ADVERTISEMENT

വീട്ടിലുള്ളവരോട് സ്മാർട്ടായി പെരുമാറുകയും പുറത്തിറങ്ങി കഴിഞ്ഞാൽ മറ്റുള്ളവരോട് ഇടപെടാൻ മടിക്കുകയും  ചെയ്യുന്ന കുട്ടികൾ ഉണ്ട്. സ്കൂളിലോ കളി ഇടങ്ങളിലോ കൂട്ടുകാരെ ഉണ്ടാക്കാനും വീടിനു പുറത്തുള്ളവരോട് സംസാരിക്കാനും ഒക്കെ അവർക്ക് ബുദ്ധിമുട്ടായിരിക്കും.  മുതിർന്നു വരുന്നതനുസരിച്ച് ഈ സ്വഭാവങ്ങളിൽ മാറ്റം ഉണ്ടായേക്കാം എങ്കിലും ചില കുട്ടികൾ അന്തർമുഖരായി മാറാതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ പ്രത്യേക കരുതൽ ആവശ്യമാണ്. കുട്ടികൾക്ക് സമൂഹവുമായി ഇടപഴകാനുള്ള മടി മാറ്റിയെടുക്കുന്നതിനുള്ള അഞ്ച് വഴികൾ നോക്കാം

കണ്ണുകളിൽ നോക്കി സംസാരിക്കാൻ പഠിപ്പിക്കാം

മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ തന്നെ നോക്കി സംസാരിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. ഇത് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ക്രമേണ കുട്ടിക്ക് സഹായകരമാകും. വീട്ടിലുള്ളവരുമായി സംസാരിക്കുമ്പോൾ തന്നെ ഈ ശീലം പഠിപ്പിക്കാം. തുടക്കത്തിൽ  പാവകളുടെ കണ്ണിൽ നോക്കി കഥകൾ പറയുന്ന കളിയായി ഇത് പരിശീലിപ്പിച്ചു തുടങ്ങാവുന്നതാണ്.  മറ്റുള്ളവരെ അഭിമുഖീകരിക്കുന്നതിലുള്ള  ബുദ്ധിമുട്ട് ഒഴിവാക്കാനും ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താനും ഈ വഴി സഹായിക്കും.

വ്യത്യസ്ത വികാരങ്ങൾ മനസ്സിലാക്കാൻ പഠിപ്പിക്കുക

വീട്ടിലെ മൂന്നോ നാലോ  അംഗങ്ങളെ മാത്രം കണ്ടുപരിചയിച്ച കുട്ടികൾക്ക് എല്ലാരം മനോവികാരങ്ങളും മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. പുറത്തിറങ്ങുമ്പോൾ  മറ്റുള്ളവർ ദേഷ്യപ്പെടുന്നതോ കളിയാക്കുന്നതോ കുട്ടിക്ക് അപരിചിതമായി തോന്നുന്നതിനാലാവാം അവർ ഇടപെടാൻ മടിക്കുന്നത്.  വ്യത്യസ്ത വികാരങ്ങളെ കളികളുടെ രൂപത്തിൽ കുട്ടികൾക്ക് അവതരിപ്പിച്ചു കൊടുക്കാവുന്നതാണ്. മറ്റുള്ളവർക്ക് സന്തോഷം നൽകുന്ന തരത്തിൽ പെരുമാറണമെന്നും ഇതിനൊപ്പം അവർക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.

സംസാരിക്കുന്നത് മുഖ്യം

വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ ആശയവിനിമയം നടത്താനുള്ള പരിശീലനമാണ് ഏറ്റവും പ്രധാനം. മറ്റൊരാളെ കാണുമ്പോൾ 'ഗുഡ്മോണിങ്ങോ' 'ഗുഡ് ഈവനിങ്ങോ' പറഞ്ഞ് സംഭാഷണം ആരംഭിക്കാനും മറ്റുള്ളവർ അഭിവാദനം ചെയ്യുമ്പോൾ എങ്ങനെ മറുപടി പറയണമെന്നും എല്ലാം തുടക്കത്തിലെ പറഞ്ഞുകൊടുക്കണം. സംസാരിക്കാനുള്ള മടി മാറ്റിയെടുക്കുന്നതിന്  മുതിർന്നവരുടെ കരുതൽ ഏറെ ആവശ്യമാണ്. മറ്റുള്ളവർ സംസാരിക്കാൻ ശ്രമിക്കുമ്പോൾ 'മകൾക്ക് അല്ലെങ്കിൽ മകന് സംസാരിക്കാൻ മടിയാണ്' എന്നു പറഞ്ഞു ഒഴിയുന്നതിന് പകരം അവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാം. പൊതു ഇടങ്ങളിലായാലും കുട്ടികളുടെ ആവശ്യങ്ങളും സംശയങ്ങളും മറ്റുള്ളവരോട്  പങ്കുവയ്ക്കാൻ മടിക്കേണ്ടതില്ല എന്നവരെ മനസ്സിലാക്കണം.

കൂട്ടുകൂടാൻ ഉള്ള അവസരം ഒരുക്കാം

വീട്ടിൽ കളിക്കാൻ മറ്റുകുട്ടികൾ ഇല്ലെങ്കിൽ പുറത്തിറങ്ങുമ്പോൾ കുട്ടികൾക്ക് അപരിചിതത്വം തോന്നുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ  മറ്റു കുട്ടികളുമായും  മുതിർന്നവരുമായുമെല്ലാം ഇടപഴകാനുള്ള അവസരങ്ങൾ  ഒരുക്കാൻ ശ്രദ്ധിക്കണം. വ്യത്യസ്തരായ ആളുകളെ ചെറുപ്പത്തിലേ കണ്ടുപരിചയിച്ചാൽ സമൂഹത്തിൽ ഇടപഴകുന്നത് കുട്ടികൾക്ക് താരതമ്യേന എളുപ്പമാകും.  

വിപരീത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിപ്പിക്കാം

സ്വന്തം വീടുകൾ കുട്ടികൾക്ക് പൊതുവേ 'കംഫർട്ട് സോൺ' ആയിരിക്കും. അങ്ങനെയല്ലാത്ത സാഹചര്യങ്ങൾ നേരിടാനുള്ള വിമുഖതയാണ് പലപ്പോഴും  ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. വിപരീത സാഹചര്യങ്ങൾ  എങ്ങനെ കൈകാര്യം ചെയ്യണമെന്ന പരിശീലനം  വീട്ടിൽ നിന്നുതന്നെ കുട്ടികൾക്ക്  കൊടുത്തുതുടങ്ങാം.  ഉദാഹരണത്തിന് മറ്റു കുട്ടികളുമായി ഇടപഴകുമ്പോൾ വഴക്കുകൾ ഉണ്ടാകുന്നത് സാധാരണമാണെന്നും അവ എങ്ങനെ പരിഹരിച്ച്  കൂട്ടുകാർക്കൊപ്പം കൂടണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കാം. 

ചെറിയ ക്ലാസുകളിൽ വച്ചുതന്നെ സ്കൂളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. കൂടുതൽ ആളുകളെ കാണുമ്പോൾ കുട്ടിക്ക് ഉണ്ടാവുന്ന മാനസിക സംഘർഷം ഒഴിവാക്കാൻ  ഇത് സഹായിക്കും.

English Summary : How to develop social skills in child

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com