‘ടാബ് തന്നില്ലെങ്കിൽ ക്ലിനിക്ക് അടിച്ചു തകർക്കും’: ബാലന്റെ വിഡിയോ ഗെയിം ആസക്തി

HIGHLIGHTS
  • അവിടെ നടന്നത് അദ്ദേഹത്തെപ്പോലും പരിഭ്രാന്തിയിലാക്കിയ സംഭവമായിരുന്നു
  • ആ ഒൻപതാം ക്ലാസുകാരൻ ക്ലിനിക്കിലെ മേശയുടെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു
solution-for-video-game-addiction-social-post-by-dr-mohamed-jaseel
പ്രതീകാത്മക ചിത്രം
SHARE

കുട്ടികളിലെ അമിത മൊബൈൽ ഉപയോഗവും വിഡിയോ ഗെയിം ആസക്തിയും കൂടിവരികയാണ്. വിഡിയോ ഗെയിം അഡിക്‌ഷനെ ‘ഗെയിമിങ് ഡിസോഡർ’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ട് അധിക കാലമായിട്ടില്ല. വിഡിയോ ഗെയിം ആസക്തി  ഇനി മുതൽ രോഗങ്ങളുടെ നിരയിലാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്മാക്കുന്നത്. എന്റർടെയ്ൻമെന്റ് സോഫ്റ്റ്‌വെയർ അസോസിയേഷന്റെ കണക്കനുസരിച്ച് ലോകത്തിൽ 2.6 ബില്യൻ ആളുകളാണ് വിഡിയോ ഗെയിമിന് അടിമകൾ. ഇതിൽ കുട്ടികൾ‌ ഏറെയാണ്. കുട്ടികളിലെ ഈ വിഡിയോ ഗെയിം ആസക്തി എങ്ങനെ നിയന്ത്രിക്കാമെന്ന് പറയുകയാണ് ഡോ. മുഹമ്മദ് ജസീൽ.

വിഡിയോ ഗെയിമിന് അടിമയായ ഒരു കുട്ടിയെ തന്റെ സ‍ുഹൃത്തിന്റെ അരികിൽ കൗൺസിലിങ്ങിന് കൊണ്ടുവന്ന ഒരു സംഭവം ഡോക്ടർ വിഡിയോയിൽ പറയുന്നുണ്ട്. ആ കുട്ടിയുടെ ടാബ് വാങ്ങി മേശവലിപ്പിൽ വച്ചിട്ട്, ഇനി വരുമ്പോൾ തിരികെത്തരാം എന്ന് അവനോടു പറഞ്ഞു. പിന്നീട് അവിടെ നടന്നത് അദ്ദേഹത്തെപ്പോലും പരിഭ്രാന്തിയിലാക്കിയ സംഭവമായിരുന്നു.  ആ ഒൻപതാം ക്ലാസുകാരൻ ക്ലിനിക്കിലെ മേശയുടെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ടാബ് ഇപ്പോൾ തിരിച്ചുതന്നില്ലെങ്കിൽ ക്ലിനിക് അടിച്ച് തകർക്കുമെന്നു ഭീഷണിയായി. ആ ബാലനെ ശാന്തനാക്കാൻ അദ്ദേഹത്തിനത് തിരികെ കൊടുക്കേണ്ടിവന്നു.

ആ ടാബ് കൈയിൽനിന്നു പോയപ്പോൾ ആ ബാലനുണ്ടായ മൂ‍ഡ്സ്വിങ് ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്നതാണ്. ഇതിനെ എങ്ങനെ നേരിടാം? പബ്ജി പോലുള്ള ഗെയിമുകളിൽ അക്രമത്തെ പ്രമോട്ട് ചെയ്യുന്നുണ്ട്. പല കുട്ടികളും ഇത്തരം അക്രമവാസനയുള്ള കളികളാണ് കളിക്കുന്നത്. ഇവർ ഏതെങ്കിലും മൂലയിലിരുന്നാവും കളിക്കുന്നത്. ഭക്ഷണമില്ല, ഉറക്കമില്ല, ആരുമായും ബന്ധമില്ല, പഠനത്തിൽ താല്പര്യവുമില്ലാതെയാകും.

ഇതിന് ആദ്യമായി ചെയ്യേണ്ടത് ഗെയിമിന് ഒരു ടൈം പാറ്റേൺ കൊടുക്കുക എന്നതാണ്. അതായത്, കുട്ടികൾ ഇത് കളിക്കുന്ന സമയം പതിയെ കുറച്ചു കൊണ്ടുവരിക. ഒറ്റയടിക്ക് ഇത് നിർത്താൻ ശ്രമിക്കരുത്. അത് അവരിൽ ആത്മഹത്യാ പ്രവണത വരെയുണ്ടാക്കും. കൂടാതെ കൊല്ലാനുള്ള പ്രവണത വരെ കാണിക്കുന്ന കുട്ടികളുണ്ട്.

അവർക്കു കൂടി പ്രയോജനം ചെയ്യുന്ന മറ്റു കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാം. കിടപ്പുമുറിയോ മറ്റ് സ്വകാര്യ ഇടങ്ങളോ ഒഴിവാക്കി, പൊതുവായ ഇടങ്ങളിൽ മാത്രം കളിക്കാൻ അനുവദിക്കാം. ഹെഡ് സെറ്റ് വച്ച് കളിക്കുന്നത് ഒഴിവാക്കാം. അമ്മമാരുടെ ഫോൺ കുട്ടികളാണ് കൂടുതലായി ഉപയോഗിക്കുന്നത് ഇതിന് കർശന നിയന്ത്രണം ഏർപ്പെടുത്താം. ഉറങ്ങുന്ന സമയത്ത് ഫോൺ സ്വിച്ച്ഒാഫ് ചെയ്യാൻ മറക്കാതിരിക്കുക. കുട്ടികളെ അനാവശ്യമായി വഴക്കുപറയുന്നത് ഒഴിവാക്കി പരമാവധി അവരോട് പോസിറ്റീവായി സംസാരിക്കുക. കാരണം ഗെയിം കളിക്കുമ്പോഴും അതിൽ വിജയിക്കുമ്പോഴും അവർക്ക് ഒരു പ്രത്യേക സംതൃപ്തിയും  സന്തോഷവും ലഭിക്കുന്നു, ഇവിടെ അവരെ വഴക്കുപറയാൻ ആരും തന്നെയില്ല. അതവരെ ഇത്തരം ഗെയിമുകൾക്ക് അടിമകളാക്കുന്നു. 

പോസിറ്റീവായ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കാം. അതിലെ ഗുണങ്ങൾ പറഞ്ഞ് അവരെ അഭിനന്ദിക്കാം, മുതിർന്നവർ തമ്മിലുള്ള വഴക്കുകൾ പരമാവധി ഒഴിവാക്കാം, കുട്ടികൾക്കൊപ്പം കളികളിൽ ഏർപ്പെടാം, അവരെ  വ്യായാമം ചെയ്യിപ്പിക്കാം.. അങ്ങനെ അവർക്കൊപ്പം സമയം ചെലവിട്ടും അവരെക്കൂടി പങ്കെടുപ്പിച്ച് കാര്യങ്ങൾ ചെയ്തും ഗെയിമുകളോടുള്ള ആസക്തി മാറ്റിയെടുക്കാം. 

എന്നാൽ ഗെയിം ആസക്തി അതിരുവിടുന്നുവെങ്കിൽ വിദഗ്ധ സഹായം തേടാനും ശ്രദ്ധിക്കുക. അവിടെയും കുട്ടിയെ കുറ്റപ്പെടുത്താത്ത സമീപനമാണ് വേണ്ടത്. അതുപോലെ ഏത് ലഹരിക്ക് അടിമയാണെങ്കിലും മാതാപിതാക്കളുടെ സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെ അവരെ നമുക്ക് മാറ്റിയെടുക്കാം. 

English Summary : Solution for video game addiction social post by Dr Mohamed Jaseel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA