ചന്ദ്രനിൽ അന്തിയുറങ്ങിയ സ്ലിം: ഉറക്കമെണീറ്റ് ഭൂമിയിലേക്ക് സന്ദേശമയച്ചു
Mail This Article
ചന്ദ്രനിലിറങ്ങിയ ഒരു ലാൻഡർ ദൗത്യം ചന്ദ്രനിൽ ഒരു രാത്രി പിന്നിട്ട് ഭൂമിയുമായി വീണ്ടും ബന്ധമുണ്ടാക്കിയത് കൂട്ടുകാർ അറിഞ്ഞോ? ജാപ്പനീസ് ലാൻഡർ ദൗത്യമായ സ്‌ലിം (സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) ഒരു ചാന്ദ്രരാത്രി പിന്നിട്ട ശേഷം ഉണർന്നെണീറ്റു ഭൂമിയുമായി ബന്ധം സ്ഥാപിച്ചെന്ന് ജാപ്പനീസ് ബഹിരാകാശ ഏജൻസി അധികൃതർ അറിയിച്ചു.
ചന്ദ്രനിൽ ഒരു രാത്രി ദൗത്യം പിന്നിട്ടതിന് എന്താണിത്ര ആഘോഷം? കാര്യമുണ്ട്. ഭൂമിയിലെ രണ്ടാഴ്ച നീണ്ടുനിൽക്കുന്നതാണ് ഒരു ചാന്ദ്രരാത്രി. ഊർജമില്ലായ്മയും അതിശൈത്യവുമുള്ള ഈ ദുർഘടഘട്ടം പിന്നിടാവുന്ന രീതിയിലല്ല ലാൻഡർ നിർമിച്ചത്. എന്നിട്ടും ഇത് അതിജീവിച്ചത് വലിയൊരു കാര്യം തന്നെ.കഴിഞ്ഞ സെപ്റ്റംബറിൽ വിക്ഷേപിച്ച ഈ ലാൻഡർ ജനുവരി 19ന് ചന്ദ്രനിൽ ഇറങ്ങിയെങ്കിലും സോളർ പാനലുകളുടെ ദിശ മാറിയിരുന്നതിനാൽ ഊർജം സ്വീകരിക്കാനാകാതെ നിശ്ചലമായി. പക്ഷേ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. അതിനു ശേഷമാണ് ചന്ദ്രനിൽ രാത്രി തുടങ്ങിയത്.
ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ചന്ദ്രനിൽ ലാൻഡറിറക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ. മൂൺ സ്നൈപർ എന്നും സ്ലിം ലാൻഡറിനു പേരുണ്ട്. ചന്ദ്രന്റെ മധ്യരേഖയ്ക്ക് അൽപം തെക്കായി ഒരു പടുകുഴിയുടെ ചരിവിലാണ് ദൗത്യം ഇറങ്ങിയത്.700 കിലോയുള്ള സ്മാർട് ലാൻഡറാണ് ഇത്. ലാൻഡറിലെ ക്യാമറ പകർത്തുന്ന തത്സമയ ചിത്രങ്ങൾ നേരത്തേയുള്ള ഉപഗ്രഹചിത്രങ്ങളുമായി ഒത്തുനോക്കിയായിരുന്നു ലാൻഡിങ്. കൃത്യമായി ലാൻഡ് ചെയ്യാൻ ഇതു മൂലം സാധിക്കുമെന്നായിരുന്നു പ്രതീക്ഷ.
രണ്ട് പതിറ്റാണ്ടുകളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ലാൻഡർ നിർമിച്ചത്. ഇതു ജപ്പാന്റെ രണ്ടാമത്തെ ചാന്ദ്ര ലാൻഡിങ് ശ്രമമാണ്. 2022ൽ ഒമോടെനാഷി എന്നൊരു ലാൻഡർ ദൗത്യം ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ വിട്ടെങ്കിലും ഇതുമായുള്ള ബന്ധം നഷ്ടമായിരുന്നു.ജപ്പാന്റെ ബഹിരാകാശ ഏജൻസി അടുത്തിടെ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചിരുന്നു.
കഴിഞ്ഞ വർഷം ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രനിൽ ലാൻഡ് ചെയ്തപ്പോൾ ജാപ്പനീസ് സ്വകാര്യ കമ്പനിയായ ഇൻസ്പേസ്, റഷ്യയുടെ ലൂണ തുടങ്ങിയ ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു.
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് മൂൺലാൻഡറുകൾ. അപ്പോളോ 11ൽ മനുഷ്യരെ ചന്ദ്രനിലെത്തിച്ച ലൂണാർ മൊഡ്യൂൾ, വിക്രം പോലെ പരീക്ഷണങ്ങൾക്കായിട്ടുള്ളവ തുടങ്ങി വിവിധ തരത്തിലുള്ള ലാൻഡറുകളുണ്ട്. ചന്ദ്രയാൻ 2 ദൗത്യത്തിനു മുൻപ് 33 ലാൻഡർ ദൗത്യങ്ങൾ വിവിധ ഏജൻസികൾ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. അവയിൽ 16 എണ്ണം ലക്ഷ്യം കണ്ടില്ലെന്നതു സങ്കീർണതയുടെ തെളിവാണ്.