ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ  ഇംഗ്ലണ്ടിലെ ഗ്രിമ്പ്സിയിലുള്ള വെസ്റ്റേൺ പ്രൈമറി സ്കൂളിലെ അധ്യാപകനായ സെയിൻ പവ്വൽ  ഏറെ വിഷമിച്ചത് താൻ പഠിപ്പിക്കുന്ന കുട്ടികളെ ഓർത്താണ്. വേണ്ടത്ര ഭക്ഷണം ലഭിക്കാതെ അവർ ബുദ്ധിമുട്ടുമോ എന്നായിരുന്നു സെയിനിന്റെ  ചിന്ത മുഴുവൻ. എന്നാൽ അദ്ദേഹം വെറുതെ ഇരിക്കാൻ തയ്യാറായിരുന്നില്ല. വിദ്യാർഥികൾക്കായി സ്വയം പാകം ചെയ്ത ഉച്ചഭക്ഷണം അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കാണാൻ അവസരവും ആകുമല്ലോ എന്നതായിരുന്നു അത്

ദിവസവും രാവിലെ 85 പേർക്കുള്ള ഉച്ചഭക്ഷണം ആണ് സെയിൻ തനിയെ തയ്യാറാക്കിയത്.  ഭക്ഷണം നിറച്ച ബാഗുകളുമായി ദിവസവും 12 കിലോമീറ്ററുകൾ നടന്നാണ് ഓരോ കുട്ടികളുടെയും വീട്ടിൽ അദ്ദേഹം എത്തിയത്. കുട്ടികളെല്ലാവരും സുരക്ഷിതരാണോ, ആരോഗ്യവാന്മാരായി ഇരിക്കുനുണ്ടാവുമോ, ആഹാരം ലഭിക്കുന്നുണ്ടോ എന്നെല്ലാമുള്ള ആശങ്കയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു.

ദിവസവും രാവിലെ സ്കൂളിൽ എത്തിയാണ് അദ്ദേഹം ഭക്ഷണം പാകം ചെയ്തത്. ഉച്ചഭക്ഷണം തയ്യാറായി കഴിഞ്ഞാൽ രണ്ടു മണിക്കൂർ എടുത്ത് അവ വിതരണം ചെയ്യും.ലോക്ഡൗൺ കാലയളവിൽ അത്രയും ഒരു ദിവസം പോലും ഈ ജോലിയിൽ നിന്നും അദ്ദേഹം വിട്ടു നിന്നിരുന്നില്ല. ലോക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ജൂലൈ 17 വരെ സ്കൂൾ തുറന്നു പ്രവർത്തിക്കുമായിരുന്നു. അതുകൊണ്ട്  ആ ദിവസം വരെ  അദ്ദേഹം ഈ ഉദ്യമം  തുടരുകയും ചെയ്തു. ഈ കാലയളവിനുള്ളിൽ 7500 ഭക്ഷണപ്പൊതികളാണ് സെയിൻ തയ്യാറാക്കിയത്.

എന്നാൽ താൻ ചെയ്തത് തന്റെ  ജോലി മാത്രമാണ് എന്നാണ് സെയിനിന്റെ പ്രതികരണം. തന്റെ വിദ്യാർത്ഥികളെ നല്ലവരായി വളർത്തുക എന്നതും അവർക്ക് സംരക്ഷണം നൽകുക എന്നതും തന്റെ കടമയാണെന്ന് അദ്ദേഹം പറയുന്നു. വീടുകളിൽ എത്തുന്ന സമയത്ത് കുട്ടികൾക്ക് ചില ഹോംവർക്ക് നൽകാനും അദ്ദേഹം മറന്നില്ല. ഭക്ഷണം പാകം ചെയ്യുന്നതിലും ഇത്രയും ദൂരം ചുമന്ന് അവ എത്തിക്കുന്നതിലുമെല്ലാം ഉള്ള ബുദ്ധിമുട്ട് കുഞ്ഞു മുഖങ്ങളിലെ സന്തോഷം കാണുമ്പോൾ മറന്നുപോകും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2019തിൽ കുട്ടികൾക്ക് ഏറ്റവും പ്രചോദനം  നൽകുന്ന പ്രൈമറി സ്കൂൾ ടീച്ചറിനുള്ള അവാർഡ് നേടിയ വ്യക്തിയാണ് 48 കാരനായ സെയിൻ.

 English Summary : Grimsby teacher delivers 7500 lunches during during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com