ശ്രദ്ധയോടെ ഹിന്ദി; മിഷൻ എസ്എസ്എസ്സി

Mail This Article
ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പഠിച്ച പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങൾ ചോദിക്കും. ഇതിൽ 1 സ്കോറിന്റെ ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ വ്യവഹാര രൂപങ്ങളും (Discourses) (ഡയറി, കത്ത്, സംഭാഷണം, പോസ്റ്റർ...) ഉൾപ്പെടും. തന്നിരിക്കുന്ന പാഠഭാഗത്ത് ഉത്തരത്തിലേക്കെത്താനുള്ള സൂചനകൾ ഉറപ്പായും ഉണ്ടാകുമെന്നതിനാൽ അത് ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കണം
∙ Multiple choice ചോദ്യങ്ങൾ തിരഞ്ഞെടുക്കാവുന്ന ഉത്തരങ്ങളുള്ള ചോദ്യങ്ങളാണ്. ശരിയല്ലേ എന്ന സംശയം തോന്നിപ്പിക്കുന്ന ഒന്നിലേറെ ഉത്തരങ്ങളുണ്ടാകാം. ഏറ്റവും ശരിയായ ഉത്തരമാണ് തിരഞ്ഞെ ടുക്കേണ്ടത്.
∙ വിശകലനാത്മക (analytical) ചോദ്യങ്ങളുമുണ്ടാകും. തന്നിരിക്കുന്ന സന്ദർഭം ശരിയായി മനസ്സിലാക്കി നമ്മുടേതായ വിശദീകരണങ്ങളാണ് ഇവിടെ എഴുതേണ്ടത്. നിങ്ങളുടെ അഭിപ്രായമെന്താണ്?, നിങ്ങൾ എന്തു മനസ്സിലാക്കുന്നു?, നിങ്ങളുടെ പ്രതികരണമെന്താണ്?, നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? ഈ രീതിയിലാവും ചോദ്യങ്ങൾ വരിക.
∙ കവിതയുടെ ആശയം എഴുതാനുള്ള ചോദ്യമുണ്ടാകും. തന്നിരിക്കുന്ന കവിതാഭാഗത്തിന്റെ ആശയം വ്യക്തമാക്കുന്ന ചെറു കുറിപ്പാണ് ഇവിടെ തയാറാക്കേണ്ടത്. ആരുടെ, ഏത് കവിതയെന്നും കവിതയുടെ കേന്ദ്രാശയവും ചേർത്തുവച്ചാൽ കുറിപ്പിന്റെ ആമുഖമായി. അടുത്ത ഖണ്ഡികയിൽ തന്നിരിക്കുന്ന കവിതാഭാഗത്തിന്റെ ആശയമാണ് എഴുതേണ്ടത്. സവിശേഷ പ്രയോഗങ്ങൾ, ഭാഷാരീതി എന്നിവയെക്കുറിച്ചും എഴുതാം. അടുത്ത ഖണ്ഡിക ഉപസംഹാരമാണ്. ഇവിടെ കവിതാഭാഗത്തിന്റെ വിശേഷത (സമകാലിക സാഹചര്യവുമായി തന്നിരിക്കുന്ന കവിത/കവിതാഭാഗത്തിനുള്ള ബന്ധം, ഇന്നത്തെ കാലഘട്ടത്തിൽ ഈ കവിത എങ്ങനെ പ്രസക്തമാകുന്നു..) പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കാം.
∙ ഡയറി തയാറാക്കാനുള്ള ചോദ്യത്തിന് ഉത്തരമെഴുതുമ്പോൾ സമയത്തെക്കുറിച്ചും കാലത്തെക്കുറിച്ചും സൂചന വേണം. സംഭവത്തക്കറിച്ചുള്ള സ്വന്തം വിലയിരുത്തൽ വേണം, ഭാവാത്മകമായ അവതരണം, ആത്മനിഷ്ഠമായ ഭാഷ (first person), ഉചിതമായ ഭാഷാ സംരചന എന്നിവയിലും ശ്രദ്ധ വേണം.
∙ കത്തും ആത്മനിഷ്ഠഭാഷയിലാണ് എഴുതുന്നത്. കത്തിൽ മുകളിൽ വലതുവശത്ത് അയയ്ക്കുന്നയാളിന്റെ വിലാസം (സ്ഥലവും തീയതിയും മതിയാകും) വേണം. ആർക്കാണോ കത്തയയ്ക്കുന്നത് അയാളുടെ പ്രായം, ബന്ധം എന്നിവ പരിഗണിച്ച് ഉചിതമായ സംബോധന നടത്തണം. ഉള്ളടക്കം പാരഗ്രാഫ് തിരിച്ച് എഴുതണം. കുശലാന്വേഷണം, കത്തെഴുതാനുള്ള കാരണം എന്നിവ ചേർക്കാം. കത്തവസാനിപ്പിക്കുന്നത് സ്വയം സംബോധനയോടെ വേണം. എന്ന് നിന്റെ സുഹൃത്ത്, അങ്ങയുടെ പ്രിയപ്പെട്ട മകൻ എന്നിങ്ങനെ. അതിനു താഴെ അയയ്ക്കുന്നയാളിന്റെ പേരും ഒപ്പും ചേർക്കണം. ഏറ്റവും താഴെ ഇടതുവശത്ത് കത്ത് കിട്ടേണ്ടയാളിന്റെ വിലാസം രേഖപ്പെടുത്തണം.
∙ സംഭാഷണം എഴുതാനാവശ്യപ്പെടുന്ന ചോദ്യങ്ങൾ തീർച്ചയായും ഉണ്ടാകും. സംഭാഷണം മിക്കപ്പോഴും അനൗപചാരികമായിരിക്കും. അതിനാൽ സ്വഭാവികതയുണ്ടാകണം. ആശയവിനിമയം നടക്കുന്നു എന്ന് ഉറപ്പുവരുത്തണം. ആശയാവതരണത്തിന് ക്രമമുണ്ടാവണം. സന്ദർഭം മനസ്സിലാക്കി തുടക്കവും ഒടുക്കവും എങ്ങനെ വേണം എന്ന് തീരുമാനിക്കണം.
∙ പത്രവാർത്ത എഴുതുമ്പോൾ ഉചിതമായ തലക്കെട്ട് കണ്ടെത്തണം. തലക്കെട്ട് വാർത്തയിലേക്ക് വായനക്കാരനെ ആകർഷിക്കുന്നതും വാർത്തയുടെ ആശയം ഉൾക്കൊള്ളുന്നതുമായിരിക്കണം. ആര്, എന്ത്, എപ്പോൾ, എവിടെ, എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പത്രവാർത്ത. കൃത്യമായ സ്ഥലബോധം ഉണ്ടായിരിക്കണം. വാർത്ത വസ്തുനിഷ്ഠമായിരിക്കണം. കൂടുതൽ പ്രസക്തമായ കാര്യങ്ങളായിരിക്കണം ആദ്യമാദ്യം പറയേണ്ടത്. പേരിനോടൊപ്പം ശ്രീ, ശ്രീമതി തുടങ്ങിയ വിശേഷണങ്ങൾ വേണ്ട.
∙ പോസ്റ്റർ തയാറാക്കുമ്പോൾ സന്ദർഭം, വിഷയം എന്നിവ ശരിയായി മനസ്സിലാക്കണം. ചിത്രങ്ങളേക്കാൾ ടെക്സ്റ്റിന് പ്രാധാന്യം നല്‍കണം. പ്രോഗ്രാമുകളെക്കുറിച്ച് അറിയിപ്പ് നൽകുന്നവ, പ്രത്യേക സന്ദേശം നല്‍കുന്നവ എന്നീ രണ്ട് വിഭാഗത്തിൽപെടുന്ന പോസ്റ്ററുകൾ സന്ദർഭത്തിനനുസരിച്ച് ചോദിക്കാറുണ്ട്. പ്രോഗ്രാമുകളെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന പോസ്റ്ററാണെങ്കിൽ പ്രോഗ്രാം, അത് നടക്കുന്ന സ്ഥലം, തീയതി, സമയം, ആരെല്ലാം പങ്കെടുക്കുന്നു എന്നീ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം. സന്ദേശം നല്‍കുന്നതരം പോസ്റ്ററുകളിൽ സന്ദേശവാക്യങ്ങൾക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.
∙ തിരക്കഥ തയാറാക്കൽ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒരു പ്രത്യേക സംഭവത്തെ (കഥയെ) ദൃശ്യവല്‍ക്കരിക്കുന്നതിനായി എഴുതിത്തയാറാക്കുന്ന ഒരു രൂപരേഖയാണ് തിരക്കഥ. തിരക്കഥ തയാറാക്കുമ്പോൾ എത്രാമത്തെ ദൃശ്യം (scene) ആണ് എന്ന രേഖപ്പെടുത്തണം. പിന്നീട് കഥ നടക്കുന്ന സ്ഥലം, സമയം എന്നിവ സൂചിപ്പിക്കണം. കഥാപാത്രങ്ങൾ, അവരുടെ പ്രായം, വേഷം, ഭാവങ്ങൾ, പ്രവൃത്തികൾ ഇവയെക്കുറിച്ചുള്ള സൂചനകളാണ് പിന്നീട് നല്‍കേണ്ടത്. കഥാപാത്രങ്ങൾ തമ്മിൽ ഉണ്ടാകാനിടയുള്ള സംഭാഷണം വേണം.
∙ ഒരു വാക്കിന് പകരം തന്നിരിക്കുന്ന മറ്റൊരു വാക്ക് ചേർത്ത് വാക്യം മാറ്റിയെഴുതൽ, നാമശബ്ദങ്ങൾ, വിശേഷണ ശബ്ദങ്ങൾ ഇവ കണ്ടെത്തി എഴുതൽ, വാക്യപിരമിഡ് നിർമിക്കൽ, വാക്യങ്ങളെ ചേരുംപടി ചേർക്കൽ, സർവനാമത്തോടൊപ്പം പ്രത്യയം ചേരുമ്പോഴുള്ള രൂപമാറ്റം തന്നിട്ട് ഏത് സർവനാമമാണ് അവിടെയുള്ളത് എന്ന് തിരിച്ചറിയൽ, വിവിധ സഹായക ക്രിയകളുടെ പ്രയോഗം, ശരിയായ/ തെറ്റായ വാക്യങ്ങളെ തിരഞ്ഞടുത്തെഴുതൽ എന്നീ ചോദ്യങ്ങൾ ഒന്ന്, രണ്ട് സ്കോറുകളുടെ ചോദ്യങ്ങളിൽ വരാം.