ADVERTISEMENT

അച്ഛനും അമ്മയ്ക്കും എന്നും തിരക്കാണ്. കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ സമയമില്ല.  വിശേഷങ്ങൾ പറഞ്ഞുകേൾപ്പിക്കാൻ പോലും ആളുകളില്ലാത്ത അവസ്ഥയാണ്. ഇത്തരമൊരവസ്ഥയിൽ എങ്ങനെയാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത കൈവരുക? നിരന്തന്തരം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ  കൈകാര്യം ചെയ്ത് ചൈൽഡ് സൈക്കോളജിസ്റ്റുകളും ആകെ വലഞ്ഞിരിക്കുകയാണ്. ഒന്ന് ചിന്തിച്ച് നോക്കൂ, സമയമില്ലാത്തതാണോ അതോ സമയം കണ്ടെത്താൻ കഴിയാത്തതാണോ നമ്മുടെ പ്രശ്നം? തീർച്ചയായും സമയം കണ്ടെത്താനാകാത്തത് തന്നെയാണ്. 

കുട്ടികളുടെ സ്വഭാവം വെള്ളം പോലെയാണ്. വെള്ളം ഏത് പാത്രത്തിൽ ഒഴിച്ച് വയ്ക്കുന്നുവോ അതിന്റെ ആകൃതി സ്വീകരിക്കുന്നു. അത് പോലെ തന്നെയാണ് കുട്ടികളും അവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയിരിക്കും അവരുടെ സ്വഭാവവും. എത്ര തിരക്കേറിയ ജീവിതത്തിനിടക്കും കുട്ടികൾക്കായി സ്വൽപം സമയം മാറ്റിവെക്കാൻ മാതാപിതാക്കൾക്ക് മനസ്സുണ്ടെങ്കിൽ അത് ഇരുകൂട്ടർക്കും ഒരുപോലെ ഗുണകരമായി മാറും. തിരക്കേറിയ ജീവിതത്തിനിടെ കുഞ്ഞുങ്ങൾക്കായി സമയം മാറ്റിവെക്കാൻ ഇക്കാര്യങ്ങൾ പരിഗണിക്കാം 

ഒരുമിച്ചൊരു പ്രാർത്ഥനയോടെ തുടക്കം

മെഡിറ്റേഷൻ എന്നതാണിൽ വന്ന ചിന്തകൾ പരസ്പരം പങ്കിട്ടുകൊണ്ട് ദിവസം ആരംഭിക്കാം. തുടക്കം മുതൽ മാതാപിതാക്കൾ കൂടെയുണ്ട് എന്ന തോന്നൽ നൽകാൻ ഈ പ്രാക്റ്റിസ് സഹായിക്കും. 

15  മിനിട്ട് നടത്തമാകാം 

നടത്തം ആരോഗ്യത്തിനു ഉത്തമമാണ്. അത് കുഞ്ഞുങ്ങൾക്കാണെങ്കിലും മാതാപിതാക്കൾക്കാണെങ്കിലും ശരി. അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങളുമായി ഒരു 15  മിനുട്ട് പ്രഭാതസവാരി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കൂ. കുഞ്ഞുങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതിനും മാതാപിതാക്കളുമായി കുറച്ച് നല്ല സമയം ചെലവിടുന്നതിനും ഇത് വഴിവെക്കും. മാത്രമല്ല ഇത്തരത്തിൽ പ്രഭാതസവാരി ചെയ്യുമ്പോൾ പരസ്പരം സംസാരിക്കാൻ സമയം ലഭിക്കുകയും ചെയ്യും 

കഥ പറയുന്ന രാത്രികൾ 

എത്ര വൈകിയാലും ശരി, എത്ര തിരക്കുണ്ടെങ്കിലും ശരി രാത്രികളിൽ നിശ്ചിത സമയം കുട്ടികളെ ഉറക്കാൻ കണ്ടെത്തുക. അവർക്കൊപ്പം കിടന്ന്, കഥകൾ പറയുന്നതിനും  വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനും അവസരം കണ്ടെത്തുക. ഇങ്ങനെ ചെയ്യുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ കിടക്കുമ്പോൾ വരെ മാതാപിതാക്കൾ കൂടെയുണ്ട് എന്ന തോന്നൽ കുട്ടികൾക്കുണ്ടാകും 

കളികളിൽ അൽപനേരം

എന്നും എപ്പോഴും കുട്ടികൾക്കൊപ്പം കളിയ്ക്കാൻ മാതാപിതാക്കൾക്ക് സമയം ലഭിച്ചെന്നു വരില്ല. എന്നാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അതിനുള്ള അവസരം കണ്ടെത്തണം. ഇൻഡോർ, ഔട്ട് ഡോർ ഗെയിമുകൾക്ക് കുട്ടികളുടെ ഭാഗമാകുന്നത് അവർക്ക് സന്തോഷം ഇരട്ടിപ്പിക്കും 

ഞായറാഴ്ചകളിൽ അൽപം മധുരം 

ഞായറാഴ്ചകളിൽ അൽപം മധുരം പങ്കുവയ്ക്കാനും ഔട്ടിംഗിന്‌ പോകാനും അവസരം ലഭിക്കുന്നത് ഗുണകരമായിരിക്കും. ഈ ദിവസങ്ങൾ കുട്ടികൾ എന്നും ഓർമയിൽ സൂക്ഷിക്കും. മാതാപിതാക്കളോടുള്ള അടുപ്പം കാത്ത് സൂക്ഷിക്കാൻ ഇത് സഹായകമാകും .

 English Summary :  Tips for spending quality time with child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com