sections
MORE

കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കാൻ ഇതാ ചില രസികൻ കളികൾ

HIGHLIGHTS
  • മാതാപിതാക്കൾ ഒപ്പം കളിക്കാൻ കൂടിയാൽ വളരെ രസകരമാവും
  • അത്രയും സമയം കുട്ടികൾ മറ്റൊന്നിലും ശ്രദ്ധികുകയില്ല
games-to-improve-concentration-and-memory
SHARE

ഹോംവർക് ചെയ്യാനിരുത്തിയാൽ അഞ്ചു മിനിറ്റ് തികയുന്നതിനു മുൻപ് ഇറങ്ങി ഓടുന്ന കുട്ടികുറുമ്പുകാരെ കൊണ്ട് മടുക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. എന്നാൽ അവരിൽ ശ്രദ്ധയും ഏകാഗ്രതയും ഉണ്ടാക്കാൻ ദിവസവും ഒരു അഞ്ചു മിനിറ്റ് ചിലവഴിച്ചാൽ മതിയെങ്കിലോ. അതെ, കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കുന്നതിനായി നിരവധി മാർഗങ്ങൾ ഉണ്ട്. അതിൽ കുട്ടികൾക്ക് കൂടി ഏറ്റവും ഇഷ്ടപ്പെടുന്നത് മാതാപിതാക്കൾ കുട്ടികളുടെ കൂടെ നിന്ന് ചെയ്യുന്ന ഇത്തരം കാര്യങ്ങളായിരിക്കും. കുട്ടികളോടൊപ്പം കുറച്ചു നേരം കളിക്കാൻ കൂടികൊണ്ട് അവർ പോലും അറിയാതെ അവരിൽ ശ്രദ്ധയും ഏകാഗ്രതയും ഉണ്ടാക്കാൻ പറ്റിയ  ചില കളികൾ പരിചയപ്പെടാം.

കുളം കര 

ചെറിയ കുട്ടികൾ മുതൽ കളിക്കുവാൻ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ഒരു വലിയ വൃത്തം നിലത്തു വരച്ചു അതിനെ ഒരു കുളമാണെന്നും ആ വൃത്തത്തിനു പുറത്തുള്ള ഭാഗം കര ആണെന്നും കുട്ടികളോട് പറയുക. മുതിർന്നവർ കുളം എന്ന് പറഞ്ഞാൽ വൃത്തത്തിനുള്ളിലേക്ക് ചാടണമെന്നും കര എന്നു പറയുമ്പോൾ പുറത്തേക്കു ചാടണമെന്നും അവരെ ബോധ്യപ്പെടുത്തുക. കളിയുടെ രസം പിടിച്ചു നിൽക്കുന്ന കുട്ടി അറിയാതെ തന്നെ ഏകാഗ്രതയുടെ ബാലപാഠങ്ങൾ പഠിക്കുന്നത് കാണാം

ഈർക്കിൽ കളി 

കുറച്ചു പച്ചയോ ഉണങ്ങിയതോ ആയ ഈർക്കിൽ കിട്ടുമെങ്കിൽ വീട്ടിനുള്ളിൽ തന്നെ ഇരുത്തി കളിപ്പിക്കാവുന്ന ഒരു കളിയാണിത്. ഒരേ വലുപ്പത്തിൽ മുറിച്ചു വച്ചിരിക്കുന്ന ഈർക്കിൽ കഷ്ണങ്ങൾ ഒന്നിച്ചു തറയിലേക്കിട്ടു അതിൽ നിന്നും ഓരോ ഈർക്കിളുകളും പരസ്പരം തൊടാതെ ഓരോന്നായി മറ്റൊരു ഈർക്കിലിന്റെ സഹായത്തോടെ എടുത്തു മാറ്റാൻ കുട്ടികളോട് പറയാം. കുറച്ചധികം സമയം കുട്ടികളെ അടക്കിയിരുത്താനും ശ്രദ്ധ  വർധിപ്പിക്കാനും ഇതിൽപ്പരം മികച്ചൊരു കളി ഇല്ല തന്നെ.

നമ്പർ ഗെയിം 

എണ്ണാൻ പഠിച്ച കൂട്ടുകാരിൽ എണ്ണൽ സംഖ്യകളും അധിക പട്ടിക, ഗുണന പട്ടിക എന്നിവ ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യാൻ കൂടി സഹായിക്കുന്ന കളിയാണിത്. മാതാപിതാക്കൾ ഒപ്പം കളിക്കാൻ കൂടിയാൽ വളരെ രസകരമാവും ഇത്. വട്ടത്തിൽ കുട്ടികളെ നിർത്തിയതിനു ശേഷം ഒരാളുടെ വലതു കയ്പ്പത്തിയുടെ മുകളിൽ അടുത്ത ആളുടെ ഇടതു കൈപ്പത്തി വെക്കാനായി ആവശ്യപ്പെടാം. അങ്ങനെ വട്ടത്തിൽ നിൽക്കുന്ന മുഴുവൻ ആളുകളും ഒരു ശൃംഖല പോലെ കൈകൾ ചേർത്ത് വച്ചു നിക്കട്ടെ. അതിനു ശേഷം ഒരു കുട്ടികളിൽ ഒരാളോട് 1 എന്ന് എണ്ണുന്നതോടൊപ്പം അടുത്ത് നിൽക്കുന്ന ആളുടെ കയ്യിൽ അടിക്കാൻ കൂടി പറയുക. അടുത്ത ആൾ അടുത്ത അക്കം പറഞ്ഞു തൊട്ടടുത്ത ആളുടെ കയ്യിൽ അടിക്കും. 5 ന്റെ ഗുണിതങ്ങൾ വരുന്ന സമയത്ത് കയ്യിൽ അടി വാങ്ങാതെ രക്ഷപെട്ടു നിൽക്കുന്നവർ വിജയിക്കും. ഇതേ കളി തന്നെ അവരോഹണ ക്രമത്തിൽ എണ്ണാൻ ആവശ്യപ്പെട്ടാൽ കൂടുതൽ രസകരമായിരിക്കും.  എണ്ണാൻ പഠിക്കുന്നതോടൊപ്പം  അക്കങ്ങൾ ഏതൊക്കെയെന്ന് ശ്രദ്ധിച്ചു നിൽക്കുന്ന അത്രയും സമയം കുട്ടികൾ മറ്റൊന്നിലും ശ്രദ്ധികുകയില്ല. 

പന്ത് കളി 

കുട്ടികൾ ഉള്ള വീടുകളിൽ പന്തുകൾ എന്തായാലും ഉണ്ടാകുമല്ലോ. കയ്യിൽ ഒതുങ്ങുന്ന ഒരു റബ്ബർ പന്തുണ്ടെങ്കിൽ കുട്ടിക്ക് കൊടുക്കാവുന്ന മറ്റൊരു ബ്രെയിൻ എക്സർസൈസ് ആക്കാമത്. ഒരു കൈ കൊണ്ട് താഴേക്കു കുത്തിയിടുന്ന പന്ത് തിരികെ കുതിച്ചു വരുമ്പോൾ മറുകൈ കൊണ്ട് പിടിക്കാൻ ആവശ്യപ്പെടാം. വീണ്ടും  പന്തിരിക്കുന്ന കൈ കൊണ്ട് താഴേക്കു കുത്തിയിടുന്ന പന്ത് പൊങ്ങി വരുമ്പോൾ ആദ്യം പന്തിരുന്ന കൈ കൊണ്ട് പിടിക്കുക. ഇടത്, വലത് എന്നിങ്ങനെ മാറി മാറി ചെയ്യുക എന്നതാണ് കുട്ടിക്ക് കൊടുക്കേണ്ടേ ടാസ്ക്..

ഇവ കൂടാതെ സുഡോകു പരിശീലനം നടത്തുക, റുബിക്സ്ക്യൂബ് പൂർത്തിയാക്കുക, ചെസ്സ് കളിയിൽ ഏർപ്പെടുക എന്നിവ ഒക്കെ കുട്ടികളുടെ തലച്ചോറിന് കൂടുതൽ ഉണർവും ഉത്സാഹവും നൽകുന്നതിനും കൂടുതൽ ശ്രദ്ധ അല്ലെങ്കിൽ ഏകാഗ്രതയോടെയിരിക്കാൻ ഉദ്ധീപനം നൽകുക കൂടി ചെയ്യുന്നു.  ഇത്തരത്തിൽ തലച്ചോറിന് നൽകുന്ന വ്യായാമത്തോടൊപ്പം ശരീരത്തിന്റെ  ജൈവഘടികാരത്തിനു ഭംഗം ഉണ്ടാകാത്ത വിധത്തിൽ കൃത്യസമയത്ത് പോഷകസമൃദ്ധമായ ആഹാരം, വെള്ളം, ഉറക്കം എന്നിവ കൂടി നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പഠനത്തിന്റെ ഇടവേളകളിൽ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി ഭംഗികൾ ആസ്വദിക്കാൻ കൂടി  അവസരം കൊടുക്കുക. അധിക സമയം പഠനത്തിൽ ഏർപ്പെടുന്നത് കുട്ടികളിൽ ക്ഷീണം ഉണ്ടാകുന്നതിനും പഠിക്കാൻ അവർ  മടി കാണിക്കുകയും ചെയ്യും.

 English Summary : Games to improve concentration and memory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PARENTING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA