ADVERTISEMENT

വീട്ടിൽ എല്ലാവരുടെയും പൊന്നോമയനായി എല്ലാവിധ സ്നേഹവും ലാളനകളും അനുഭവിച്ചു സന്തോഷത്തോടെ കഴിഞ്ഞു വന്നിരുന്ന 5  വയസ്സുകാരൻ നന്ദു പെട്ടന്നാണ് വീട്ടിലെ വികൃതിയും ശല്യക്കാരനുമായി മാറിയത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വാശിയും ദേഷ്യവും. ആരും പറഞ്ഞാൽ അനുസരിക്കാത്ത അവസ്ഥ. ഏറ്റവും ഇഷ്ടമുണ്ടായിരുന്ന അമ്മൂമ്മയോട് പോലും കൂട്ട് കൂടാതെയായി. തല്ലും വഴക്കും ശകാരവും നൽകി മടുത്തപ്പോൾ മാതാപിതാക്കൾ നന്ദുവിനെ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിനെ കാണിച്ചു.

രസകരമായ കളികളിലൂടെയും മറ്റും കൂട്ട് കൂടി കാര്യം തിരക്കിയപ്പോളാണ് കുഞ്ഞു നന്ദുവിന്റെ മനസിലെ വിഷമം മാതാപിതാക്കൾ പോലും മനസിലാക്കുന്നത്. വീട്ടിൽ അടുത്തിടെയാണ് ഒരു പുതിയ അഥിതി വരുന്നത്. നന്ദുവിന്റെ കുഞ്ഞനിയൻ. ഏറെ സന്തോഷത്തോടെയാണ് നന്ദു കുഞ്ഞാവയെ വരവേറ്റത് എങ്കിലും പതിയെ പതിയെ തനിക്ക് ലഭിക്കുന്ന സ്നേഹവും ലാളനയും കുറഞ്ഞു പോകുന്നുണ്ടോ എന്നായി സംശയം. എന്നാൽ വാവയെ ഏറെ ഇഷ്ടമായിരുന്നതിനാൽ അത് ആരോടും തുറന്നു പറഞ്ഞില്ല. 

പകരം ദേഷ്യവും വാശിയും കാണിക്കാൻ തുടങ്ങി. ആരെന്ത് പറഞ്ഞാലും അത് ധിക്കരിക്കാനുള്ള പ്രവണത. കുഞ്ഞുവാവയോട് കൂടുതൽ അടുത്ത് നിൽക്കുന്നത് അച്ഛനും അമ്മയും ആയതിനാൽ ദേഷ്യം കൂടുതലും അവരോട്. അങ്ങനെ ആളൊരു വാശിക്കുടുക്കയായി. ഇതെല്ലാമാണ് നന്ദുവിന്റെ പ്രശ്‌നമെന്ന് പറഞ്ഞപ്പോൾ, എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ പശ്ചാത്തലം ഓർമ വന്ന മാതാപിതാക്കൾ ഒന്ന് ഞെട്ടി. കുഞ്ഞാവയെ നന്ദുവിന്റെ ജീവനാക്കി മാറ്റുക എന്നതായിരുന്നു ഏക പോംവഴി.

സ്നേഹിക്കാൻ പഠിപ്പിക്കുക

ഇളയ കുഞ്ഞുവരുന്നതോടെ മൂത്ത കുട്ടികൾക്ക് ഒരു അപകർഷതാബോധം വരികയെന്നത് സ്വാഭാവികമാണ്. ഈ അവസ്ഥ മറികടക്കുന്നതിനായി മാതാപിതാക്കൾ അറിഞ്ഞുകൊണ്ടു അവസരമൊരുക്കണം. അനിയൻ അല്ലെങ്കിൽ അനിയത്തി തന്റെ സ്വന്തമാണ് എന്ന തോന്നൽ കുഞ്ഞിൽ ജനിപ്പിക്കണം. കുഞ്ഞാവയുടെ ചേട്ടച്ഛനും ചേച്ചിയമ്മയുമാണ് നിങ്ങൾ എന്നും അമ്മയില്ലാത്തപ്പോൾ വാവയുടെ കാര്യങ്ങൾ നോക്കേണ്ടത് നീയാണെന്നും പഠിപ്പിക്കുക. 

കുഞ്ഞാവാക്കായി മാതാപിതാക്കൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ കുഞ്ഞു ചേട്ടനെയും ചേച്ചിയെയും കൂടെ കൂട്ടുക. വാവയുടെ വസ്ത്രം മടക്കുക, കിടക്ക വിരിക്കുക, തോട്ടിൽ ഒരുക്കുക, വാവയെ ഒരുക്കുക തുടങ്ങി വാവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുഞ്ഞു ചേട്ടന്റെയും ചേച്ചിയുടെയും അഭിപ്രായം തേടുക. അവർ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുക, ചെല്ലപ്പേര് എന്തെന്ന് തീരുമാനിക്കാനുള്ള അവസരം അവർക്ക് നൽകുക.

കുഞ്ഞാവ വന്നതോടെ നിങ്ങൾ വലിയ കുട്ടികളായി എന്നും ശ്രദ്ധ, കരുതൽ എന്നിവ ഇനിമുതൽ അനിവാര്യമാണെന്നും ധരിപ്പിക്കുക. കൂടുതൽ സമയം കുഞ്ഞുവാവക്കൊപ്പം ചെലവഴിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കി നൽകുക. രക്തം കൊണ്ട് മാത്രം സഹോദരിയും സഹോദരനുമാകുന്നതിൽ അർത്ഥമില്ല. യഥാർത്ഥ സാഹോദര്യം കൊണ്ടുവരുന്നതിനുള്ള അവസരങ്ങൾ മാതാപിതാക്കളും കുടുംബാംഗങ്ങളും ചേർന്നു സൃഷ്ടിച്ചു നൽകുക.

English Summary : Tips to deal with sibling rivalry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com