ADVERTISEMENT

തന്റെ പോരായ്മകളെ കരുത്താക്കിമാറ്റിയ ആളുകളെ ലോകം അത്രപെട്ടെന്നൊന്നും മറക്കില്ല. അത് കൊണ്ടാണല്ലോ, ‘ചെലോൽലത് റെഡ്യാവും ചെലോൽലത് റെഡ്യാവില്ല, എന്റേത് റെഡ്യായില്ല, മ്മക്ക് ഒരു കൊയപ്പോം ഇല്യാ’' എന്ന് പറഞ്ഞുകൊണ്ട് തന്റെ തോൽവിയെ പോലും ആഘോഷമാക്കിയ ഫായീസ് എന്ന കൊച്ചുമിടുക്കൻ ജനങ്ങൾ ഏറ്റെടുത്തത്. സമാനമായ രീതിയിൽ തന്റെ പൊക്കമില്ലായ്മ കൊണ്ട് ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ഉത്തർപ്രദേശുകാരിയായ ജ്യോതി ആംതെ. 26  വയസുള്ള ജ്യോതിയുടെ ഉയരം രണ്ടടിയാണ്. കണ്ടാൽ ഒരു കൊച്ചുകുട്ടിയാണ് എന്ന് തോന്നുമെങ്കിലും ആൾ ഗിന്നസ് റെക്കോർഡ് വരെ കയ്യെത്തിപിടിച്ച മിടുക്കിയാണ്. 

ജനിച്ച ദിവസം മുതൽ പോരാട്ട വീര്യത്തോടെ ജീവിതം കയ്യെത്തിപ്പിടിച്ച വ്യകതിയാണ് ജ്യോതി ആംതെ. ഗർഭകാലത്ത്, ഒരിക്കൽ പോലും ജ്യോതി അമ്മയുടെ ഗർഭപാത്രത്തിൽ ഇരുന്നു അനങ്ങിയിരുന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നു 'അമ്മ ഡോക്ടറോട് പറഞ്ഞപ്പോഴും സോണോഗ്രാഫിയിൽ കുഞ്ഞിന്റെ വ്യക്തമായ രൂപം കിട്ടാതിരുന്നപ്പോഴും ജ്യോതിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്റ്റർമാർ ആശങ്കപ്പെട്ടതായിരുന്നു.  ജനന സമയത്ത് ഒന്നര കിലോയിൽ താഴെ മാത്രം തൂക്കമുണ്ടായിരുന്ന ജ്യോതി രക്ഷപ്പെടുവാൻ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.എന്നാൽ അവിടെ നിന്നും ജ്യോതി തന്റെ പോരാട്ടം ആരംഭിച്ചു. 

jyoti-amge-life-story1

പൊക്കമില്ലായയുടെ പേരിൽ പലപ്പോഴും കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി അതിനോടെല്ലാം തന്നെ വളരെ പോസിറ്റിവ് ആയ സമീപനമാണ് ജ്യോതി കാഴ്ചവച്ചിരുന്നത്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ജ്യോതി ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു ജ്യോതി. വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് മുന്നോട്ട് പോയത്. 

ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദമുള്ള ജ്യോതി, തന്റെ ഉയരമില്ലായ്‌മയെ ഒരു പോരായ്മയായിക്കണ്ട് സ്വപ്നങ്ങൾക്ക് പരിധിവച്ചില്ല. ഒരു സിനിമാതാരം ആകണം എന്നായിരുന്നു ചെറുപ്പം മുതൽക്ക് ജ്യോതിയുടെ ആഗ്രഹം. അങ്ങനെയിരിക്കെയാണ്, അഞ്ചരക്കിലോ മാത്രം ഭാരം വരുന്ന ജ്യോതിയെ തേടി ഗിന്നസ് വേൾഡ് റെക്കോർഡ് എത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത എന്ന നിലയിൽ ജ്യോതി അംഗീകരിക്കപ്പെട്ടതോടെ, ഈ മിടുക്കിയെ നാടറിഞ്ഞു. 

ഏത് കാര്യത്തിനും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന, പൂർണ ഊർജസ്വലയായ വ്യക്തിയാണ് ജ്യോതി എന്നത് തന്നെയാണ് ജ്യോതിയുടെ ഏറ്റവും വലിയ നേട്ടം. ഗിന്നസ് റെക്കോർഡിൽ വന്നതോടെ ഈജിപ്ഷ്യൻ സർക്കാരിന്റെ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി ഈജിപ്ത് സന്ദർശിക്കാനുള്ള അവസരവും ജ്യോതിയെ തേടിയെത്തി. താൻ തീരെ ചെറിയതായതിനാൽ ആളുകൾക്ക് തന്നെ കാണാൻ പലപ്പോഴും കഴിയാറില്ലെന്നും അതിനാൽ തന്നെ ചവിട്ടിമെതിക്കപ്പെടും എന്ന ഭയത്താൽ ഒറ്റക്ക് പുറത്തിറങ്ങാൻ ഒരിക്കൽ ജ്യോതി മടിച്ചിരുന്നു. എന്നാൽ അങ്ങനെ ഓടിയൊളിച്ചാൽ പരാജയവും നഷ്ടവും തനിക്ക് മാത്രമായിരിക്കും എന്നു മനസിലാക്കിയ മുതലാണ് ജ്യോതി കൂടുതൽ ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ തുടങ്ങിയത്. 

ഗിന്നസിൽ വന്നതോടെ, തനിക്ക് ഒരു നടിയാകണം എന്ന തന്റെ ആഗ്രഹം ജ്യോതി ലോകത്തോട് തുറന്നു പറഞ്ഞു. അത്തരത്തിൽ അവസരം ലഭിച്ച ജ്യോതി, അമേരിക്കൻ ഹൊറർ സ്റ്റോറീസ് എന്ന സീരിയലിലൂടെ ഇതിനോടകം തന്നെ പ്രശസ്തയാകുകയും ചെയ്തു. മാതാപിതാക്കളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവളാണ് ജ്യോതി ആംതെ. ബാക്കിയുള്ളവരെല്ലാം സാധാരണ ഉയരമുള്ളവരാണ്.

പ്രിമോർഡിയൽ ഡ്വാർഫിസം എന്ന അവസ്ഥയാണ് ജ്യോതിക്ക് . ഈ ജനിതക വൈകല്യം ഭ്രൂണത്തിന്റെ ജെസ്റ്റേഷണൽ ഘട്ടത്തിന്റെ ആദ്യ നാളുകളിലാണ് ആരംഭിക്കുക. വളരെ ഉച്ചത്തിലുള്ള ശബ്ദവും, ആനുപാതികമായ ശരീരവുമാണ് പ്രിമോർഡിയ ഡ്വാർഫ് അവസ്ഥയിലുള്ളവരുടെ ലക്ഷണങ്ങൾ. പോരായ്മകളെ ഓർത്ത് തലകുനിക്കാതെ മുന്നോട്ട് പോകാൻ കരുത്ത് പകരുകയാണ് ജ്യോതിയുടെ കഥ. ജ്യോതിയെ ഇത്തരത്തിൽ കരുത്തോടെ വളർത്തിയതിൽ മാതാപിതാക്കളും കയ്യടി അർഹിക്കുന്നു. 

കോവിഡ് കാലത്ത് ബോധവത്‌കരണ പ്രവർത്തനങ്ങളിലും ജ്യോതി മുന്‍പന്തിയിൽനിന്നു. ആളുകളോട് കഴിവതും വീടിനുള്ളിൽ തന്നെ കഴിയുവാൻ ജ്യോതി ആഹ്വാനം ചെയ്യുന്നു. ഇത്തരത്തിൽ സർക്കാരിനോട് ചേർന്ന് നിന്ന് തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുകയും ചെയ്യുന്നു ജ്യോതി ആംതെ.

English Summary : Jyoti Amge life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com