടി ഭരണഘടനയിൽ കാണാനാകും. മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും വോട്ടർ പട്ടികയിൽ അയോഗ്യനാക്കരുതെന്ന് ആർട്ടിക്കിൾ 325 ചൂണ്ടിക്കാട്ടുന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തേണ്ടതു പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആർട്ടിക്കിൾ 326 പറയുന്നു. ഒരേ ജോലിക്ക് ലിംഗഭേദമന്യേ ഒരേ വേതനം ഉറപ്പാക്കണമെന്നു നിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 39 പറയുന്നു.

9. സാഹോദര്യം (FRATERNITY)
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പാക്കി സാഹോദര്യം പുലർത്തുവാൻ ആമുഖം ആഹ്വാനം ചെയ്യുന്നു. ഇന്ത്യാക്കാർ തമ്മിലുള്ള സാഹോദര്യ വികാരം ഏക പൗരത്വ സമ്പ്രദായത്തിലൂടെ ഭരണഘടന പിന്താങ്ങുന്നുണ്ട്. മതപരമോ ഭാഷാപരമോ പ്രാദേശികമോ വിഭാഗീയമോ ആയ വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണെന്നു ഭരണഘടനയിലെ പൗരന്റെ അടിസ്ഥാന കടമകൾ (Fundamental duties- ആർട്ടിക്കിൾ 51-എ) എന്ന ഭാഗത്തും പറയുന്നുണ്ട്. സാഹോദര്യത്തിനൊപ്പം ഇന്റഗ്രിറ്റി (അഖണ്ഡത) എന്ന വാക്കുകൂടി ആമുഖത്തിൽ ചേർത്തത് 42-ാം ഭരണഘടനാ ഭേദഗതി (1976) വഴിയാണ്.

ആമുഖത്തിൽ ഭേദഗതി
1973 ലെ കേശവാനന്ദ ഭാരതി കേസിലാണ്, ആർട്ടിക്കിൾ 368 പ്രകാരം ആമുഖവും ഭേദഗതി ചെയ്യാമോ എന്ന ചോദ്യം ഉയരുന്നത്. ഭരണഘടനയുടെ ഭാഗമല്ലാത്തതിനാൽ ആമുഖം ഭേദഗതി ചെയ്യാനാകില്ലെന്നു വാദമുയർന്നു. ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്നവ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളായതിനാൽ ഭേദഗതി അധികാരം ഉപയോഗിക്കാനാവില്ലെന്നാണു ഹർജിക്കാരൻ വാദിച്ചത്. ആമുഖം ഭരണഘടനയുടെ ഭാഗമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു ബേരുബാരി യൂണിയൻ കേസിൽ കോടതിയുടെ നിരീക്ഷണം തെറ്റായിരുന്നെന്നു പ്രസ്താവിച്ച സുപ്രീം കോടതി, ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിൽ മാറ്റം വരുത്താതെ ആമുഖം ഭേദഗതി ചെയ്യാമെന്നു പറഞ്ഞു. സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റഗ്രിറ്റി എന്നീ 3 പുതിയ വാക്കുകൾ ചേർത്തുകൊണ്ട് 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി നിയമം മുഖേന ആമുഖത്തിൽ മാറ്റം വരുത്തി. ഈ ഒരു തവണ മാത്രമാണ് ആമുഖം ഭേദഗതി ചെയ്തതിട്ടുള്ളത്.

ലക്ഷ്യപ്രമേയം
1946 ഡിസംബർ 13നു ജവാഹർലാൽ നെഹ്റു ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ച 8 വിഷയങ്ങളിൽ ഊന്നിയ ഒബ്ജക്ടീവ് റസല്യൂഷനാണ് (ലക്ഷ്യപ്രമേയം) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടത്. 1947 ജനുവരി 22നാണു ഭരണഘടനാ അസംബ്ലി ഈ പ്രമേയം അംഗീകരിച്ചത്. പുരുഷോത്തം ദാസ് ടണ്ഠൻ ആണു പ്രമേയത്തെ പിന്തുണച്ചത്. ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ എന്താണു ചെയ്യേണ്ടത്, അവർ എന്താണു നേടാൻ ശ്രമിച്ചത്, എങ്ങോട്ടാണു പോകുന്നത് എന്നതിനെക്കുറിച്ചു ചില സൂചനകൾ നൽകുകയായിരുന്നു ലക്ഷ്യപ്രമേയത്തിന്റെ ലക്ഷ്യം.

ഭരണഘടനയുടെ ഭാഗമോ?
ആമുഖം ഭരണഘടനയുടെ ഭാഗമാണോ അല്ലയോ എന്നത് ഏറെക്കാലം വിവാദവിഷയമായിരുന്നു. 1960 ലെ ബേരുബാരി യൂണിയൻ കേസ് പരിഗണിക്കവേ സുപ്രീം കോടതി നിരീക്ഷിച്ചത്, ഭരണഘടനയിലെ വ്യവസ്ഥകൾക്ക് പിന്നിലെ പൊതു ഉദ്ദേശ്യങ്ങൾ ആമുഖം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അങ്ങനെ ഭരണഘടനാ ശിൽപികളുടെ മനസ്സിലേക്കുള്ള താക്കോലായി ആമുഖം പ്രവർത്തിക്കുന്നു എന്നുമാണ്. ഭരണഘടനാ അനുച്ഛേദങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ അവ്യക്തമോ ഒന്നിലധികം വ്യത്യസ്ത അർഥങ്ങൾ സൂചിപ്പിക്കുന്നതോ ആയ സാഹചര്യത്തിൽ, അവ വ്യാഖ്യാനിക്കാൻ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആമുഖത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞെങ്കിലും, ആമഖം ഭരണഘടനയുടെ ഭാഗമല്ലെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം. 1973 ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി മുൻ അഭിപ്രായം തള്ളുകയും ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് വിധിക്കുകയും ചെയ്തു. ആമുഖം പകർന്നു തരുന്ന ദർശനത്തിന്റെ വെളിച്ചത്തിൽ ഭരണഘടന വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. എൽഐസി ഓഫ് ഇന്ത്യ കേസിലും (1995) ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.ഭരണഘടനയുടെ മറ്റേതൊരു ഭാഗത്തെയും പോലെ, ആമുഖവും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചയിലൂടെ അംഗീകരിച്ചതാണ്. പക്ഷേ, ഭരണഘടനയുടെ ബാക്കി ഭാഗങ്ങൾ അംഗീകരിച്ച ശേഷം മാത്രമാണ് ആമുഖത്തിന് അംഗീകാരം തേടിയത്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗീകരിച്ച ഭരണഘടനയ്ക്ക് അനുസൃതം തന്നെയാണ് ആമുഖമെന്ന് ഉറപ്പാക്കാനാണ് ഇതിന് അംഗീകാരം നൽകുന്നത് അവസാനം പരിഗണിച്ചത്.ആമുഖം ഭരണഘടനയുടെ ഭാഗമാണെങ്കിലും അതു ജസ്റ്റിഷ്യബിൾ അല്ല. അതായത് ആമുഖത്തിലെ വ്യവസ്ഥകൾ കോടതി നടപടികളിലൂടെ നടപ്പിലാക്കാൻ കഴിയില്ല.

Q & A
∙ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി ആരാണ്?
ജവാഹർലാൽ നെഹ്റു 
∙ ജവാഹർലാൽ നെഹ്റു ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ച ദിവസം?
1946 ഡിസംബർ 13 
∙ 42-ാം ഭേദഗതി വഴി ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ?സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റഗ്രിറ്റി
∙ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് ഏതു കേസ് പരിഗണിക്കുമ്പോഴാണ്?
ബേരുബാരി യൂണിയൻ കേസ് 
∙ ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിൽ?
1973 ലെ കേശവാനന്ദഭാരതി കേസ് 
∙ ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ കടമെടുത്തത്? 
യുഎസ്എ 
∙ ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?
പ്രിയാംപിൾ (ആമുഖം)
∙ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
42-ാം ഭരണഘടനാ ഭേദഗതി
∙ ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ച വ്യക്തി?കെ.എം.മുൻഷി
∙ ആമുഖത്തെ ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിച്ചത് ആര്?
പണ്ഡിറ്റ് ഠാക്കൂർദാസ് ഭാർഗവ
∙ ആമുഖത്തെ കീനോട്ട് എന്ന് വിശേഷിപ്പിച്ചത്?
ഏണസ്റ്റ് ബാർക്കർ
∙ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോൽ എന്നു വിശേഷിപ്പിച്ചത്?
ജവാഹർലാൽ നെഹ്റു
∙ ആമുഖമുൾപ്പടെയുള്ള ഭരണഘടനാ ഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭരണഘടനാ ഭേദഗതി?
24–ാം ഭരണഘടനാ ഭേദഗതി
∙ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട്?
ഒരു തവണ

English Summary:

Salient Features of Indian Constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com