ADVERTISEMENT

കാത്തുകാത്തിരുന്ന് ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുട്ടി ഹൈപ്പർ ആക്ടീവ് സ്വഭാവത്തിന് ഉടമയായാലോ? കാണുന്നവർക്ക് കുസൃതി, കുറുമ്പ്, വളർത്തുദോഷം എന്നിങ്ങനെ പലവിധ ന്യായീകരണങ്ങൾ നൽകാം എങ്കിലും യഥാർഥത്തിൽ ഇതൊന്നുമല്ല ഒരു ഹൈപ്പർ ആക്ടീവ് കിഡിന്റെ അവസ്ഥ.  മിക്ക കുട്ടികളിലും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡർ അഥവാ എഡിഎച്ച്ഡി   പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. 

എല്ലാ കുട്ടികളിലും പ്രായത്തിന്റേതായ പിരുപിരുപ്പും വികൃതിയും കാണും. അതുകൊണ്ട് പിരുപിരുപ്പിനെ ഒരു രോഗമായി ആരും കാണില്ല. എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് ബുദ്ധിപരമായ യാതൊരു പ്രശ്നവും കാണില്ല. സംസാരത്തിൽ കുഴപ്പം കാണില്ല. വളർച്ചാനാഴികക്കല്ലുകൾ കൃത്യമായിരിക്കും. അതുകൊണ്ടു തന്നെ സ്കൂളിൽ പോയിത്തുടങ്ങും വരെ മാതാപിതാക്കൾ ഈ പ്രശ്നത്തെക്കുറിച്ച് അറിയുകയേ ഇല്ല. അമിത വികൃതിയായോ കുട്ടിയെ വളർത്തിയതിന്റെ പ്രശ്നമായോ ഒക്കെയാണ് എഡിഎച്ച്ഡി ലക്ഷണങ്ങൾ പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്. 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രദ്ധക്കുറവും (Inattention) പിരുപിരുപ്പും (Hyperactivity) ചേരുന്നതാണ് എടുത്തുചാട്ടവും (ഇംപൽസിവിറ്റി ) ചേരുന്നതാണ് എഡിഎച്ച്ഡി. ഏഴു വയസ്സിനു മുൻപേ രോഗം കണ്ടെത്തി ചികിത്സിച്ചാൽ മികച്ച ഫലം ലഭിക്കും. പക്ഷേ,  കുട്ടി അഞ്ചു മിനിറ്റു പോലും സീറ്റിൽ ഇരിക്കുന്നില്ല. ക്ലാസ്സിലൂടെ ഒാടിച്ചാടി നടക്കുന്നു എന്ന് അധ്യാപകർ പരാതിപ്പെടുമ്പോൾ മാത്രമാണ് മാതാപിതാക്കൾ കുട്ടിയെ ഒരു ഡോക്ടറെ കാണിക്കുക. ചിലർ സ്കൂൾ മാറ്റിമാറ്റി സമയം കളയും. 

ചില കുട്ടികളിൽ  ശ്രദ്ധക്കുറവ് മാത്രമായി കാണാറുണ്ട്. അതിന് അറ്റൻഷൻ ഡെഫിസിറ്റ് ഡിസോഡർ അഥവാ ശ്രദ്ധാവൈകല്യം എന്നു പറയും. ശ്രദ്ധക്കുറവിനൊപ്പം പിരുപിരുപ്പും കൂടിയുള്ള തരം എഡിഎച്ച്ഡി ആണ് കൂടുതലും കാണുന്നത്.  

ഈ കുട്ടികൾ ടിവിയും മൊബൈലും കാണുമ്പോൾ അതിൽ മുഴുകിയിരിക്കും. അപ്പോൾ വിളിച്ചാൽ പോലും കേൾക്കില്ല. പക്ഷേ, ഹോംവർക് ചെയ്യാൻ ഇരുത്തിയാൽ പെട്ടെന്നു ശ്രദ്ധ മാറും. എപ്പോഴും കൂടെ ആളിരിക്കേണ്ടിവരും.  ബോർഡ് ഗെയിംസ് ചെയ്യാൻ തീരെ താൽപര്യം കാണില്ല. കൂട്ടംകൂടിയുള്ള കളികളിൽ പങ്കെടുത്താലും കളിയുടെ നിയമങ്ങളൊന്നും അനുസരിക്കാത്തതുകൊണ്ട് അടിപിടിയിൽ കലാശിക്കും. 

ചെറിയ ക്ലാസ്സുകളിൽ പഠനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നം കാണില്ല. പക്ഷേ, പഠനഭാരം കൂടുന്തോറും  പഠനത്തിൽ പിന്നാക്കം പോയിത്തുടങ്ങും.  ക്ലാസ്സിൽ മുഴുവൻ നേരവും ഫോക്കസ് ചെയ്യാത്തതു മൂലം നോട്ട് പൂർത്തിയാക്കുകയില്ല. ഇത്തരം കുട്ടികളിൽ എടുത്തുചാട്ടം കൂടുതലായിരിക്കും. ചോദ്യം തീരും മുൻപേ ഉത്തരം പറയുക, എന്തിനെങ്കിലും ക്യു നീൽക്കേണ്ടി വന്നാൽ അസ്വസ്ഥരാവുക എന്നിവ കാണാം.  വഴക്കും ദേഷ്യവും പിടിവാശിയും ഇടയ്ക്കു കയറി സംസാരിക്കലും ഒക്കെ ഇവരുടെ സ്വഭാവത്തിന്റെ ഭാഗമാണ്.   

 English summary : Early signs and symptoms of ADHD in toddlers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com