ADVERTISEMENT

ആദ്യമായി അമ്മയാകുമ്പോള്‍ ഉണ്ടാകുന്ന എല്ലാ  ഉൽകണ്ഠകളും അച്ഛനകുന്നവര്‍ക്കും ഉണ്ടാകും. കുട്ടിയുടെ ജനനത്തിനു മുന്‍പേ തന്നെ അച്ഛന്മാര്‍ അറിഞ്ഞു  ചെയ്യേണ്ട ചില കടമകളും കാര്യങ്ങളുമുണ്ട്.

1. അച്ഛനായിക്കഴിഞ്ഞാല്‍ 

ഒരു കുഞ്ഞുണ്ടായി കഴിയുമ്പോള്‍ അതുവരെ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിന്നിരുന്ന മുൻഗണനകല്‍ക്കെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും. ഒരു തരത്തില്‍ ഒരേ പ്രശ്നങ്ങള്‍ തന്നെയാണ് അമ്മയ്ക്കും അച്ഛനും അഭിമുഖികരിക്കേണ്ടി വരിക. സാമ്പത്തികമായി ആണുങ്ങള്‍ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്. സന്തോഷത്തോടൊപ്പം  ഉൽകണ്ഠ കൂടുതലാകുന്ന സമയം. ഈ ഘട്ടത്തിലൂടെ തന്നെയാണ് എല്ലാ അച്ഛന്മാരും കടന്നു വന്നിട്ടുള്ളതെന്ന കാര്യം ആദ്യമേ ഉള്‍കൊള്ളണം. അങ്ങനെ ചിന്തിച്ചാല്‍ മാത്രമേ നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ.

2. ഗര്‍ഭിണിയായ ഭാര്യക്ക് എല്ലാവിധ പിന്തുണയും നല്‍കുക

ശാരീരികവും വൈകാരികവുമായ കഴിവുകള്‍ കുറഞ്ഞു വരുന്ന സമയമാണ് ഗര്‍ഭകാലം. ഭര്‍ത്താവിന്‍റെ പിന്തുന്ന എല്ലാ കാര്യങ്ങളെയും അനായാസമായി നേരിടാന്‍ ഭാര്യയെ സഹായിക്കും. വീട്ടുപണികളില്‍ ഭര്‍ത്താവിന്‍റെ സഹകരണം കൂടി ലഭിച്ചാല്‍ മാത്രമേ ഗര്‍ഭകാലത്ത് സ്ത്രീക്ക് അത്യാവശ്യം വേണ്ട വിശ്രമം എടുക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യമായി ഗർഭിണിയാകുമ്പോള്‍ വൈകാരികമായ പിരിമുറുക്കങ്ങളും സംശയങ്ങളും പേടിയുമെല്ല സ്ത്രീകളിലും കൂടുതലായിരിക്കും. ആരോഗ്യമുള്ള കുഞ്ഞിനെ എനിക്ക് കിട്ടില്ലേ? സുഖപ്രസവം ആയിരിക്കുമോ? സിസ്സേറിയന്‍ വേണ്ടിവരുമോ? പ്രസവ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ തുടങ്ങി നിരവധി കാര്യങ്ങളില്‍ മാനസിക സംഘര്‍ഷം ഉണ്ടാകുന്ന സമയത്ത് സാന്ത്വനത്തിനായി ഭര്‍ത്താവിന്‍റെ തോളില്‍ തലചായ്ക്കാനും ഒന്നുകൊണ്ടും പേടിക്കേണ്ട ഞാനില്ലേ കൂടെ എന്നുപറഞ്ഞു ധൈര്യം പകരാനും ഭര്‍ത്താവിന്‍റെ സാന്നിധ്യമാണ് അവള്‍ ആഗ്രഹിക്കുക.

3. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ കഴിവതും കൂടെ ചെല്ലാന്‍ ശ്രമിക്കുക 

ഡോക്ടറെ കാണാന്‍ പോകേണ്ട ദിവസം തിരക്കുകൾ കുറച്ചു നേരത്തേക്കെങ്കിലും മാറ്റി വെക്കാന്‍ ശ്രമിക്കുക. ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ ഭര്‍ത്താവ് കൂടി കേള്‍ക്കുകയാണെങ്കില്‍, ഡോക്ടറുടെ നിർദേശങ്ങള്‍ പാലിക്കാന്‍ ഭര്‍ത്താവിന്‍റെ ഭാഗത്തു നിന്നുള്ള സഹകരണം കൂടി സ്ത്രീക്ക് ലഭിക്കും. എല്ലാത്തിനും ഭര്‍ത്താവ് കൂടെയുണ്ടല്ലോ എന്ന സന്തോഷം അമ്മയില്‍ നിന്നും ജനിക്കാനിരിക്കുന്ന കുഞ്ഞിലേയ്ക്കും എത്തും.

4. അവള്‍ നന്നായി ഉറങ്ങിക്കോട്ടെ 

പ്രസവകാലം ഓരോ മാസങ്ങള്‍ പിന്നിടുമ്പോഴും സ്ത്രീകളില്‍ ഉറക്കക്കുറവ് ഉണ്ടാകും. വയറിനുള്ളില്‍ കുഞ്ഞു കൂടുതലായി ഇളകിക്കളിക്കുന്നത് ചിലപ്പോള്‍ രാത്രി സമയങ്ങളിലും ആകാം. ഒരു വശത്തേയ്ക്ക് ചരിഞ്ഞു കിടന്നു ഉറങ്ങണമെന്നുണ്ടെങ്കില്‍ വയറിനെ താങ്ങി നിര്‍ത്താനായി ഒരു തലയണ വച്ചു കൊടുക്കുക. പുറകുവശം  വേദനിക്കാതിരിക്കാന്‍ നട്ടെല്ലിനു സാമന്തരമായി തലയണവച്ചു കൊടുത്ത് ഒരു തൊട്ടിലില്‍ കിടന്നുറങ്ങുന്നത് പോലുള്ള സുഖം നല്‍കാനായാല്‍ സ്ത്രീകള്‍ക്ക് നന്നായി ഉറങ്ങാനും മനസ്സിനും ശരീരത്തിനും ഉറക്കത്തിലൂടെ നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യും.

5. ക്ഷമയുള്ളവനാകുക 

ഹോര്‍മോണുകളുടെ വ്യതിയാനം കൂടുതലായി നടക്കുന്നത് ഗർഭകലത്താണ്. സ്ത്രീകള്‍ പെട്ടെന്ന് ദേഷ്യത്തോടെ സംസാരിക്കുകയോ, മടി പിടിച്ചിരിക്കുകയോ, ഭര്‍ത്താവിന്‍റെ ഗന്ധത്തോട് പോലും അറപ്പ് കാണിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായേക്കാം. അതെല്ലാം ഗര്‍ഭകാല ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി സംഭവിക്കുന്നതാണ്. പ്രസവം കഴിഞ്ഞാല്‍ എല്ലാം സാധാരണ നിലയില്‍ ആയിക്കോളുമെന്ന് മനസ്സിലാക്കി ക്ഷമാപൂര്‍വ്വവും സ്നേഹത്തോടെയും പെരുമാറാനാണ് ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടത്.

6. ആരോഗ്യമുള്ള അച്ഛനെയാണ് കുഞ്ഞിനു ആവശ്യം

പുകവലിക്കുന്ന അച്ഛനില്‍ നിന്നും ആ പുക അമ്മയുടെ ശ്വസനത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് എത്തും. പുകവലി നിങ്ങളുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാനെന്നിരിക്കെ അതെത്ര മാത്രം ദോഷമായിരിക്കും കുഞ്ഞില്‍ ഉണ്ടാക്കുകയെന്ന് പറയേണ്ടതില്ലല്ലോ. അതോടൊപ്പം മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവുമെല്ലാം നിയന്ത്രിക്കുകയും ദിവസേനയുള്ള ശരീര വ്യയാമത്തിലൂടെ നല്ല ആരോഗ്യം കാത്ത് സൂക്ഷിക്കാനും ശ്രദ്ധിച്ചാല്‍ നല്ലൊരു ആരോഗ്യമുള്ള അച്ഛനെ ആയിരിക്കും നിങ്ങളുടെ കുഞ്ഞിനു ലഭിക്കുക.

7. ഭാര്യ സുന്ദരിയാണെന്ന് തന്നെ പറയുക

കേള്‍ക്കുമ്പോള്‍ തമാശയായി തള്ളി കളയണ്ട. കാരണമെന്തെന്നാല്‍, ഗര്‍ഭകാലത്ത് സ്ത്രീകള്‍ നന്നായി തടിക്കുകയും കൈയും കാലുമൊക്കെ ചിലപ്പോള്‍ നീര് വെയ്ക്കുകയും ഒക്കെ ചെയ്യും. തന്‍റെ സൗന്ദര്യമൊക്കെ പോയല്ലോ എന്നോര്‍ത്ത് മാനസികമായി വിഷമിക്കുന്ന സ്ത്രീകളുമുണ്ട്. മുലയൂട്ടല്‍ കാലഘട്ടത്തില്‍ സ്തനഭംഗി നഷ്ടപ്പെടുമെന്ന് കരുതി ആശങ്കപ്പെടുന്നവരുമുണ്ട്. എന്നാല്‍ അതെല്ലാം പിന്നീട് നല്ല വ്യയമാങ്ങളിലൂടെ വീണ്ടെടുക്കാന്‍ പറ്റുമെന്നും, നിന്റെ ഈ സൗന്ദര്യം എനിക്കിഷ്ടമാണ് എന്നുമൊക്കെ പറഞ്ഞു സ്ത്രീകളെ സമാധാനിപ്പിച്ചാല്‍ അതവര്‍ക്ക് നല്ല സന്തോഷമായിരിക്കും നല്‍കുക. അമ്മ സന്തോഷത്തോടെ ഇരുന്നാലെ ഗര്‍ഭസ്ഥ ശിശുവും ആരോഗ്യത്തോടെയിരിക്കൂ.

8. രാവിലത്തെ അസ്വസ്ഥതകള്‍ സാധാരണം മാത്രം

ഗര്‍ഭിണിയായി ആദ്യത്തെ 12 മുതല്‍ 14 ആഴ്ചകള്‍ വരെ സ്ത്രീകള്‍ക്ക് തലചുറ്റല്‍, മനം പിരട്ടല്‍, ഛർദി തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ചിലരില്‍ ഇതൊക്കെ പ്രസവം കഴിയുന്നത് വരെ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇതിന്‍റെ പേരില്‍ മിക്കവാറും ഡോക്ടറെ കാണേണ്ടി വരുന്നവരുണ്ട്. ക്ഷീണത്തിന് ആശുപത്രിയില്‍ പോയി കുപ്പി കണക്കിന് ഗ്ലുക്കോസ് കയറ്റേണ്ടി വരുന്നവരുമുണ്ട്. ഇതിനൊക്കെ ഭാര്യയെ കുറ്റപ്പെടുത്താതെ വേണ്ട പരിഹാരങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ഭര്‍ത്താവ് ചെയ്യേണ്ടത്.

9. കുഞ്ഞിന്‍റെ വരവിന് മുന്‍പായി

പ്രസവത്തീയതിക്ക് ഒരാഴ്ചയെങ്കിലും മുന്‍പായി ലീവ് എടുക്കേണ്ട തീയതികളെ മുന്‍കൂട്ടി കണ്ടുകൊണ്ട് നിങ്ങളുടേതായ ഔദ്യോഗിക തിരക്കുകള്‍ ചെയ്തു തീര്‍ക്കുക. ആശുപത്രി ആവശ്യങ്ങൾക്കുള്ള പണം കരുതി വെക്കുക. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആകുന്നതിനു മുന്‍പായി അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍, വെള്ളത്തുണികള്‍, നാപ്കിനുകള്‍, ബ്രഷ്,സോപ്പ്, ഫ്ലാസ്ക്, ചാര്‍ജര്‍, പാത്രം, ഗ്ലാസ്‌ തുടങ്ങിയവയെല്ലാം ഒരു ബാഗില്‍ ഒരുക്കി വെക്കുക. നേരത്തെ വേദന അനുഭവപ്പെട്ടാല്‍ വെപ്രാളത്തോടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആവശ്യ സാധനങ്ങള്‍ എടുത്തു വെക്കാന്‍ കഴിഞ്ഞെന്നു വരില്ല.

10. നല്ല ശിശുരോഗ വിദഗ്ധനെ കണ്ടു വെയ്ക്കുക

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നിർദേശങ്ങള്‍ പ്രകാരമുള്ള നല്ല ശിശുരോഗ വിദഗ്ദനെ കൂടി മനസ്സിലാക്കി വെയ്ക്കുന്നത് നല്ലതാണ്. പ്രസവം നടക്കുന്ന ആശുപത്രിയില്‍ തന്നെ ഉള്ള ഡോക്ടര്‍ തൃപ്തമാണെങ്കില്‍ അതാകും നല്ലത്. ചിലപ്പോഴെങ്കിലും അമ്മയുക്കും കുഞ്ഞിനും ഭാവിയില്‍ ഒരേ സമയം ചികിത്സ ആവശ്യമായി വന്നാല്‍ അത് കാര്യങ്ങളെ എളുപ്പമാക്കും.

പ്രസവ വേദന എപ്പോള്‍ വേണമെങ്കിലും വരാം. അതിനു മുന്‍‌കൂര്‍ ലഭിച്ച തീയതിയുമായി ചിലപ്പോള്‍ ഒരു ബന്ധവും ഉണ്ടാകില്ല. സ്ത്രീ അതുവരേക്കും അനുഭവിച്ച വേദനകളില്‍ നിന്നും തീവ്രമായ ആ അനുഭവത്തെ നേരിടുന്ന സമയത്ത് തികഞ്ഞ മാനസിക സംയമനത്തോടെ മാത്രം ഭാര്യയോട് പെരുമാറുക. ശസ്ത്രക്കിയക്ക് വിധേയരകുന്നവരില്‍ പ്രസവ  ശേഷമായിരിക്കും മുറിവിന്‍റെ വേദനകള്‍ ഉണ്ടാവുക. എല്ലാ ഒരുക്കങ്ങലോടെയും ഇനി കുഞ്ഞിനായി കാത്തിരിക്കാം.

 English Summary : Ten things every new dad should know about fatherhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com