ADVERTISEMENT

അമിത വികൃതി, ശ്രദ്ധക്കുറവ്, ഒരിടത്തും അടങ്ങിയിരിക്കാത്ത അവസ്ഥ, വാശി, കടുംപിടുത്തം തുടങ്ങിയ സ്വഭാവങ്ങൾ ഓരോ കുട്ടികളിലും വ്യത്യസ്തങ്ങളായ കാലയളവുകളിൽ കണ്ടു വരുന്നു. ചില മാതാപിതാക്കൾ ഇതു കാര്യമാക്കുന്നില്ല. കുട്ടി വളരുമ്പോൾ ഇത്തരം സ്വഭാവങ്ങളും മാറുമെന്ന പ്രതീക്ഷയിൽ അവർ കാത്തിരിക്കുന്നു. ഇത്തരം പ്രവർത്തികൾ പുറമെ നിന്നും കാണുന്ന വ്യക്തികളാകട്ടെ ഇതെല്ലാം മാതാപിതാക്കളുടെ വളർത്തുദോഷം കൊണ്ടുണ്ടായ ദുർവാശികളാണെന്ന് പറയുകയും ചെയ്യുന്നു. 

എന്നാൽ ഈ ഘട്ടത്തിൽ നാം മനസിലാക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. കുട്ടികൾ കാണിക്കുന്ന കുസൃതികൾക്ക് പിന്നിൽ   ADHD  എന്ന വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്. ഇത് മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അത് ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞാൽ വലിയ വില നൽകേണ്ടതായി വരും. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ  ആക്ടിവിറ്റി ഡിസോർഡർ(Attention-deficit/hyperactivity disorder) എന്ന അവസ്ഥ ഇന്ന് കുട്ടികളിൽ സാധാരണമാണ് എന്നു വിദഗ്ദർ പറയുന്നു. 

എന്നാൽ കൃത്യമായ പരിചരണം ലഭിക്കാതെ വരുന്ന അവസ്ഥയിൽ ഇത് വിപരീത ഫലങ്ങൾ ഉണ്ടാക്കും. അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആറുമാസമെങ്കിലും ചുരുങ്ങിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലെങ്കിലും നീണ്ടുനിൽക്കുകയാണെങ്കിൽ ആ കുട്ടിക്ക്  

ADHD ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അവസ്ഥ തുടരുകയാണെങ്കിൽ കുട്ടികളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്ന ഒരു വിദഗ്ദനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്. 

മസ്തിഷ്കത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങളാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു ഭാഗങ്ങളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കുറയുകയും ചെയ്യുന്ന അവസ്ഥയിലാണ്   ADHD ഉണ്ടാകുന്നത്. കൃത്യമായ പരിചരണം നൽകിയാൽ പരിഹരിക്കാൻ കഴിയുന്ന അവസ്ഥയാണ് ഇത്. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികൾ ഭാവിയിൽ  ADHD യുടെ അടിമത്വത്തിലേക്ക് തിരിയുന്നതിനും ഇത് കാരണമാകുന്നു. 

അമിതമായ വാശി , ദേഷ്യം തുടങ്ങിയവ മൂലം   ADHD  ഉള്ള കുട്ടികൾ ഈ കാലഘട്ടത്തിൽ  ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ  അടിമത്തങ്ങളിൽ ചെന്നുചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്ക്  പോകാനും സാധ്യത കൂടുതലാണ്. ക്ലാസ്സില്‍ അടങ്ങിയിരിക്കാത്ത, കൂട്ടുകാരുടെ പുസ്തകം വലിച്ചുകീറി വികൃതി കാട്ടുന്ന, ഇടയ്ക്കിടെ ഇറങ്ങിപ്പോവുകയും ക്ലാസ്സില്‍ യാതൊന്നും ശ്രദ്ധിക്കാതിരിക്കുന്ന കുട്ടികളെ കുറുമ്പരെന്നും വാശിക്കാരെന്നും പറയുന്നതിന് മുൻപായി ഇത്തരം അവസ്ഥകൾ ഭാവിയിൽ കുട്ടികളെ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്ന് ചിന്തിക്കണം. 

ഏഴു വയസ്സിനു മുൻപു തന്നെ ഭൂരിഭാഗം കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമെങ്കിലും 12 വയസ്സുവരെ വൈകിയും ഇവ പ്രകടമാകാം. അതിവേഗത്തിൽ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുക, ക്ലാസ് നടക്കുമ്പോൾ പോലും  എഴുന്നേറ്റ് നടക്കുകയും  ഓടുകയും ചെയ്യുക, ക്ലാസിൽ ബഹളമുണ്ടാക്കിയും പാട്ടുപാടിയും ശല്യം ചെയ്യുക, ബെഞ്ചിന്റെ മുകളിൽ കയറുക, ഡെസ്കിനടിയിലേക്ക് നൂഴ്ന്നിറങ്ങുക തുടങ്ങിയവയാകും   ADHD  ഉള്ള കുട്ടികൾ സ്‌കൂളിൽ ചെയ്യുക. മാനസ്സികമായ അവഹേളനം, ഒറ്റപ്പെടൽ എന്നിവയെല്ലാം ഈ അവസ്ഥയ്ക്കുള്ള കാരണമാണ്.

 English Summary : Untreated ADHD in children and lifelong -risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com